...
Home News Kerala കെപിസിസി അധ്യക്ഷ സ്ഥാനം; ‘എനിക്ക് യോഗ്യതയുണ്ട്’, നിലപാട് ആവർത്തിച്ച് കൊടിക്കുന്നിൽ സുരേഷ്

കെപിസിസി അധ്യക്ഷ സ്ഥാനം; ‘എനിക്ക് യോഗ്യതയുണ്ട്’, നിലപാട് ആവർത്തിച്ച് കൊടിക്കുന്നിൽ സുരേഷ്

അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുന്നതോടെ മാത്രമേ കോൺഗ്രസിലെ അനിശ്ചിതത്വത്തിന് വിരാമമാകൂ

209

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമാകുന്നതിനിടെ, പദവിയിലേക്ക് എത്താൻ തനിക്ക് യോഗ്യതയുണ്ടെന്ന് ആവർത്തിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി അധ്യക്ഷനായി തന്നെ പരിഗണിക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു. എംപി, കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി, പാർലമെന്ററി പാർട്ടി സെക്രട്ടറി, ചീഫ് വിപ്പ് തുടങ്ങിയ നിലകളിൽ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിച്ചിട്ടുണ്ട്. തന്റെ പ്രവർത്തനത്തിൽ സോണിയ ഗാന്ധിക്കോ രാഹുൽ ഗാന്ധിക്കോ പാർലമെന്റിലെ കോൺഗ്രസ് എംപിമാർക്കോ പരാതികളില്ലെന്നും അവരുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

എട്ടുതവണ ലോക്സഭയിലെത്തിയത് ജനപിന്തുണയിലൂടെ

എട്ടുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ജനങ്ങളുമായുള്ള അടുത്ത ബന്ധവും ജനസ്വീകാര്യതയും കഠിനാധ്വാനവും കൊണ്ടാണെന്ന് കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.

കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ, കെ-റെയിൽ വിരുദ്ധ സമരം, കശുവണ്ടി തൊഴിലാളികളുടെ അവകാശങ്ങൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷനെ തീരുമാനിക്കുമ്പോൾ സാമുദായിക സമവാക്യങ്ങൾക്കും ജനസ്വീകാര്യതയ്ക്കും പാർട്ടി പ്രാധാന്യം നൽകാറുണ്ടെന്നും ഏത് വിഭാഗത്തിൽനിന്നുള്ള നേതാവിനെ പരിഗണിക്കണമെന്നത് ദേശീയ നേതൃത്വം തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എഐസിസി അധ്യക്ഷനായി മല്ലികാർജുന ഖാർഗെ എത്തിയതും രാഹുൽ ഗാന്ധി ഉയർത്തിപ്പിടിക്കുന്ന ദളിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ മുന്നേറ്റമെന്ന രാഷ്ട്രീയ നിലപാടും അദ്ദേഹം പരാമർശിച്ചു. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അർഹമായ സ്ഥാനങ്ങളും സാമൂഹിക നീതിയും നൽകിയിട്ടുള്ള പ്രസ്ഥാനമാണ് കോൺഗ്രസെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.

കൊടിക്കുന്നിലിന് പിന്തുണയുമായി കെ മുരളീധരൻ

മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷിനെ പിന്തുണച്ച് രംഗത്തെത്തി. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ കൊടിക്കുന്നിലിന് യാതൊരു അയോഗ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി ജനപ്രതിനിധിയായി പ്രവർത്തിക്കുന്ന നേതാവാണ് കൊടിക്കുന്നിലെന്നും പിന്നാക്ക ദളിത് കുടുംബത്തിൽനിന്ന് ഉയർന്നുവന്ന അദ്ദേഹത്തിന് എന്താണ് യോഗ്യതക്കുറവെന്നും മുരളീധരൻ ചോദിച്ചു.

യോഗ്യതയുള്ള നിരവധി നേതാക്കളുണ്ടെങ്കിലും അധ്യക്ഷ സ്ഥാനം ഒന്നേയുള്ളൂ എന്നതാണ് നിലവിലെ പരിമിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴക്കൻ, ബെന്നി ബഹനാൻ എന്നിവരെല്ലാം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒരുപോലെ യോഗ്യരായ നേതാക്കളാണെന്നും മുരളീധരൻ വ്യക്തമാക്കി.

എ പി അനിൽകുമാറിന്റെ പേരും ചർച്ചയിൽ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മന്ത്രി എ പി അനിൽകുമാറിന്റെ പേരും സജീവമായി ഉയരുന്നുണ്ട്. അധ്യക്ഷനെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും ഓരോ നേതാക്കൾക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടെന്നും അനിൽകുമാർ പ്രതികരിച്ചു.

അതേസമയം, മന്ത്രിസ്ഥാനം രാജിവെച്ച് അനിൽകുമാർ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തേണ്ട സാഹചര്യം നിലവിലില്ലെന്നാണ് മുൻമന്ത്രി കെ ബാബുവിന്റെ നിലപാട്.

നിരവധി നേതാക്കളുടെ പേരുകൾ പരിഗണനയിലുള്ള സാഹചര്യത്തിൽ കെപിസിസിയുടെ പുതിയ അധ്യക്ഷനെ സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുന്നതോടെ മാത്രമേ കോൺഗ്രസിലെ അനിശ്ചിതത്വത്തിന് വിരാമമാകൂ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.