| ശരണ്യ എം ചാരു
മരണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് കൈക്കൂലി കൊടുത്ത വ്യക്തി മുഖ്യമന്ത്രിക്കയച്ച പരാതി വായിച്ചു. റിപ്പോർട്ടർ ചാനൽ ഇന്ന് പുറത്തു വിട്ട ഓഡിയോയും മുഴുവൻ കേട്ടു. പരാതിയിൽ പറയുന്നത് 6 ആം തീയതി കൈക്കൂലി കൊടുത്തു എന്നാണെങ്കിൽ കൈക്കൂലി ആണോ ഇനി എഡിഎം ഉദ്ദേശിക്കുന്നത് എന്ന് സംശയിച്ചു കൊണ്ട് സുഹൃത്തിനോട് സംസാരിക്കുന്ന ഫോണ് സംഭാഷണം 7 ആം തീയതിയിലെ ആണെന്നാണ് വിവരം. ആ ഓഡിയോ 7 ആം തീയതിലെ തന്നെയാണെന്ന് ഓഫീഷ്യലി തെളിയിക്കപ്പെടുക എന്നത് പ്രയാസമുള്ള കാര്യമല്ല എന്നിരിക്കെ, പരാതിയിൽ പറയുന്ന 6 ആം തീയതി കൈക്കൂലി കൊടുത്തു എന്ന പ്രശാന്തിന്റെ വാദം അവിടെ പൊളിയുന്നു എന്ന് സാരം.
6 മാസം നടത്തിച്ചതിന്റെ പ്രതികരമെന്നോളം 8 ആം തീയതി എൻഒസി കിട്ടിയ ശേഷം ഇയാളെ ഒന്ന് കുടുക്കി കളയാം എന്നോർത്തു കൊണ്ട് പ്രശാന്ത് നൽകിയ പരാതിയാകണം 10 തീയതിയിട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആ പരാതി ഒരു തട്ടിക്കൂട്ട് പരാതി ആണോ എന്നും, ആരെങ്കിലും അവരെ കൊണ്ട് ചെയ്യിപ്പിച്ചതാണോ എന്നും മാത്രം അന്വേഷിച്ചാൽ മതി ഈ കേസ് തെളിയാൻ. അതിപ്പോ കൈക്കൂലി വാങ്ങിക്കുന്നത് പോലെ തന്നെ കുറ്റകരമാണ് കൊടുക്കുന്നതും എന്നിരിക്കെ അയാൾ ഈ കേസിൽ എന്തായാലും കുറ്റക്കാരനാണല്ലോ, അപ്പൊ ആ വഴിക്കൊന്ന് സമഗ്രമായി അന്വേഷിച്ചാൽ തന്നെ നെല്ലും പതിരും തെളിയും.
പ്രശാന്ത് വിവിധ ചാനലുകൾക്ക് നൽകിയ പ്രതികരണങ്ങൾ ശ്രദ്ദിച്ചു കാണുകയായിരുന്നു. കൈകൂലി കൊടുത്തു എന്ന് പ്രശാന്ത് അതിലെല്ലാം സമ്മതിക്കുന്നുണ്ട്. ഇതേ പ്രശാന്ത് തന്നെ പറയുന്നു കാശ് കൊടുത്തതിന് തൻ്റെ കയ്യിൽ തെളിവുകൾ ഒന്നും തന്നെയില്ല എന്ന്. റിപ്പോർട്ടർ പുറത്തുവിട്ട 7 ആം തീയതിയിലെ ഫോണ് സംഭാഷണം പ്രസക്തമാകുന്നത് ഇവിടെയാണ്. 6 ആം തീയതി കാശ് കൊടുത്തെന്ന് പരാതിയിൽ പറയുകയും 7 ആം തീയതി ഫോണിൽ സംസാരിക്കുകയും ചെയ്യുന്നത് തമ്മിലൊരു ബന്ധവുമില്ല. നിർഭാഗ്യവശാൽ കൈക്കൂലി വാങ്ങിച്ചോ ഇല്ലയോ എന്ന് തെളിയിക്കേണ്ട മനുഷ്യൻ ഇപ്പോൾ ജീവനോടെ ഇല്ല താനും.
ഇനി ഇന്നലെ പ്രശാന്തിനെ കുറിച്ചു പുറത്തു വന്ന വർത്തകളിലേക്ക് വരാം, പാർട്ടി മെമ്പറും എകെജി സെന്ററിൽ പോലും സ്വാധീനമുള്ള ആളും പിപി ദിവ്യ തന്നെ പറഞ്ഞ പോലെ ദിവ്യയെ നിരന്തരം ഈ ആവശ്യം പറഞ്ഞു സമീപിച്ചിരുന്ന ആളും ആണ് പ്രശാന്ത്. അതായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാര പരിധിയിൽ വരാത്ത ഒരാവശ്യമായിരുന്നിട്ട് പോലും അയാൾ അവരെ ആ കാര്യത്തിന് വേണ്ടി നിരന്തരം സമീപിച്ചിരുന്നു എന്നും ദിവ്യ നവീനിനോട് പ്രശാന്തിന്റെ ഫയലിന്റെ കാര്യം പറഞ്ഞിരുന്നു എന്നും വ്യക്തം. അതിന് ദിവ്യ യാത്രയയപ്പ് പാർട്ടിയിൽ സംസാരിച്ച വീഡിയോ തന്നെയാണ് തെളിവ്.
നോക്കൂ, പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയ്ക്ക് പ്രശാന്തിനോട് മാന്യമായി കാര്യം പറയാം, എന്റെ വകുപ്പല്ല, ഉദ്യോഗസ്ഥർ ആണ് തീരുമാനിക്കേണ്ടത് നിയമപരമായി നീങ്ങൂ എന്ന്. അതിവിടെ ഉണ്ടായിട്ടേ ഇല്ല. മറ്റൊന്ന് നോക്കൂ, രാഷ്ട്രീയ സ്വാധീനമുള്ള, പാർട്ടി തലത്തിൽ പിടിപാടുള്ള, ബന്ധങ്ങൾ ഉള്ള ഒരാൾ എന്തിനായിരിക്കും കൈകൂലി നൽകി കൊണ്ട് ( അതിനിപ്പോഴും തെളിവില്ല) പെട്രോൾ പമ്പിന്റെ അനുമതി വാങ്ങിച്ചെടുത്തിരിക്കുക. നേരായ വഴിക്ക് നീങ്ങാം എന്നല്ലേ ആദ്യം ആലോചിക്കുക.
ഇതൊക്കെ പോട്ടെ, പ്രശാന്ത് നിരന്തരം ഈ ആവശ്യം പറഞ്ഞു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സമീപിച്ചിരുന്നൊരാൾ ആണെന്ന കാര്യത്തിൽ ദിവ്യയ്ക്ക് പോലും എതിർപ്പില്ലല്ലോ, അപ്പോൾ നവീൻ കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ എന്തുകൊണ്ട് പ്രശാന്ത് അത് ദിവ്യയെയോ ഇതേ പാർട്ടിയിലെ അയാൾക്ക് സ്വാധീനമുള്ള ആളുകളെയോ അറിയിച്ചില്ല? വിജിലൻസിൽ അറിച്ചില്ല?
ഒരു ലക്ഷം ചോദിച്ചു, തൊണ്ണൂറ്റി എട്ടായിരത്തി അഞ്ഞൂറ് രൂപ നൽകി എന്നാണല്ലോ പരാതിയിൽ പറയുന്നത്, ഒരു പതിനായിരം രൂപയും കൊണ്ട് വിജിലൻസിന്റെ സഹായത്തോടെ ഈ പറയുന്ന വീട്ടിൽ പോകാൻ എന്തായിരുന്നു ഇവർക്കൊക്കെ പ്രയാസം? കൈക്കൂലി നൽകിയതായി പ്രശാന്ത് പറയുന്ന പണം നവീൻ തൂങ്ങി ആടിയ സർക്കാർ കോട്ടേഴ്‌സിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടില്ല എന്നതും ഈ കേസിൽ പ്രധാനമാണ്. 8 ആം തീയതി തെളിവില്ലാതെ കൈമാറിയെന്ന് പറയപ്പെടുന്ന ആ പണം പിന്നെ എവിടെ പോയി? അയാളുടെ പേരിലോ, കുടുംബത്തിൽ ആരുടെ എങ്കിലും പേരിലോ ബാങ്കിൽ നിക്ഷേപിച്ചോ, അത് കണ്ടെത്താൻ ഇന്നാട്ടിലെ അന്വേഷണ ഏജൻസികൾക്ക് സാധിക്കില്ലേ?
ഇപ്പോഴും പറയുന്നു, നവീൻ കൈക്കൂലികാരൻ ആണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. അല്ലെന്നോ ആണെന്നോ പറയാൻ ആക്ഷേപം ഉന്നയിച്ച ദിവ്യയുടെ കയ്യിൽ പോലും നിലവിൽ തെളിവില്ല. ഉള്ളത് ഒരു പരാതിയും, പരാതിക്കാരൻ പ്രശാന്ത് തന്നെ പണം കൊടുത്തതിന് തെളിവില്ലെന്ന് പറയുന്ന പ്രതികരണങ്ങളും നിലവിൽ പുറത്തു വന്ന ഓഡിയോയും മാത്രമാണ്. ഇതിലൊന്നും തന്നെ കാശ് ചോദിക്കുന്നതിനോ, കൊടുത്തതിനോ തെളിവില്ല.
ഇനി നവീൻ കൈകൂലി ആവശ്യപ്പെട്ടു എന്ന് തന്നെയിരിക്കട്ടെ, വിജിലൻസിന്റെ സഹായത്തോടെ നിയമപരമായി നേരിട്ട്, ശിക്ഷ വാങ്ങികൊടുക്കുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ചെയ്തിരുന്നെങ്കിൽ എത്ര മാതൃകാപരമായിരിക്കും ആ നടപടി. അല്ലെങ്കിൽ നോക്കൂ, മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും സ്വാധീനമുള്ള, എൻട്രിയുള്ള ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് പിപി ദിവ്യ എന്നിരിക്കെ, വേറെന്തൊക്കെ വഴിയുണ്ടായിരുന്നു ദിവ്യയ്ക്ക് ചെയ്യാൻ. അത് നടത്താമായിരുന്നില്ലേ. അതായിരുന്നില്ലേ ഔദ്യോഗികമായ സ്ഥാനത്തിരിക്കുന്നൊരാൾ എന്ന നിലയിൽ അവർ ചെയ്യേണ്ടിയിരുന്നത്. അതിന് പകരം അവരെന്താണ് ചെയ്തത്. വിജിലൻസ് അന്വേഷണം നടത്തേണ്ട ഒരു പരാതി നിലനിൽക്കെ, മാധ്യമങ്ങളെ കൂടെ കൂട്ടി, വിളിക്കാത്ത ചടങ്ങിലേക്ക് കയറി പോയി പരസ്യമായി ഒരാളെ അപമാനിച്ചു സംസാരിച്ചിറങ്ങി പോയി.
ഞാനോ നിങ്ങളോ ഏതെങ്കിലുമൊരു സാധാരണ പൗരനോ പറയുന്നത് പോലെയാണോ ഔദ്യോഗിക ചുമതലയിൽ ഇരിക്കുന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിക്കേണ്ടത്. ദിവ്യയുടെ പ്രതികരണത്തിലെ കളിയാക്കൽ, ദാർഷ്യം എത്രമാത്രമായിരുന്നു എന്നതിന് ആ വീഡിയോ തന്നെയാണ് തെളിവ്. കേസ് അന്വേഷണം നടന്നിട്ടോ, തെറ്റ് തെളിഞ്ഞ ശേഷമോ, ശിക്ഷാർഹമായ കുറ്റമാണെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടോ ആണെങ്കിൽ പിന്നേയും ന്യായീകരിക്കാം. അല്ലാത്ത പക്ഷം ഇതിനെ എന്ത് പറഞ്ഞാണ് അനുകൂലിക്കുന്നത്.
നവീൻ തെറ്റുകരൻ ആണെങ്കിൽ ചെയ്ത തെറ്റിന് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അയാളും അർഹിക്കുന്നുണ്ട്. ഒരു തർക്കവും ആ കാര്യത്തിലില്ല. അത് പക്ഷെ മരണമല്ലെന്നുറപ്പാണ്. ഇനി, അയാൾ തെറ്റുകാരൻ അല്ലെന്നിരിക്കട്ടെ, അയാളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി കൊണ്ടും ശിക്ഷിച്ചു കൊണ്ടും നിയമം അനുശാസിക്കുന്ന പരമാവധി നീതിയും അയാളും കുടുംബവും അർഹിക്കുന്നുണ്ട്.
എന്തായാലും കേരളത്തിന്റെ റവന്യു വകുപ്പ് മന്ത്രി പറഞ്ഞത് നവീൻ ഏറ്റവും മികച്ച ഉദ്യോഗസ്ഥരിൽ ഒരാൾ ആണെന്നും അയാളുടെ ആത്മഹത്യ റവന്യു കുടുംബത്തിന് തന്നെ വലിയ നഷ്ടമാണെന്നുമാണ്. നവീനിന്റെ വീട്ടുകാരും നാട്ടുകാരും പരിചയക്കാരും പാർട്ടിക്കാരും പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം പോലും പറയുന്നത് ഇതേ കാര്യമാണ്. കണ്ണൂർ ജില്ലാ സെക്രട്ടറി ഇറക്കിയ വാർത്ത കുറിപ്പിലും പറയുന്നത് ദിവ്യ സദുദ്ദേശത്തോടെ ആണെങ്കിൽ പോലും പരസ്യമായി അത്തരത്തിലൊരു പ്രതികരണം നടത്തേണ്ടിയിരുന്നില്ല എന്ന് തന്നെ.
ശൈലജ ടീച്ചർ, ശ്രീമതി ടീച്ചർ, മന്ത്രി വീണ, സ്പീക്കർ ഷംഷീർ തുടങ്ങി സർക്കാർ തലത്തിൽ എല്ലാർക്കും നവീനിനെ കുറിച്ചിതുതന്നെയാണ് അഭിപ്രായം. പിപി ദിവ്യയ്ക്കും അവരെ അനുകൂലിക്കുന്നവർക്കും പക്ഷെ ഈ വിഷയത്തിൽ ഇന്നും എതിരഭിപ്രായമാണ്. ആ വിയോജിപ്പിനെ അംഗീകരിക്കുകയും ശെരി വയ്ക്കുകയും ചെയ്താൽ പോലും ഈ രീതിയാണോ അവിടെ വേണ്ടിയിരുന്നത് എന്ന ചോദ്യം ബാക്കിയാണ്.
ഇനി, ഇങ്ങനെ ഒന്നും അല്ലാത്ത വിധമൊന്ന് തിരിച്ചു ചിന്തിച്ചു നോക്കൂ, അയാൾ കൈക്കൂലിക്കാരനായൊരു ഉദ്യോഗസ്ഥൻ അല്ലെന്നിരിക്കട്ടെ, പത്തു മുപ്പത്തഞ്ചു വർഷത്തെ സർവ്വീസ് ഉള്ള, ഇത്രയും വർഷമുള്ള സർവീസ് റെക്കോഡിൽ ഒരു സ്ഥലത്തും കൈക്കൂലി ആരോപണം കേട്ടിട്ടില്ലാത്ത കേൾപ്പിച്ചിട്ടില്ലാത്ത ഒരാൾ എന്ന നിലയിൽ, വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പരസ്യമായി അപമാനിതനായി ആത്മഹത്യ ചെയ്യേണ്ടി വന്ന, ഇത്രേം വർഷം ഒരു ചീത്തപ്പേര് പോലും കേൾപ്പിക്കാതെ ജോലി ചെയ്ത ആ മനുഷ്യനോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരത അല്ലേ ഇപ്പൊ നടക്കുന്ന കൈക്കൊലിക്കാരൻ എന്ന ചർച്ച. അതിന് ആര് സമാധാനം പറയും? അയാൾക്കും ആ കുടുംബത്തിനും ഉണ്ടായ മാനനഷ്ടത്തിന്റെ ഉത്തരവാദിത്വം ആരെറ്റെടുക്കും?
സർക്കാർ ഉദ്യോഗസ്ഥരെല്ലാം നല്ലവരാണെന്ന അഭിപ്രായമൊന്നും വ്യക്തിപരമായി എനിക്കില്ല, ഒരുപാട് മോശം അനുഭവങ്ങൾ നേരിട്ടിട്ടുമുണ്ട്. പക്ഷെ ഈ കേസിൽ കാസർഗോഡും കണ്ണൂരും പത്തനംതിട്ടയിലും നവീനിനൊപ്പം ജോലി ചെയ്ത പലരോടും സംസാരിച്ചപ്പോൾ ഒരാൾ പോലും നവീൻ കൈക്കൂലിക്കാരൻ ആണെന്ന് പറഞ്ഞിട്ടില്ല. അപ്പൊ നിങ്ങൾ പറയും മരണപ്പെട്ട ഒരു മനുഷ്യനെ കുറിച്ചാരെങ്കിലും മോശം പറയുമോ എന്ന്, അങ്ങനെയല്ല, ഓപ്പൺ ആയിട്ട് സംസാരിക്കുന്ന ആളുകളോട് വ്യക്തിപരമായ അടുപ്പം വച്ചു തന്നെയാണ് അന്വേഷിച്ചത്. ആർക്കും നവീനിനെ കുറിച്ച് എതിരഭിപ്രായമില്ല.
തോക്ക് കൊണ്ട് മാത്രമല്ല, വാക്ക് കൊണ്ടും കൊല നടത്താമെന്ന് തന്നെയാണ് ഞാൻ ഇതിൽ നിന്നും മനസ്സിലാക്കിയത്. ഇപ്പോഴും നിങ്ങളൊക്കെ ചേർന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് നവീൻ കൈക്കൂലിക്കാരൻ ആണെന്നാണെങ്കിൽ പരോക്ഷമായി പറഞ്ഞു വരുന്നത്, ഇന്നാട്ടിൽ കൈക്കൂലി കൊടുത്താൽ മാത്രമേ ഒരു പാർട്ടിക്കാരന് പോലും എന്തെങ്കിലും ബിസിനസ് തുടങ്ങാൻ അനുമതി ലഭിക്കൂ എന്ന് കൂടിയാണ്. ഇവിടത്തെ സർക്കാർ അത്രമാത്രം പരാജയമാണെന്ന് കൂടിയാണ്.
മരണപ്പെട്ട നവീൻ ബാബുവിന് ആദരാഞ്ജലികൾ. പെട്രോൾ പമ്പിന്റെ ഉടമസ്ഥതയെ ചുറ്റിപറ്റി ഉയർന്നുവരുന്ന പുതിയ ആക്ഷേപങ്ങളിലും ചർച്ചകളിലുമെല്ലാം സമഗ്രമായ അന്വേഷണം നടത്തികൊണ്ട്, കൈക്കൂലി കേസിലെ കള്ളവും സത്യവും എത്രയും വേഗം പുറത്തു വരട്ടെ. നവീനിന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും ബന്ധുകൾക്കും നീതി കിട്ടും വരെ പോരാടാൻ സാധിക്കട്ടെ, ഈ വിഷമഘട്ടത്തെ എത്രയും വേഗത്തിൽ അതിജീവിക്കാൻ കഴിയട്ടെ.



