...
Home News Kerala ‘കേരള സ്‌റ്റോറി 2’; റിലീസിന് താൽക്കാലിക വിലക്ക്, ഹർജിക്കാരുടെ വാദം സത്യസന്ധമെന്ന് ഹൈക്കോടതി

‘കേരള സ്‌റ്റോറി 2’; റിലീസിന് താൽക്കാലിക വിലക്ക്, ഹർജിക്കാരുടെ വാദം സത്യസന്ധമെന്ന് ഹൈക്കോടതി

കേരളത്തിന് മാത്രമായി ഒരു അഭിമാനബോധമില്ല, രാജ്യത്തിൻ്റെതാണ് അഭിമാന ബോധമെന്ന് നിർമ്മാതാക്കൾ

243

പ്രദർശന അനുമതി ചോദ്യം ചെയ്‌തുള്ള ഹർജികളിൽ വാദം തീരും വരെ കേരള സ്റ്റോറി 2ൻ്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടി’ൻ്റെ പ്രദർശനാനുമതി റദ്ദാക്കണമെന്ന ആവശ്യത്തിൽ വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് റിലീസിന് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്.

സമയ പരിമിതിമൂലം ചിത്രം സിംഗിൾ ബെഞ്ച് കാണില്ല. കേരള സ്റ്റോറിയുടെ ടീസറിൻ്റെ പരിഭാഷ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജികളിൽ ഹൈക്കോടതി വ്യാഴാഴ്‌ചയും വാദം കേൾക്കും. ഹർജിക്കാരുടെ ആവശ്യം സത്യസന്ധമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഹർജിക്കാരുടെ വാദങ്ങളെ നിർമ്മാതാക്കൾ അപ്രസക്തമാക്കരുതെന്ന് പറഞ്ഞു.

നഷ്‌ടം സംഭവിച്ചതിന് ശേഷമല്ല സിനിമ പുനപരിശോധിക്കേണ്ടത് എന്നും സെൻസർ ബോർഡിനെതിരെ ഹൈക്കോടതി വിമർശനമുയർത്തി. ടീസർ ഇൻ്റെർനെറ്റിൽ പ്രസിദ്ധീകരിച്ചാൽ ഒന്നും ചെയ്യാനില്ലെന്നും പരാതിക്കാർ മറ്റ് മാർഗ്ഗങ്ങൾ തേടണമെന്നുമായിരുന്നു ഹൈക്കോടതിയിൽ സെൻസർ ബോർഡിൻ്റെ വാദം. സിനിമ പ്രദർശനത്തിന് എത്തിയ ശേഷം പുനപരിശോധിക്കാമെന്ന് സെൻസർ ബോർഡ് ഹൈക്കോടതിൽ മറുപടി നൽകി.

റിലീസിന് മുമ്പ് കോടതിക്ക് കാണുന്നതിന് സിനിമ പ്രദർശിപ്പിക്കാൻ തയ്യാറല്ലെന്നാണ് നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്‌സ്‌ നൽകിയ സത്യവാങ്മൂലം. സെൻസർ ബോർഡാണ് സിനിമ കാണേണ്ടത് എന്നാണ് നിർമാതാക്കൾ പറയുന്നത്. കേരളത്തിന് മാത്രമായി ഒരു അഭിമാനബോധമില്ല, രാജ്യത്തിൻ്റെതാണ് അഭിമാന ബോധമെന്ന് നിർമ്മാതാക്കൾ വാദത്തിനിടെ നിലപാടെടുത്തു.

വസ്‌തുതാ വിരുദ്ധമായ ഉള്ളടക്കത്തിൻ്റെയും വിദ്വേഷ പ്രചാരണം ലക്ഷ്യം വെച്ചുള്ള പ്രമേയത്തിൻ്റെയും പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ട ചിത്രമാണ് 2024ൽ പുറത്തിറങ്ങിയ കേരള സ്റ്റോറി. സിനിമയുടെ രണ്ടാം ഭാഗമാണ് ഇപ്പോൾ റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. കേരള സ്റ്റോറി 2വിൻ്റെ ട്രെയിലറിലെ ഒരു രംഗമാണ് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചത്.

ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിം കഥാപാത്രങ്ങളെ ആണ് ട്രെയിലറിൽ കാണിക്കുന്നത്. ഇന്ത്യ വൈകാതെ ഇസ്ലാമിക് സ്റ്റേറ്റായി മാറുമെന്നാണ് ടീസറിൽ ഉണ്ടായിരുന്നത്. സിനിമയ്ക്ക് എതിരെ യുവജന പ്രസ്ഥാനങ്ങളും സർക്കാരും പ്രതിപക്ഷവും തുടങ്ങി മലയാളികളെല്ലാം മുന്നോട്ടു വന്നിട്ടുണ്ട്. രാജ്യത്തിൻ്റെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിന്നും ചിത്രത്തിനെതിരെ വിമർശനം ശക്തമാകുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.