Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
തലച്ചോറ് പറഞ്ഞു ‘അതേ ഞാനാണ് കൊന്നത്’; ഒൻപതര വർഷത്തെ ദുരൂഹത ചുരുളഴിച്ച ആദ്യ ബ്രെയിൻ മാപ്പിങ് വിജയവുമായി കേരള പോലീസ് | Nalamidam
1 November 2026
Home News Kerala തലച്ചോറ് പറഞ്ഞു ‘അതേ ഞാനാണ് കൊന്നത്’; ഒൻപതര വർഷത്തെ ദുരൂഹത ചുരുളഴിച്ച ആദ്യ ബ്രെയിൻ മാപ്പിങ്...

തലച്ചോറ് പറഞ്ഞു ‘അതേ ഞാനാണ് കൊന്നത്’; ഒൻപതര വർഷത്തെ ദുരൂഹത ചുരുളഴിച്ച ആദ്യ ബ്രെയിൻ മാപ്പിങ് വിജയവുമായി കേരള പോലീസ്

ബെംഗളൂരു നിംഹാൻസിലെ മുൻ ന്യൂറോ സൈക്കോളജിസ്റ്റായ പ്രൊഫ. സി.ആർ. മുകുന്ദൻ വികസിപ്പിച്ചെടുത്ത ഈ ബ്രെയിൻ മാപ്പിങ് സാങ്കേതികവിദ്യയ്ക്ക് 95 ശതമാനം കൃത്യതയാണുള്ളത്.

237

കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ ദുരൂഹമരണത്തിൽ ഒൻപതര വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ഒന്നാം പ്രതിയും കാര്യസ്ഥനുമായ രവീന്ദ്രൻ നായരെ തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിൽ യാതൊരുവിധ ഉറച്ച തെളിവുകളും ലഭിക്കാതിരുന്ന സാഹചര്യത്തിൽ, ബെംഗളൂരുവിലെ കേന്ദ്രത്തിലെത്തിച്ച് നടപ്പാക്കിയ ‘ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ്’ എന്ന ബ്രെയിൻ മാപ്പിങ് പരിശോധനയാണ് പ്രതിയെ കുടുക്കാൻ വഴിയൊരുക്കിയത്. കേരള പോലീസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ബ്രെയിൻ മാപ്പിങ്ങിലൂടെ ഒരു കൊലപാതകക്കേസിലെ പ്രതിയെ പൂർണ്ണമായി കുടുക്കുന്നത്.

സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റൻഡ് കമ്മീഷണർ എം.ഐ. ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയായ രവീന്ദ്രൻ നായരെ ബെംഗളൂരുവിലെത്തിച്ച് ഈ പരിശോധനയ്ക്ക് വിധേയനാക്കിയത്. മരുന്നുകളോ മയക്കുമരുന്നുകളോ ഉപയോഗിക്കാതെ, പ്രതി എഴുതിനൽകുന്ന സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധന നടത്തുന്നത്. തലയോട്ടിയിൽ 30 ഇലക്ട്രോഡുകൾ അടങ്ങിയ ക്യാപ്പ് ധരിപ്പിച്ച് ചോദിക്കുന്ന ചോദ്യങ്ങളോട് പ്രതിയുടെ തലച്ചോറ് പുറപ്പെടുവിക്കുന്ന വ്യത്യസ്ത ഫ്രീക്വൻസിയിലുള്ള തരംഗങ്ങളെ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിലൂടെ വിശകലനം ചെയ്യുകയാണ് ഇതിൽ ചെയ്യുന്നത്. പരിശോധനാ റിപ്പോർട്ടിൽ ജയമാധവന്റെ കൊലപാതകത്തിൽ രവീന്ദ്രൻ നായർക്ക് നേരിട്ട് അനുഭവാധിഷ്ഠിത പങ്കുണ്ടെന്ന് (‘എക്സ്പീരിയൻഷ്യൽ നോളജ്’) വ്യക്തമായി സ്ഥിരീകരിച്ചിട്ടുണ്ട്.

പരിശോധനയുടെ ഭാഗമായി നൂറിലധികം ചോദ്യങ്ങളാണ് പ്രതിയോട് ഉന്നയിച്ചത്. ജയമാധവൻ നായർ മരിക്കുമ്പോൾ അടുത്തുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ‘അതേ, അവിടെയുണ്ടായിരുന്നു’ എന്ന് രവീന്ദ്രന്റെ മസ്തിഷ്കത്തിലെ തരംഗങ്ങൾ ഉത്തരമേകി. രക്തം പുരണ്ട കിടക്കവിരിയും തലയണയും നശിപ്പിച്ച കാര്യവും മസ്തിഷ്കം സമ്മതിച്ചതോടെ, പ്രതി മുൻപ് നൽകിയ മൊഴികളെല്ലാം പൂർണ്ണമായും വ്യാജമാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. ഇതോടെയാണ് പ്രതിയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് മുൻ കാര്യസ്ഥൻ സഹദേവൻ, അദ്ദേഹത്തിന്റെ മരുമകൻ സെന്തിൽ എന്നിവരെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുണ്ടായി. ജയമാധവൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് തന്റെ ഓട്ടോറിക്ഷയിലാണെന്ന് കള്ളമൊഴി നൽകാൻ സെന്തിൽ അഞ്ചുലക്ഷം രൂപ വാഗ്ദാനം നൽകിയെന്ന് അയൽവാസിയായ സുമേഷ് എന്ന ഓട്ടോറിക്ഷാ ഡ്രൈവർ മൊഴി നൽകിയിരുന്നു. എന്നാൽ രണ്ടാം പ്രതി അനിലിന്റെ കാറിൽ മൂന്നാം പ്രതിയായ സജുവാണ് ജയമാധവനെ ആശുപത്രിയിൽ എത്തിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തറവാട്ടിലെ വീട്ടുജോലിക്കാരിയായ ലീലയും കേസിൽ നിലവിൽ സംശയനിഴലിലാണ്. ജയമാധവൻ നായർ മരിച്ച ഉടൻ തന്നെ രക്തം പുരണ്ട ബെഡ്ഷീറ്റും തലയണയും ഇവരാണ് കത്തിച്ചുകളഞ്ഞതെന്ന് പോലീസ് സംശയിക്കുന്നു. കേസിൽ ഒന്നാം പ്രതിയായ രവീന്ദ്രൻ നായരെ കസ്റ്റഡിയെടുത്ത് കൂടുതൽ ചോദ്യം ചെയ്താലേ ഇവരുടെയൊക്കെ പങ്ക് കൂടുതൽ വ്യക്തമാകുകയുള്ളൂ. അതോടൊപ്പം, നിലവിൽ അബുദാബിയിലുള്ള മൂന്നാം പ്രതിയും കാർ ഡ്രൈവറുമായ സജുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരു നിംഹാൻസിലെ മുൻ ന്യൂറോ സൈക്കോളജിസ്റ്റായ പ്രൊഫ. സി.ആർ. മുകുന്ദൻ വികസിപ്പിച്ചെടുത്ത ഈ ബ്രെയിൻ മാപ്പിങ് സാങ്കേതികവിദ്യയ്ക്ക് 95 ശതമാനം കൃത്യതയാണുള്ളത്. മുൻപ് ജസ്ന തിരോധാനക്കേസിൽ സി.ബി.ഐയും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ബ്രെയിൻ മാപ്പിങ് പരിശോധനാ ഫലം മാത്രം അന്തിമ തെളിവായി സ്വീകരിക്കരുതെന്ന മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ വിധി ഉയർത്തിക്കാട്ടി കോടതിയിൽ പ്രതിഭാഗം ഇതിനെ പ്രതിരോധിക്കാൻ സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.