തിരുവനന്തപുരം നഗരത്തിലെ ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ട് മേയറും ഗതാഗത മന്ത്രിയും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകളിൽ മുൻനിരയിൽ. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകളുടെ റൂട്ടും നിയന്ത്രണവും സംബന്ധിച്ച മേയറുടെ പ്രസ്താവനകളാണ് വിവാദത്തിന് തുടക്കമിട്ടത്.
പിന്നാലെ, സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയർ വിവി രാജേഷിനെ തള്ളി ഗതാഗത മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തി . സിറ്റി ബസുകളിൽ ഒന്നും തിരുവനന്തപുരത്തിന് പുറത്ത് ഓടുന്നില്ല. 113 ബസുകളാണ് സ്മാർട്ട് സിറ്റി പദ്ധതിയിലുള്ളത്. കേന്ദ്രവും സംസ്ഥാനവും 500 കോടി വീതം നൽകിയിട്ടുണ്ട്. വണ്ടികളുടെ നവീകരണമടക്കം KSRTC യാണ് ചെയ്യേണ്ടത്. വകുപ്പിന്റെ പ്ലാനിങ് കാരണം 9000 രൂപ വരെ ഒരു ബസിന് ലാഭമുണ്ടായി. ഒരു ദിവസം 2500 രൂപ മാത്രം ലാഭമുണ്ടായിരുന്ന സമയത്താണിത്.
ആവശ്യമില്ലാത്ത കാര്യങ്ങൾ ആരും പറയേണ്ട എന്നും തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്നും അദ്ദേഹം പ്രതികരിച്ചു. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നും പഠിച്ചിട്ട് മാത്രം പറയണമെന്നും മന്ത്രി പറഞ്ഞു. ഈ ബസുകൾ കൊണ്ടാണ് KSRTC ജീവിക്കുന്നതെന്ന് ആരും പറയരുത്. 113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ KSRTC ഇറക്കും. ലോഹ്യമായിട്ടാണെങ്കിൽ ലോഹ്യമായിട്ട് നിൽക്കും എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, നഗരസഭാ അതിർത്തിക്കുള്ളിൽ മാത്രമേ സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസുകൾ സർവീസ് നടത്താവൂ എന്ന നിലപാട് മേയർ പരസ്യമായി ഉയർത്തിയതോടെയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ശക്തമായി പ്രതികരിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ ഇന്ത്യയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു ‘സ്വതന്ത്ര രാജ്യം’ അല്ലെന്നും, നഗരസഭാ അതിർത്തിയിൽ വരമ്പുവെച്ച് ഗതാഗത സൗകര്യം തടയാനുള്ള ശ്രമങ്ങൾ വികസന വിരുദ്ധമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തലസ്ഥാന നഗരിയിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിക്കുന്ന നിലപാടുകളിൽ നിന്ന് മേയർ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സ്മാർട്ട് സിറ്റി പദ്ധതിയുടെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന വിമർശനവും മന്ത്രി ഉന്നയിച്ചു. കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതം ചെലവഴിക്കുന്ന പദ്ധതിയിൽ കോർപ്പറേഷന്റെ പങ്ക് താരതമ്യേന കുറവാണെന്നും, ബസുകളുടെ നടത്തിപ്പ്, അറ്റകുറ്റപ്പണി, ജീവനക്കാർ, ടിക്കറ്റിംഗ് എന്നിവ ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും കെ.എസ്.ആർ.ടി.സിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്മാർട്ട് സിറ്റി–കോർപ്പറേഷൻ–കെ.എസ്.ആർ.ടി.സി ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് ബസുകൾ സർവീസ് നടത്തുന്നതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
അതേസമയം, നഗരത്തിന്റെ ഗതാഗത ക്രമീകരണത്തിൽ നഗരസഭയ്ക്കും മേയറിനും ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് മേയറുടെ ഭാഗത്തുനിന്നുള്ളത്. നഗരത്തിനുള്ളിലെ ഗതാഗത തിരക്കും യാത്രാ ക്രമീകരണങ്ങളും കണക്കിലെടുത്താണ് അഭിപ്രായം പ്രകടിപ്പിച്ചതെന്നാണ് നഗരസഭാ വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള വിഷയങ്ങളിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാൻ മേയറിന് അധികാരമില്ലെന്നും, ഉപദേശക സമിതിയുടെ അധ്യക്ഷൻ എന്ന നിലയിലുമാത്രമാണ് മേയറുടെ സ്ഥാനം എന്നുമാണ് മന്ത്രിയുടെ വിശദീകരണം.
വിദേശികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമടക്കം ആയിരക്കണക്കിന് ആളുകൾ എത്തുന്ന തലസ്ഥാന നഗരിയിൽ ഗതാഗതം പ്രായോഗിക ബുദ്ധിയോടെയും സമഗ്ര കാഴ്ചപ്പാടോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊതുവായ വിലയിരുത്തൽ. ഭരണകക്ഷിക്കുള്ളിലെ തന്നെ ഈ അഭിപ്രായവ്യത്യാസം രാഷ്ട്രീയമായി കൂടുതൽ ചർച്ചകൾക്ക് ഇടയാക്കുമ്പോൾ, വിവാദം എങ്ങനെ പരിഹരിക്കപ്പെടുമെന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.



