...
Home News Kerala ‘നേതാക്കൾക്ക് ജാഗ്രതക്കുറവ്’; സിപിഐഎം തിരുത്തൽ രേഖയിലെ വിമർശനങ്ങൾ പുറത്ത്

‘നേതാക്കൾക്ക് ജാഗ്രതക്കുറവ്’; സിപിഐഎം തിരുത്തൽ രേഖയിലെ വിമർശനങ്ങൾ പുറത്ത്

പാർട്ടി സംസ്ഥാന കമ്മിറ്റി നേരത്തെ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് തിരുത്തൽ രേഖയും പിന്തുടരുന്നത്.

3

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച തിരുത്തൽ രേഖയുടെ വിശദാംശങ്ങൾ പുറത്ത്. നേതാക്കളുടെ പ്രവർത്തനങ്ങളിലും ശൈലിയിലും ജാഗ്രത കുറവുണ്ടെന്ന ഗുരുതര വിമർശനമാണ് രേഖ ഉന്നയിക്കുന്നത്. യോഗങ്ങളിൽ സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് ഇടപെടുമ്പോഴും ചില നേതാക്കൾ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്നും, തങ്ങളുടെ പ്രവൃത്തികളും വാക്കുകളും എപ്പോഴും റെക്കോർഡു ചെയ്യപ്പെടുന്നുണ്ടെന്ന കാര്യം പലരും മറക്കുന്നുവെന്നും രേഖ കുറ്റപ്പെടുത്തുന്നു.

പ്രസംഗങ്ങളിൽ രാഷ്ട്രീയ മൂർച്ചയില്ലെന്ന് വിലയിരുത്തൽ

പൊതുയോഗങ്ങളിലെ പ്രസംഗ ശൈലിയിൽ മാറ്റം വരുത്തണമെന്ന് രേഖ ആവശ്യപ്പെടുന്നുണ്ട്. നീണ്ടുപരന്ന പ്രസംഗങ്ങൾ കേൾവിക്കാരെ വെറുപ്പിക്കുമെന്നും, പ്രസംഗങ്ങളിൽ ലക്ഷ്യബോധവും രാഷ്ട്രീയ മൂർച്ചയും ഉണ്ടാകണമെന്നും മുന്നറിയിപ്പുണ്ട്. എതിരാളികളെ രാഷ്ട്രീയമായി തിരിച്ചറിഞ്ഞ് ആക്രമിക്കുന്നതിൽ ഇപ്പോഴത്തെ പ്രസംഗങ്ങൾക്ക് മൂർച്ച പോരാതെ വരുന്നുണ്ടെന്നും വിമർശനമുണ്ട്.

അടിസ്ഥാന സംഘടനാ തത്വങ്ങൾ പാലിക്കപ്പെടണം

പാർട്ടി അനുഭാവികളുടെ വിവിധ ഫോറങ്ങളുടെ പ്രവർത്തനം ശരിയായ നിലയിലല്ലെന്നും രേഖ വ്യക്തമാക്കുന്നു. ജനാധിപത്യ കേന്ദ്രീകരണവും ഉൾപ്പാർട്ടി ജനാധിപത്യവുമാണ് പാർട്ടിയുടെ യഥാർത്ഥ ശക്തിയെന്നും, ഈ അടിസ്ഥാന സംഘടനാതത്വം കൃത്യമായി പ്രയോഗിക്കാൻ കഴിയണമെന്നും രേഖ ഓർമ്മിപ്പിക്കുന്നു. അതേസമയം, നേതാക്കളുടെ ആരുടെയും പേരുകൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക വിമർശനങ്ങൾ രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല. പാർട്ടി സംസ്ഥാന കമ്മിറ്റി നേരത്തെ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് തിരുത്തൽ രേഖയും പിന്തുടരുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.