...
Home News Kerala കെ.എസ്.ആർ.ടി.സി ‘ബിസിനസ് ക്ലാസ്’ ബസ് വരുന്നു; ഡ്രൈവർക്കൊപ്പം ബസ് ഹോസ്റ്റസും

കെ.എസ്.ആർ.ടി.സി ‘ബിസിനസ് ക്ലാസ്’ ബസ് വരുന്നു; ഡ്രൈവർക്കൊപ്പം ബസ് ഹോസ്റ്റസും

വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫൈ എന്നീ സൗകര്യങ്ങളും ബസിൽ ഉണ്ടാകും

304

‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് കെഎസ്ആർടിസിയിൽ വരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര, നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന തരത്തിൽ ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.

25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസിൽ ബസ് ഹോസ്റ്റസ് എമിറേറ്റ്സ് വിമാനങ്ങൾക്ക് സമാനമായ സീറ്റുകൾ എന്നിവ സജ്ജമാക്കും. മാത്രമല്ല ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫൈ എന്നീ സൗകര്യങ്ങളും ബസിൽ ഉണ്ടാകും.

ലോകോത്തര നിലവാരം ഉറപ്പാക്കാൻ സീറ്റുകൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുമെന്നും ആറുവരി ദേശീയപാത പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്ത് വൻ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കെബി ഗണേഷ് കുമാർ ഫെയ്‌സ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നു. ദേശീയപാത വികസനം പൂർത്തിയാകുന്ന മുറയ്ക്ക്, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് ആരംഭിക്കും. ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളിൽ ഒരു പുതിയ അധ്യായം തുറക്കുമെന്നുറപ്പാണ്.

എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകൾ നിരത്തിലിറങ്ങുക. 25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസിൽ ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫൈ എന്നിവയുണ്ടാകും. യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവർക്ക് പുറമെ ഒരു ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. ലോകോത്തര നിലവാരം ഉറപ്പാക്കാൻ സീറ്റുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും.

2026 ഡിസംബറിൽ ആറുവരി ദേശീയപാത പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്ത് വൻ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിർമ്മിതബുദ്ധിയുടെ (AI) സഹായം തേടും. ഒരേ റൂട്ടിൽ കൃത്യമായ ഇടവേളകളിൽ ബസുകൾ ഓടുന്നുവെന്ന് ഉറപ്പാക്കാൻ പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിക്കും. ജിപിഎസ് സഹായത്തോടെ ഗതാഗതക്കുരുക്ക് മുൻകൂട്ടിയറിഞ്ഞ് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതോടെ യാത്രകൾ കൂടുതൽ സുഗമമാകും.

ഇതിനൊപ്പം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങളും വരുന്നുണ്ട്. ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ വെച്ചുതന്നെ ലൈസൻസ് നൽകാനുള്ള സംവിധാനം ഒരുക്കുന്നതോടെ ലൈസൻസ് ലഭിക്കുന്നതിനുള്ള കാലതാമസം പൂർണമായും ഒഴിവാകും. ഈ മുന്നേറ്റങ്ങൾ കേരളത്തിൻ്റെ ഗതാഗത സംവിധാനങ്ങളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.