...
Home News Kerala കേന്ദ്ര ലേബർകോഡ് കേരളം ഉടൻ നടപ്പാക്കില്ല

കേന്ദ്ര ലേബർകോഡ് കേരളം ഉടൻ നടപ്പാക്കില്ല

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് മാത്രമേ കേരള സർക്കാർ ഏതൊരു തീരുമാനവും കൈക്കൊള്ളുകയുള്ളൂ എന്ന് വീണ്ടും ഉറപ്പു നൽകുന്നു.

179

കേന്ദ്ര ലേബർകോഡ് കേരളം ഉടൻ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇതിൻ്റെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ യൂണിയൻ പ്രതിനിധികളുടെ യോഗം ഇന്ന് ചേരും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് മാത്രമേ കേരള സർക്കാർ ഏതൊരു തീരുമാനവും കൈക്കൊള്ളുകയുള്ളൂവെന്ന് മന്ത്രി ഉറപ്പ് നൽകി.

ലേബർ കോഡുമായി ബന്ധപ്പെട്ട് ഡിസംബർ 19ന് തിരുവനന്തപുരത്ത് ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ 29 തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ച് കൊണ്ടുവന്ന നാല് ലേബർ കോഡുകൾ (വേതന കോഡ്, വ്യവസായ ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷ-ആരോഗ്യം കോഡ് എന്നിവ) 2025 നവംബർ 21 മുതൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 2019-ൽ കേന്ദ്രം ഈ പരിഷ്‌കരണങ്ങൾ തുടങ്ങിയപ്പോൾ മുതൽ 2020-ൽ ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നു.

ഇതിൻ്റെ ഭാഗമായി അന്ന് കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയും അഭിപ്രായങ്ങൾ തേടുകയും ചെയ്‌തിരുന്നു. എന്നാൽ, ഏകപക്ഷീയമായി ഇത് നടപ്പിലാക്കാൻ കേരളം തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് 2022 ജൂലൈ 2-ന് തിരുവനന്തപുരത്ത് ട്രേഡ് യൂണിയൻ പ്രതിനിധികൾ, മാനേജ്‌മെൻ്റ് പ്രതിനിധികൾ, നിയമ വിദഗ്‌ധർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിപുലമായ ഒരു ശിൽപശാല സംഘടിപ്പിച്ചിരുന്നു.

അന്ന് തൊഴിലാളി യൂണിയനുകൾ ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധതയ്ക്കെതിരെ നിശിതമായ വിമർശനം ഉന്നയിച്ചു. ആ വികാരം മാനിച്ചുകൊണ്ട്, സംസ്ഥാനം തുടർനടപടികൾ സ്വീകരിക്കേണ്ടതില്ല എന്ന് തൊഴിൽ മന്ത്രി എന്ന നിലയിൽ താൻ അന്ന് നിർദേശം നൽകി. കഴിഞ്ഞ മൂന്നു വർഷമായി ഈ വിഷയത്തിൽ സംസ്ഥാനം ഒരു തുടർനടപടിയും സ്വീകരിച്ചിട്ടില്ല എന്നത് ഉറച്ച നിലപാടിൻ്റെ തെളിവാണ്.

കഴിഞ്ഞ നവംബർ 11, 12 തീയതികളിൽ ഡൽഹിയിൽ നടന്ന സംസ്ഥാന തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ ഞാൻ നേരിട്ട് പങ്കെടുത്തിരുന്നു.അവിടെ വെച്ച് ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി കേരളത്തിൻ്റെ ശക്തമായ വിയോജിപ്പ് കേന്ദ്ര തൊഴിൽ മന്ത്രിയെ അറിയിച്ചിട്ടുള്ളതാണ്.

പ്രസ്‌തുത യോഗത്തിൽ കേരളം ഉന്നയിച്ച ആശങ്കകളെ കുറിച്ച് കേന്ദ്രതോഴിൽ മന്ത്രി മറുപടി പറഞ്ഞു. കേരളം ഉന്നയിച്ച പ്രകാരം ട്രേഡ് യൂണിയനുകളുടെ ആശങ്ക പരിഹരിക്കാൻ അടുത്ത ദിവസം തന്നെ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചിരുന്നു. എന്നാൽ അത് നടപ്പിലാക്കാതെയാണ് പൊടുന്നനെ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

കൂടാതെ, ഈ വിഷയത്തിൽ ദേശീയതലത്തിൽ ശ്രദ്ധ ക്ഷണിക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു ‘ദേശീയ ലേബർ കോൺക്ലേവ്’ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളെയും നിയമ വിദഗ്‌ധരെയും ഇതിൽ പങ്കെടുപ്പിക്കും. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെയും ഈ കോൺക്ലേവിലേക്ക് ക്ഷണിക്കും.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് മാത്രമേ കേരള സർക്കാർ ഏതൊരു തീരുമാനവും കൈക്കൊള്ളുകയുള്ളൂ എന്ന് വീണ്ടും ഉറപ്പു നൽകുന്നു. കേരളം ഒഴികെ ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ലേബർ കോഡുകൾ സംബന്ധിച്ച ചട്ടങ്ങൾ തയ്യാറാക്കി കേന്ദ്രത്തിന് നൽകിയിട്ടുണ്ട് എന്ന കാര്യം കൂടി ഞാൻ ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.