| എമ്മെസ് ഷൈജു
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിനേറ്റ പരാജയം കനത്തത് തന്നെയാണ്. വിശകലനം ചെയ്യുമ്പോൾ പല കാരണങ്ങളുമതിനുണ്ട്. പഠിക്കേണ്ട കാര്യങ്ങളുമുണ്ട് തിരുത്തേണ്ട കാര്യങ്ങളുമുണ്ട്. തീർച്ചയായും അത് രണ്ടും സംഭവിക്കേണ്ടതുണ്ട്. പക്ഷേ ഈ തെരഞ്ഞെടുപ്പോടെ ഇടത് പക്ഷത്തെ കേരളം എഴുതിത്തള്ളി എന്ന രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപത്തിൽ ഒരു കഴമ്പുമില്ല. കാരണം ഇടത്പക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമൊന്നുമല്ല. അതാണ് കേരളത്തിൻ്റെ ചരിത്രം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പൂജ്യം സീറ്റ് കിട്ടിയ ചരിത്രവും എൽഡിഎഫിനുണ്ട്. അവിടെയൊന്നും നിലച്ച് പോയിട്ടുള്ളതല്ല ഇടത് പക്ഷ രാഷ്ട്രീയം. മൂന്നോ നാലോ മാസങ്ങൾക്ക് മുമ്പ് നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിൽ പോലും മികച്ച വിജയം നേടിയ മുന്നണിയാണ് എൽ ഡി എഫ്. സംസ്ഥാന ഭരണത്തെ സംബന്ധിച്ചുള്ള യഥാർത്ഥ വിലയിരുത്തൽ അതാണ്. അതിന് ശേഷമുണ്ടായ രാഷ്ട്രീയ മാറ്റമൊന്നുമല്ല ഇത്.
ദേശീയ രാഷ്ട്രീയത്തിൽ എൽഡിഎഫ് നേക്കാൾ കേരളത്തിലെ മതേതര വോട്ടർമാർ വിശ്വാസം അർപ്പിച്ചത് യു ഡി എഫിലാണ്. അത്രേയുള്ളൂ. ബിജെപിയെ കേരളം അത്രത്തോളം അകറ്റി നിർത്താൻ ആഗ്രഹിക്കുന്നു. ദേശീയ തലത്തിൽ അതിന് കഴിയുന്നത് കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിക്കും കേരളത്തിൽ അതിന് കഴിയുന്നത് എൽഡിഎഫ് മുന്നണിക്കുമാണ് എന്നാണ് മതേതര ബോധമുള്ള കേരള ജനത കരുതുന്നത്. അത് കൊണ്ടാണ് കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് മുന്നണിയെ പിന്തുണക്കുന്ന സാമാന്യ ജനം പഞ്ചായത്ത്, നിയമ സഭ തെരഞ്ഞെടുപ്പുകളിൽ അതേ പിന്തുണ എൽഡിഎഫിന് നിരുപാധികം നൽകുന്നത്.
കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എന്താണോ ലഭിച്ചത് അത് തന്നെയേ ഇപ്പോഴും ലഭിച്ചുള്ളൂ എന്നത് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു പ്രയാസകരമായ കാര്യം തന്നെയാണ്. സുരേഷ് ഗോപി എന്ന ബിജെപി രാഷ്ട്രീയക്കാരൻ തൃശൂർ മണ്ഡലത്തിൽ നിന്ന് അക്കൗണ്ട് തുറന്ന് കൊണ്ട് വലിയ വിജയം നേടി എന്നതും അത് പോലെ തന്നെ പ്രയാസകരമായ കാര്യമാണ്.
ഇത്രയധികം പ്രതികൂല കാലാവസ്ഥയിലും ഇടത്പക്ഷ സ്ഥാനാർത്ഥി അവിടെ പതിനാറായിരത്തിലധികം വോട്ടുകൾ കഴിഞ്ഞ തവണത്തേതിൽ നിന്നും അധികമായി പിടിച്ചു. എന്നാൽ ഇത്രയധികം അനുകൂലമായ ഒരു ട്രെൻഡ് നില നിൽക്കുമ്പോഴും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കഴിഞ്ഞ തവണ ലഭിച്ചതിലും 86884 വോട്ട് കുറച്ച് മാത്രമാണ് ലഭിച്ചത്.
അതായത് കഴിഞ്ഞ തവണ കോൺഗ്രസിന് വോട്ട് ചെയ്ത 86844 പേരുടെ വോട്ട് ഇത്തവണ കോൺഗ്രസിന് ലഭിച്ചില്ല. അവിടെയാണ് സുരേഷ് ഗോപി 74686 വോട്ട് ലീഡ് നേടിയിരിക്കുന്നത്. ഇത് ചർച്ച ചെയ്യാതെ തൃശൂരെ ബിജെപി വിജയം ഇടത് പക്ഷത്തിൻ്റെ പിരടിക്ക് വെക്കാൻ വ്യഗ്രത കാണിക്കുന്നവർ ഈ കണക്കുകൾ കൂടിയൊന്ന് നോക്കി വേണം കാര്യങ്ങൾ സംസാരിക്കാൻ.
ഇടത് പക്ഷം ഒരു നിലപാടാണ്. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് തീർന്ന് പോകുന്നതല്ല അതിൻ്റെ രാഷ്ട്രീയം എന്ന് കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രമറിയുന്നവർക്ക് പറഞ്ഞ് കൊടുക്കേണ്ടതില്ല. കുറഞ്ഞ പക്ഷം കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പ് ഓർമുയുള്ളവർക്കെങ്കിലും അതിൻ്റെ ആവശ്യമുണ്ടാകില്ല. അതിനിയും പൂർവാധികം ശക്തിയായി തന്നെ ഇവിടെയുണ്ടാകും. ഒരു സംശയവും വേണ്ട.




