...
Home News National പ്രതിരോധ–ടൂറിസം പദ്ധതികളുടെ പേരിൽ ലക്ഷ ദ്വീപിൽ ഭൂമിയേറ്റെടുക്കൽ; വ്യാപക പ്രതിഷേധം

പ്രതിരോധ–ടൂറിസം പദ്ധതികളുടെ പേരിൽ ലക്ഷ ദ്വീപിൽ ഭൂമിയേറ്റെടുക്കൽ; വ്യാപക പ്രതിഷേധം

95

പ്രതിരോധവും ടൂറിസവും മുൻനിർത്തി ജനവാസ മേഖലകളിലെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം രംഗത്തെത്തി. അഗത്തി ദ്വീപിൽ 160ലധികം കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഉത്തരവിറക്കി. തദ്ദേശവാസികളെ ദ്വീപിൽ നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയാണിതെന്നാരോപിച്ച് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

പ്രകൃതി സൗന്ദര്യവും മത്സ്യസമ്പത്തും പവിഴപ്പുറ്റുകളും കൊണ്ട് സമ്പന്നമായ ലക്ഷദ്വീപിലെ കൊച്ചു ദ്വീപാണ് അഗത്തി. ഏകദേശം എട്ടായിരത്തോളം പേർ താമസിക്കുന്ന ഈ ദ്വീപിന്റെ വടക്ക്, തെക്ക്, മധ്യഭാഗങ്ങളിലെ പ്രദേശങ്ങളാണ് വിവിധ പദ്ധതികളുടെ പേരിൽ ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സാമൂഹിക ആഘാത പഠനവും ആരംഭിച്ചു.

സിറ്റി സെന്റർ വികസനം, ഇന്ത്യൻ വ്യോമസേനയ്ക്കായി ഫോർവേർഡ് ബേസ് സപ്പോർട്ട് യൂണിറ്റ്, ടൂറിസം പദ്ധതികൾ എന്നിവയ്ക്കായാണ് ഭൂമിയേറ്റെടുക്കൽ. പദ്ധതി നടപ്പിലായാൽ ഏകദേശം 160 കുടുംബങ്ങൾക്ക് വീടും ഭൂമിയും നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ പള്ളികൾ, മത്സ്യത്തൊഴിലാളികളുടെ ബോട്ട് ഷെഡുകൾ ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങളും ഇല്ലാതാകുമെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നു.

സാമൂഹിക ആഘാത പഠനത്തിനായുള്ള ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവ് പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സർക്കാർ ഭൂമി ലഭ്യമായിരിക്കെ തദ്ദേശവാസികളെ ഒഴിപ്പിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് എൻസിപി (എസ്.പി) ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ ജബ്ബാർ ആരോപിച്ചു.

പദ്ധതിയുടെ പ്രൊജക്ട് അലൈൻമെന്റ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് ഭീമഹരജി സമർപ്പിക്കാനാണ് അഗത്തി നിവാസികളുടെ തീരുമാനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.