...
Home News Kerala കടലാക്രമണങ്ങളെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് കേരളാ സര്‍ക്കാര്‍

കടലാക്രമണങ്ങളെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് കേരളാ സര്‍ക്കാര്‍

ഇതുവരെ കടൽക്ഷോഭം, ചുഴലിക്കാറ്റ് തുടങ്ങിയ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന കടലാക്രമണങ്ങൾ മാത്രമാണ് സവിശേഷ ദുരന്തമായി കണക്കാക്കിയിരുന്നത്.

261

വേലിയേറ്റവും വേലിയിറക്കവും നടക്കുന്ന സമയങ്ങളിൽ ഉണ്ടാകുന്ന കടലാക്രമണങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. വേലിയേറ്റ രേഖ മറികടന്ന് തിരമാലകൾ കരയിലേക്ക് കയറിയോ, അതിനെ തുടർന്ന് ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിലൂടെയോ ജീവനും സ്വത്തിനും ജീവനോപാധികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സംഭവിക്കുന്ന നാശനഷ്ടങ്ങളെയാണ് സവിശേഷ ദുരന്തമായി സർക്കാർ അംഗീകരിച്ചത്.

ഇതുവരെ കടൽക്ഷോഭം, ചുഴലിക്കാറ്റ് തുടങ്ങിയ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന കടലാക്രമണങ്ങൾ മാത്രമാണ് സവിശേഷ ദുരന്തമായി കണക്കാക്കിയിരുന്നത്. മറ്റ് കടലാക്രമണങ്ങൾ പ്രകൃതി ക്ഷോഭത്തിന്റെ വിഭാഗത്തിൽപ്പെടുത്തി ചെറിയ തോതിലുള്ള സഹായം മാത്രമാണ് നഷ്ടപരിഹാരമായി നൽകിയിരുന്നത്.

കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് നാലുലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകിയിരുന്നുവെങ്കിലും, അത് മന്ത്രിസഭയുടെ പ്രത്യേക തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പുതിയ സർക്കാർ ഉത്തരവോടെ, കടലിൽ നിന്ന് കരയിലേക്ക് കടന്നുകയറുന്ന തിരമാലകളോ അതുമൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കമോ വഴി ജീവനും സ്വത്തിനും ജീവനോപാധികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ഇനി മുതൽ നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സഹായം അനുവദിക്കാൻ കഴിയും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.