നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ അംഗീകരിച്ചു കൊണ്ട് പോരായ്‌മകൾ തിരുത്തുമെന്ന് സിപിഐ എം. തിങ്കളാഴ്‌ച വൈകുന്നേരം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദീകരണം നൽകിയിരിക്കുന്നത്. കേരള നിയമസഭയിൽ ബിജെപിക്ക് മൂന്ന് സീറ്റുകൾ ലഭിച്ചത് അതീവ ഗൗരവമുള്ള കാര്യമാണെന്നും പ്രസ്‌താവനയിൽ പറയുന്നു.
നീതി ആയോഗിൻ്റെ കണക്കിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയിൽ കേരളം വളർന്നുവെന്നും ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിരുന്നുവെന്നും സിപിഐഎമ്മിൻ്റ പ്രസ്‌താവനയിൽ പറയുന്നു.
ആഗോള വൽക്കരണ നയങ്ങൾ അതേപോലെ നടപ്പിലാക്കി തകർന്നുകിടന്ന കേരളത്തെ അതിദാരിദ്ര്യം പരിഹരിച്ചു കൊണ്ട് മുന്നോട്ടുപോകുന്ന സംസ്ഥാനമായി മാറ്റാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. കേരളത്തിൻ്റ വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പിലാക്കുന്നതിനും സർക്കാരിന് കഴിഞ്ഞു. ഇതിൻ്റെ ഫലമായി കേരളത്തിൻ്റെ സമസ്‌ത മേഖലയിലും വലിയ പുരോഗതി ആർജ്ജിക്കാനായി.
കാർഷിക- വ്യാവസായിക മേഖലകൾ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയായി. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിട രംഗം, ശുചിത്വം തുടങ്ങിയ മേഖലയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിന് ആകമാനം മാതൃകയായി.
രാജ്യത്ത് ആകമാനം ന്യൂനപക്ഷങ്ങളും, ജനാധിപത്യ വാദികളും ആക്രമിക്കപ്പെട്ടപ്പോൾ അതിൽ നിന്നും വ്യത്യസ്‌തമായി മതസൗഹാർദത്തിൻ്റെ നാടായി കേരളത്തെ മാറ്റാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. നീതി ആയോഗിൻ്റെ കണക്കിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയിൽ കേരളം വളർന്നു.
മതരാഷ്‌ട്ര രൂപീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടികൾക്ക് എതിരായുള്ള പോരാട്ടത്തിലും, ഫെഡറലിസം സംരക്ഷിക്കാനുള്ള സമരത്തിലും ശക്തമായ നിലപാടുകൾ സ്വീകരിച്ചു. ജനകീയ പോരാട്ടത്തിന് ഒപ്പം കോടതികളിലും അത്തരം സമരങ്ങൾ തുടർന്നു. ഇത് രാജ്യത്താകമാനമുള്ള ജനകീയ രാഷ്‌ട്രീയത്തിന് കരുത്ത് പകരുകയും ചെയ്‌തു.
കേരളത്തെ ഇത്തരത്തിൽ മുന്നോട്ട് നയിക്കുകയും, രാജ്യത്തെ ജനകീയ പോരാട്ടങ്ങൾക്ക് കരുത്ത് പകരുകയും ചെയ്‌ത എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായത്. ഉയർന്നുവരുന്ന വിമർശനങ്ങളേയും, പോരായ്‌മകളേയും പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആവിഷ്‌ക്കരിക്കും.
കേരള നിയമസഭയിൽ ബിജെപിക്ക് 3 സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഈ 3 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് എതിരെ പൊരുതി നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽഡിഎഫ് ആണ്. ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്ത് ആയിരുന്നുവെന്ന് ഓർക്കണം. മതസൗഹാർദത്തിന് പേര് കേട്ട കേരളത്തിൻ്റെ മണ്ണിൽ വർഗ്ഗീയ രാഷ്‌ട്രീയത്തിന് എതിരെ കൂടുതൽ ശക്തമായി മുന്നോട്ടു പോകേണ്ടതിൻ്റെ പ്രാധാന്യം ഇത് ഓർമ്മിപ്പിക്കുന്നുണ്ട്.
മാറി മാറി ഭരണത്തിൽ വരികയെന്ന കേരളത്തിലെ പതിവ് രീതിയെ മാറ്റിമറിച്ചു കൊണ്ടാണ് കഴിഞ്ഞ 10 വർഷക്കാലം എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് ഭരണത്തിലിരുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങളെല്ലാം ഈ കാലയളവിൽ പൂർത്തീകരിക്കാനും, പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയുടെ ഘട്ടങ്ങളിലുമെല്ലാം ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിരുന്നു.
എൽഡിഎഫിന് വോട്ട് ചെയ്‌ത മുഴുവൻ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. കേരളം നേടിയ നേട്ടങ്ങൾ സംരക്ഷിക്കാനും, ജനകീയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും പാർടി പ്രതിജ്ഞാബദ്ധമാണെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.



