...
Home News Kerala ജനം ടിവിക്കെതിരെ കലാപാഹ്വാനത്തിന് പരാതി നൽകി കെഎസ് യു

ജനം ടിവിക്കെതിരെ കലാപാഹ്വാനത്തിന് പരാതി നൽകി കെഎസ് യു

സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തിൽ നമ്മുടെ രാഷ്ട്രപിതാവിനെ അപമാനിക്കുന്ന തരത്തിൽ, അദ്ദേഹത്തിന് നേർക്ക് തോക്ക് ചൂണ്ടുന്ന ചിത്രമാണ് പങ്കുവെച്ചിരുന്നത്.

189

സംഘപരിവാർ വാർത്താചാനലായ മലയാളത്തിലെ ജനം ടിവിക്കെതിരെ പരാതി നൽകി കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനാ കെഎസ് യു​ . സംസ്ഥാന ഡിജിപിക്ക് കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മനാണ് പരാതി നല്‍കിയത്. ‌

സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെ രാജ്യത്തിൻറെ സ്വാതന്ത്ര്യസമരസേനാനികളെയും രാഷ്ട്രപിതാവിനെയും അപമാനിക്കുന്ന രീതിയിൽ പ്രചരണം നടത്തുകയും, ഗാന്ധി ചിത്രത്തിന് നേരെ തോക്ക് ചൂണ്ടുന്ന തരത്തിലെ ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ സ്പർദ വളർത്താനും ശ്രമം നടത്തിയെന്ന് കാണിച്ചാണ് പരാതി.

പരാതിയുടെ പൂർണ രൂപം വായിക്കാം :

ബഹുമാനപ്പെട്ട സാർ,

നമ്മുടെ രാജ്യം 78 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ധീരതയോടെ നയിച്ചിരുന്ന സ്വതന്ത്ര സമര സേനാനികളെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ജനം ടിവി എന്ന ചാനൽ.ജനം ടിവി ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആദ്യം പങ്കുവെച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തിൽ നമ്മുടെ രാഷ്ട്രപിതാവിനെ അപമാനിക്കുന്ന തരത്തിൽ, അദ്ദേഹത്തിന് നേർക്ക് തോക്ക് ചൂണ്ടുന്ന ചിത്രമാണ് പങ്കുവെച്ചിരുന്നത്.

മഹാത്മാഗാന്ധിജിക്കെതിരായി വെടിയുതിർക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചത് വിവാദമായതോടെ ആ പോസ്റ്റ് പിൻവലിക്കുകയും മറ്റൊരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ അടക്കം അപമാനിച്ച, മുഴുവൻ സ്വാതന്ത്ര്യസമര സേനാനികളുടെയും ധീരസ്മരണകളെ അപമാനിച്ച, പൊതു സമൂഹത്തിനുള്ളിൽ സ്പർദ്ദയുണ്ടാക്കി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ജനം ടിവി ചാനലിന്റെ ശ്രമങ്ങൾക്കെതിരായി അടിയന്തര നടപടി കൈക്കൊള്ളണമെന്നും, രാജ്യത്തെയും രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെയും രാഷ്ട്രപിതാവിനെയും അപമാനിച്ചവർക്കെതിരെ കലാപ ആഹ്വാന കുറ്റം അടക്കം ചുമത്തി കേസ് നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.