...
Home News International പ്രവാസികൾക്ക് കുവൈറ്റിൽ ദീർഘകാല സിവിൽ ഐഡി അനുവദിക്കുന്നു

പ്രവാസികൾക്ക് കുവൈറ്റിൽ ദീർഘകാല സിവിൽ ഐഡി അനുവദിക്കുന്നു

നിർദ്ദിഷ്ട വിദേശ വിഭാഗങ്ങൾക്കാണ് പുതിയ സിവിൽ ഐഡി കാർഡുകൾ

242

കുവൈത്തിൽ വിദേശ നിക്ഷേപകർക്കും പ്രവാസി റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ദീർഘകാല സാധുതയുള്ള പ്രത്യേക സിവിൽ ഐഡി കാർഡുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ- യൂസഫ് അൽ സബാഹ് ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചതായി അധികൃതർ അറിയിച്ചു.

ഉത്തരവ് പ്രകാരം, സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള നിർദ്ദിഷ്ട വിദേശ വിഭാഗങ്ങൾക്കാണ് പുതിയ സിവിൽ ഐഡി കാർഡുകൾ അനുവദിക്കുക. ഇതനുസരിച്ച്, കുവൈത്തിലെ പ്രവാസി റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷം കാലാവധിയുള്ളതും, നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2013-ലെ നിയമം നമ്പർ 116ൻ്റെ വ്യവസ്ഥകൾക്ക് വിധേയമായ വിദേശ നിക്ഷേപകർക്ക് 15 വർഷം കാലാവധിയുള്ളതുമായ പ്രത്യേക സിവിൽ ഐഡി കാർഡുകളാണ് നൽകുക.

ഈ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന സിവിൽ ഐഡി കാർഡുകൾ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഹൈടെക് തിരിച്ചറിയൽ കാർഡുകളായിരിക്കും. വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങളും നിയമപരമായ നിലയും സുരക്ഷിതമായി സംഭരിക്കുന്നതിനൊപ്പം, ഭരണപരമായ പരിശോധനകളും സേവനങ്ങളും കൂടുതൽ കാര്യക്ഷമം ആക്കുന്നതിനുള്ള നവീന സാങ്കേതിക സംവിധാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരം, ബന്ധപ്പെട്ട അതോറിറ്റിയുടെ ഡയറക്ടർ ജനറലിന് സിവിൽ ഐഡി കാർഡിൽ അച്ചടിക്കുന്ന വിവരങ്ങളിലും കാർഡിൻ്റെ ഘടകങ്ങളിലുമുള്ള ഭേദഗതികൾ വരുത്തുന്നതിനുള്ള അധികാരവും നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് ചിപ്പിൽ സൂക്ഷിക്കുന്ന ഡാറ്റ, മെഷീൻ റീഡബിൾ ഭാഗം, കാർഡ് അനുവദിക്കൽ, പുതുക്കൽ, വിവരങ്ങൾ ചേർക്കൽ അല്ലെങ്കിൽ ഒഴിവാക്കൽ തുടങ്ങിയ നടപടിക്രമങ്ങളും രേഖകളും പൊതുതാൽപര്യവും നിലവിലുള്ള നിയമങ്ങളും പരിഗണിച്ചായിരിക്കും പരിഷ്‌കരിക്കുക.

വിദേശ നിക്ഷേപങ്ങളെ കൂടുതൽ ആകർഷിക്കുകയും, റിയൽ എസ്റ്റേറ്റ് മേഖലയിലെ ദീർഘകാല പങ്കാളിത്തത്തിന് സ്ഥിരത നൽകുകയും ചെയ്യുന്നതിനുള്ള സർക്കാർ നീക്കമായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്. തിരിച്ചറിയൽ നടപടികളും ഭരണപരമായ ഇടപാടുകളും ലളിതമാക്കുന്നതിലൂടെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുകയും, രാജ്യത്തിൻ്റെ സമഗ്ര സാമ്പത്തിക വളർച്ചക്ക് പുതിയ ഊർജം നൽകുകയും ചെയ്യുന്നതാണ് ഈ നടപടിയുടെ മുഖ്യലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.