...
Home News International കുവൈത്ത് വേനലിൽ ചുട്ടുപൊള്ളുന്നു; താപനില 51 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു

കുവൈത്ത് വേനലിൽ ചുട്ടുപൊള്ളുന്നു; താപനില 51 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു

അഗ്നിബാധാ സാധ്യത ഉയർത്തുന്ന സാഹചര്യത്തിൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് പൊതുജനങ്ങളോട് അഭ്യർഥിച്ചു

3

കുവൈത്തിൽ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ ജനജീവിതം കടുത്ത ദുരിതത്തിലായി. ഇതിനിടെ അദൈലിയ മേഖലയിലെ ബ്ലോക്ക് ഒന്നിൽ വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്‌തു. അമിതമായ ചൂടും ഉയർന്ന വൈദ്യുത ലോഡും മൂലം അൽ- ഖാലിദിയ (ബി) മെയിൻ സബ്‌സ്റ്റേഷനിലെ 11 കെവി സബ് ഫീഡറുകളിൽ സാങ്കേതിക തകരാർ ഉണ്ടായതാണ് വൈദ്യുതി മുടക്കത്തിന് കാരണമായതെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

ഉയരുന്ന താപനിലയും വൈദ്യുതി ഉപകരണങ്ങളുടെ വർധിച്ച ഉപയോഗവും അഗ്നിബാധാ സാധ്യത ഉയർത്തുന്ന സാഹചര്യത്തിൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. അമിത വൈദ്യുതി ലോഡ്, തകരാറായ വയറിംഗ്, വൈദ്യുതി ഉപകരണങ്ങൾ ദീർഘനേരം പ്രവർത്തനക്ഷമമായി വിടുന്നത് എന്നിവയാണ് തീപിടിത്തങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വേനൽക്കാലത്ത് ഉയരുന്ന താപനിലയും എയർ കണ്ടീഷണർ ഉൾപ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങളുടെ അമിത ഉപയോഗവും അപകടസാധ്യത വർധിപ്പിക്കാമെന്നും കുവൈത്ത് ഫയർ ഫോഴ്‌സിൻ്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടറും ഔദ്യോഗിക വക്താവുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു. അതിനാൽ മുൻകരുതൽ നടപടികൾ കൃത്യമായി പാലിക്കുന്നത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി .

വൈദ്യുതി വയറിംഗും എയർ കണ്ടീഷൻ യൂണിറ്റുകളും നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് പരിപാലിക്കണം, ഒരു പ്ലഗിലോ പവർ പോയിന്റിലോ അമിതഭാരം നൽകുന്നത് ഒഴിവാക്കണം, തീപിടിത്തത്തിന് ഇടയാക്കാവുന്ന വസ്തുക്കൾ ചൂട് ഉറവിടങ്ങളിൽ നിന്ന് അകലെ സുരക്ഷിതമായി സൂക്ഷിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഫയർ ഫോഴ്‌സ് മുന്നോട്ടുവച്ചത്. വീടുകളിലും സ്ഥാപനങ്ങളിലും പുക അലാറങ്ങളും അഗ്നിശമന ഉപകരണങ്ങളും സ്ഥാപിച്ച് അവ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

അതേസമയം, രാജ്യത്ത് അതിശക്തമായ ചൂട് തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്. തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നും ചില തുറസായ ഇടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്‌ച കുറയാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. പകൽ താപനില 51 ഡിഗ്രി വരെ ഉയരുമ്പോൾ രാത്രി 37 ഡിഗ്രി സെൽഷ്യസ് വരെ താഴാനാണ് സാധ്യത. ഇതിനിടെ ഉച്ചസമയത്തെ ജോലി നിരോധനത്തിൽ ചില അടിയന്തര സേവനങ്ങൾക്ക് ഇളവ് അനുവദിച്ചതായും അധികൃതർ അറിയിച്ചു.

വൈദ്യുതി, ജലം, ടെലികോം തകരാറുകൾ പരിഹരിക്കൽ, വിമാന താവളങ്ങളും തുറമുഖങ്ങളും പ്രവർത്തിപ്പിക്കൽ, അടിയന്തര റോഡ് അറ്റകുറ്റപ്പണികൾ നടത്തൽ എന്നിവക്കണ് ഇളവ് നൽകിയിരിക്കുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഇത്തരം സേവനങ്ങൾ തുടരാനാണ് തീരുമാനം. രാജ്യത്ത് ചൂട് കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുകയും തുറസായ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.