...
Home News National എയർ ഇന്ത്യ സ്ഫോടനത്തിന് പിന്നിൽ ഖാലിസ്ഥാനികൾ; 41 വർഷങ്ങൾക്ക് ശേഷം കാനഡ സത്യം പറയുന്നു

എയർ ഇന്ത്യ സ്ഫോടനത്തിന് പിന്നിൽ ഖാലിസ്ഥാനികൾ; 41 വർഷങ്ങൾക്ക് ശേഷം കാനഡ സത്യം പറയുന്നു

കനിഷ്ക ദുരന്തത്തിൽ ഖാലിസ്ഥാൻ തീവ്രവാദ സംഘടനകളുടെ പങ്ക് ഇത്ര വ്യക്തമായി സിഎസ്ഐഎസ് രേഖപ്പെടുത്തുന്നത് ആദ്യമായാണെന്നാണ് കാനഡൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2

ഒട്ടേറെ വർഷങ്ങളായി ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച എയർ ഇന്ത്യ കനിഷ്ക വിമാന ബോംബാക്രമണ കേസിൽ നിർണായക വെളിപ്പെടുത്തലുമായി കാനഡയുടെ സുരക്ഷാ ചാര ഏജൻസി. 1985 ജൂൺ 23-ന് നടന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 182 (കനിഷ്ക) ബോംബാക്രമണത്തിന് പിന്നിൽ കാനഡയിൽ പ്രവർത്തിച്ചിരുന്ന ഖാലിസ്ഥാൻ തീവ്രവാദികളാണെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ഔദ്യോഗികമായി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ നടന്ന സമീപകാല കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ പരാമർശം പുറത്തുവന്നത്. കനിഷ്ക ദുരന്തത്തിൽ ഖാലിസ്ഥാൻ തീവ്രവാദ സംഘടനകളുടെ പങ്ക് ഇത്ര വ്യക്തമായി സിഎസ്ഐഎസ് രേഖപ്പെടുത്തുന്നത് ആദ്യമായാണെന്നാണ് കാനഡൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കാനഡ സർക്കാർ അടുത്തകാലത്ത് ചില നിർണായക നടപടികൾ സ്വീകരിച്ചുവരുന്നത്. ഖാലിസ്ഥാനി തീവ്രവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുന്നതിനുമായി പുതിയ നിയമപരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.

ഇതിനിടെ, കനേഡിയൻ പാർലമെന്റ് പാസാക്കിയ ‘കോംബാറ്റിംഗ് ഹേറ്റ് ആക്റ്റ്’ (ബിൽ സി-9) ഖാലിസ്ഥാൻ അനുകൂല സംഘടനകൾക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളുണ്ട്. നിയമം പ്രാബല്യത്തിൽ വന്നാൽ വിദ്വേഷ പ്രസംഗങ്ങൾ, ഭീഷണി മുഴക്കൽ, മതസ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാനാകും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തിയ പ്രതിഷേധങ്ങളും തീവ്രവാദ നേതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച പ്രകടനങ്ങളും ഇന്ത്യയുടെ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഈ വിഷയങ്ങൾ ഇന്ത്യ പലതവണ കാനഡയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയും കാനഡയും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുന്നത് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന ഖാലിസ്ഥാൻ ശൃംഖലകൾക്ക് മേൽ സമ്മർദം വർധിപ്പിക്കുന്നതായി ഇന്ത്യൻ സുരക്ഷാ വൃത്തങ്ങൾ വിലയിരുത്തുന്നു. ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രവർത്തനങ്ങളിൽ സമീപകാലത്ത് കുറവ് വന്നിട്ടുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

അതേസമയം, വർധിച്ചുവരുന്ന സുരക്ഷാ സമ്മർദത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദ സംഘടനകൾ പുതിയ ഗൂഢാലോചനകൾക്ക് മുതിർന്നേക്കാമെന്ന ആശങ്കയും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പങ്കുവയ്ക്കുന്നു. പഞ്ചാബ് ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വൻ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും സുരക്ഷാ ഏജൻസികൾ നൽകിയതായി റിപ്പോർട്ടുകളുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.