...
Home News Kerala താനൂരിൽ മുഹമ്മദ് സമീർ, വളളിക്കുന്നിൽ സിപി മുസ്‌തഫ, കാസർകോട് ഷാനവാസ് പാദൂർ; എൽഡിഎഫ് സ്ഥാനാർത്ഥികൾ

താനൂരിൽ മുഹമ്മദ് സമീർ, വളളിക്കുന്നിൽ സിപി മുസ്‌തഫ, കാസർകോട് ഷാനവാസ് പാദൂർ; എൽഡിഎഫ് സ്ഥാനാർത്ഥികൾ

സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് എല്‍ഡിഎഫ് വാര്‍ത്താ കുറിപ്പിറക്കി

222

സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി എൽഡിഎഫ്. മലപ്പുറം ജില്ലയിലെ വളളിക്കുന്ന് നിയോജക മണ്ഡലത്തില്‍ നാഷണല്‍ ലീഗ് പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനായി അഡ്വ. സിപി മുസ്‌തഫയാണ് ജനവിധി തേടുന്നത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് വാര്‍ത്തകൾ ഉണ്ടായിരുന്നു.
സിപിഐഎമ്മിലെ സുഹൃത്തുകളാണ് തന്നെ ബന്ധപ്പെട്ടതെന്നും അവരോട് നന്ദിപറഞ്ഞ് ആ ക്ഷണം നിഷേധിച്ചെന്നും റിയാസ് മുക്കോളി മാധ്യമങ്ങളോട് പ്രതികരിച്ചു.

താനൂരില്‍ എല്‍ഡിഎഫ് പൊതു സ്വതന്ത്രനായി മുഹമ്മദ് സമീര്‍ മത്സരിക്കും. കാസര്‍കോട് ഐഎന്‍എല്‍ പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനായി ഷാനവാസ് പാദൂരാണ് മത്സരിക്കുന്നത്. മൂന്നുപേരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് എല്‍ഡിഎഫ് വാര്‍ത്താ കുറിപ്പിറക്കി.

തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധീർ കരമനയെ തീരുമാനിച്ചിരിക്കുന്നുവെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ അറിയിച്ചു. നഗരത്തിൻ്റെ സാംസ്‌കാരിക പാരമ്പര്യവുമായി ബന്ധമുള്ളയാളാണ് സുധീർ കരമനയെന്നും അദ്ദേഹം പറഞ്ഞു. ആൻ്റെണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടർന്നാണ് എൽഡിഎഫ് സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയത്.

സിപിഐഎമ്മും ജനാധിപത്യ കേരള കോൺഗ്രസും ധാരണയിൽ എത്തിയാണ് സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയത്. പൊതുസമ്മതനായ സ്ഥാനാർത്ഥി എന്ന നിലയിലാണ് സുധീർ കരമനയെ നിശ്ചയിച്ചത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആൻ്റെണി രാജുവിന് പകരം ഒരു സ്ഥാനാർത്ഥി വരുമ്പോൾ പൊതു സമ്മതനായിരിക്കണം എന്നായിരുന്നു എൽഡിഎഫിൻ്റെ നിലപാട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.