ത്വരിതഗതിയിൽ നഗരവൽക്കരിക്കുന്ന സംസ്ഥാനമായ കേരളത്തിൻ്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണയിക്കാൻ സർക്കാർ സമഗ്ര നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നയത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി. രണ്ട് വർഷം നീണ്ട പഠനവും ദേശീയ– അന്തർദേശീയ വിദഗ്ധരുമായി നടത്തിയ ആലോചനകളും അടിസ്ഥാനമാക്കിയുള്ള ഈ നയം, 2050-ഓടെ 80 ശതമാനം നഗരവൽക്കരണം ലക്ഷ്യമിടുന്ന കേരളത്തിൻ്റെ ഭാവി വികസനത്തിന് മാർഗ രേഖയാകുമെന്ന് സർക്കാർ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, വികേന്ദ്രീകൃത നഗരവികസനം, സാമ്പത്തിക വളർച്ച എന്നിവയെ ഏകോപിപ്പിച്ചുള്ള സമഗ്ര സമീപനമാണ് നയത്തിൻ്റെ പ്രത്യേകത.
രണ്ടു വർഷം നീണ്ടു നിന്ന തുടർച്ചയായ പ്രവർത്തനങ്ങളുടെ ഒടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നയം തയ്യാറാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023-24 ലെ സംസ്ഥാന ബജറ്റിലാണ് സർക്കാർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്. ഈ റിപ്പോര്‍ട്ട് വിപുലമായി ചർച്ച ചെയ്യുന്നതിന് സെപ്റ്റംബർ മാസം കൊച്ചിയിൽ ഒരു ആഗോള സമ്മേളനം നടത്തുകയുണ്ടായി. ദേശീയ- അന്തർദേശീയ തലത്തിൽ നിന്നും മന്ത്രിമാരും, മേയർമാരും, ജനപ്രതിനിധികളും, വിദഗ്‌ദരും പങ്കെടുത്ത സമ്മേളനം നഗരവൽക്കരണം സംബന്ധിച്ച വിശദമായ ചർച്ചകൾ നടത്തുകയുണ്ടായി. പുതിയതായി ഉയർന്നു വന്ന നിർദേശങ്ങൾ കൂടി ഉൾകൊള്ളിച്ചു കൊണ്ടാണ് സർക്കാർ ഇപ്പോൾ നഗര നയം തയ്യാറാക്കിയിട്ടുള്ളത്.
മലനാടിനും തീരദേശത്തിനും ഇടയിൽ അതീവ ജനസാന്ദ്രതയുള്ള മേഖലകളിൽ വികേന്ദ്രീകൃതമായി നഗര വികസനം പടർന്നു നടക്കുന്ന ഒരു സാഹചര്യമാണ് ഉരുത്തിരിയുന്നത്. കാലാവസ്ഥാ വ്യതിയാനം കൂടെ സംഭവിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങളിലടക്കം നടക്കുന്ന നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിനുളള അടിസ്ഥാന രേഖയായിരിക്കും സർക്കാർ തയ്യാറാക്കായിട്ടുള്ള നഗര നയം. നഗരവൽക്കരണത്തെ കേരളത്തിൻ്റെ സാമ്പത്തിക വളർച്ചക്ക് ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സമീപനവും സാധ്യതകളും ഇത് മുന്നോട്ട് വെക്കുന്നു.
സംസ്ഥാനത്തിൻ്റെ വികേന്ദ്രീകൃത ഭരണത്തിൻ്റെയും പങ്കാളിത്ത ആസൂത്രണത്തിൻ്റെയും പാരമ്പര്യം പിൻപറ്റി ശാസ്ത്രീയ ആസൂത്രണവും സത്ഭരണവും ഉറപ്പുവരുത്തി കൊണ്ട് ക്ലൈമറ്റ്- സ്‌മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടർ ശൃംഖലയാണ് 2050 -ലെ കേരളം സംബന്ധിച്ചു നഗരനയം വിഭാവനം ചെയ്യുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും നഗരവൽക്കരണം സൃഷ്‌ടിക്കുന്ന സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാവുകയും ചെയ്യുന്ന ഒരു മാതൃകയാണ് കേരളം സൃഷ്‌ടിക്കാൻ ഉദേശിക്കുന്നത്. ഉയർന്ന നിലവാരമുള്ള നഗര സൌകര്യങ്ങൾ സൃഷ്‌ടിക്കുന്നതോടൊപ്പം സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങൾ കുറക്കുകയും സാമൂഹിക പിന്തുണാ സംവിധാനങ്ങൾ ഉറപ്പ് വരുത്തുന്നതുമാണ് കേരളത്തിൻ്റെ നഗരനയം.
നിയമങ്ങളിലും സംവിധാനങ്ങളിലും വരുത്തുന്ന പരിഷ്‌കാരങ്ങൾ, കാര്യശേഷീ വികസനവും ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തലും, ജനകേന്ദ്രീകൃതമായ സേവനവും പദ്ധതികളും, അടിസ്ഥാന സൌകര്യ വികസനം, സ്ഥലപരവും തന്ത്രപരവുമായ ആസൂത്രണം എന്നീ വിഷയ മേഖലകളായാണ് നയം തയ്യാറാക്കിയിട്ടുള്ളത്.



