ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യക്കായി ചരിത്രനേട്ടം സ്വന്തമാക്കി കൗമാരക്കാരിയായ കുംകും മൊഹോദ്. വ്യക്തിഗത റീകർവ് ഇനത്തിൽ സ്വർണ്ണ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടമാണ് കുംകും സ്വന്തമാക്കിയത്. ആവേശകരമായ ഫൈനലിൽ ഷൂട്ടൗട്ടിൽ ദക്ഷിണ കൊറിയയുടെ ശക്തയായ എതിരാളി ഓ യെജിനെ 6-5 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് താരം സുവർണ്ണ നേട്ടം കൈവരിച്ചത്. ഷൂട്ടൗട്ടിൽ കൃത്യതയോടെ 10-റിങ്ങിലേക്ക് അമ്പെയ്താണ് കുംകും വിജയം ഉറപ്പിച്ചത്.
വിജയത്തിനുശേഷം ഇന്ത്യൻ പതാക ഉയരുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തപ്പോൾ, കുംകുമിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. താൻ നേടിയ ചരിത്രനേട്ടത്തിന്റെ ആഴം ആ നിമിഷത്തിൽ ആ താരത്തിന്റെ മനസ്സിൽ ആഴ്ന്നിറങ്ങുകയായിരുന്നു.
വെല്ലുവിളികളെ അതിജീവിച്ച മുന്നേറ്റം മഹാരാഷ്ട്രയിൽ നിന്നുള്ള ഈ യുവ അമ്പെയ്ത്ത് താരം ലോകോത്തര താരങ്ങളെ മറികടന്നാണ് കിരീടം ചൂടിയത്. ക്വാർട്ടർ ഫൈനലിൽ നിലവിലെ ലോക ചാമ്പ്യൻ കാങ് ചായോങ്ങിനെ പരാജയപ്പെടുത്തിയ കുംകും, സെമിഫൈനലിൽ ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവും മുൻ ലോക ഒന്നാം നമ്പറുമായ ചൈനയുടെ ജിൻഗി ഷുവിനെയും അട്ടിമറിച്ചു.
2010ൽ ഗ്വാങ്‌ഷൂവിൽ വെള്ളി നേടിയ തരുൺദീപ് റായ് മാത്രമാണ് ഇതിന് മുൻപ് ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത റീകർവ് മെഡൽ നേടിയ ഒരേയൊരു ഇന്ത്യൻ താരം.
ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടം തുടക്കം അത്രകണ്ട് അനുകൂലമായിരുന്നില്ലെങ്കിലും മികച്ച മാനസിക ദൃഢതയാണ് കുംകും ഫൈനലിൽ കാഴ്ചവെച്ചത്. ആദ്യ സെറ്റ് കൈവിട്ടെങ്കിലും ശക്തമായി തിരികെവന്ന താരം, തുടർച്ചയായ പത്ത് പോയിന്റുകൾ നേടി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു.
സ്കോറുകൾ 5-5 എന്ന നിലയിൽ തുല്യത പാലിച്ചതോടെയാണ് മത്സരം ആവേശകരമായ ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ കൊറിയൻ താരം 8 റൺസ് എടുത്തപ്പോൾ, സമ്മർദ്ദങ്ങളെ അതിജീവിച്ച് പന്ത് പത്തിൽ എത്തിച്ച് കുംകും സ്വർണ്ണം സ്വന്തമാക്കുകയായിരുന്നു.
ഈ ഗെയിംസിൽ മൂന്ന് മെഡലുകളാണ് കുംകും വാരിക്കൂട്ടിയത്. വെള്ളിയാഴ്ച അങ്കിത ഭകത്, കീർത്തി ശർമ്മ എന്നിവരോടൊപ്പം വനിതാ ടീം റീകർവ് സ്വർണ്ണവും, ധീരജ് ബൊമ്മദേവരയുമായി ചേർന്ന് മിക്സഡ് പെയർ വെള്ളിയും താരം നേടിയിരുന്നു.
2028 ഒളിമ്പിക്സ് ക്വാട്ട ഉറപ്പിച്ച് കുംകും ഈ മിന്നും പ്രകടനത്തിലൂടെ 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനുള്ള ക്വാട്ടയും കുംകും ഉറപ്പിച്ചു. രാജ്യത്തിനായാണ് ഈ വ്യക്തിഗത ക്വാട്ട ലഭിച്ചിരിക്കുന്നത്. ഒളിമ്പിക്സിനു മുമ്പ് നടക്കുന്ന ഫെഡറേഷൻ ട്രയൽസിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ കുംകുമിന് ഒളിമ്പിക് ഇന്ത്യൻ ടീമിൽ ഇടംനേടാം. തന്റെ വിജയത്തിന് പിന്നിലെ കഠിനാധ്വാനവും കൃത്യമായ പരിശീലനവുമാണ് ഈ നേട്ടത്തിന് കാര്യമെന്ന് താരം വ്യക്തമാക്കി.


