...
Home News Kerala ‘വിഡിയുടെ പിആര്‍ ചതിക്കുഴിയില്‍ ലീഗ് വീഴരുത്’; യുഡിഎഫില്‍ അറുതിയില്ലാതെ ഫ്‌ളക്‌സ് യുദ്ധം

‘വിഡിയുടെ പിആര്‍ ചതിക്കുഴിയില്‍ ലീഗ് വീഴരുത്’; യുഡിഎഫില്‍ അറുതിയില്ലാതെ ഫ്‌ളക്‌സ് യുദ്ധം

ഉമ്മന്‍ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ സതീശന്‍ ഇപ്പോള്‍ പിആര്‍ വര്‍ക്കിലൂടെ നമ്മുടെ പാര്‍ട്ടിയേയും നേതാക്കന്‍മാരേയും മണ്ടന്മാരാക്കുകയാണ്

136

ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ, യുഡിഎഫില്‍ അറുതിയില്ലാതെ ഫ്‌ളക്‌സ് യുദ്ധം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ ഉയര്‍ത്തിക്കാട്ടി കണ്ണൂരിലും, ഇടുക്കിയിലും ഫ്‌ളക്‌സുകള്‍. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് കോട്ടക്കലിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു.

നിയുക്ത മുഖ്യമന്ത്രി എന്ന് വിഡി സതീശനെ വിശേഷിപ്പിക്കുന്ന ഫ്‌ളക്‌സാണ് പ്രത്യക്ഷപ്പെട്ടത്. കണ്ണൂര്‍ ഇരിക്കൂറിലാണ് ഫ്‌ളക്‌സ് വച്ചത്.

തൊടുപുഴയില്‍ വിഡി സതിശന് വേണ്ടി ഫ്‌ളക്‌സ് ആണ് ഉയര്‍ന്നത്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. പട നയിച്ചവന്‍ നാടു നയിക്കും എന്ന് ഫ്‌ളക്‌സില്‍ പറയുന്നു. ‘നിലപാടിൻ്റെ രാജകുമാരന് അഭിവാദ്യം’ എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്‌ലക്‌സ് സ്ഥാപിച്ചത്.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചാണ് കോട്ടക്കലിലെ ബാനര്‍. നേതാക്കള്‍ വി ഡി സതീശൻ്റെ പിആര്‍ ചതിക്കുഴിയില്‍ വീഴരുതെന്നും, മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്നുമാണ് ബാനര്‍. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചത്. നേതാക്കളേ നിങ്ങളോടാണ്, ഉമ്മന്‍ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ സതീശന്‍ ഇപ്പോള്‍ പിആര്‍ വര്‍ക്കിലൂടെ നമ്മുടെ പാര്‍ട്ടിയേയും നേതാക്കന്‍മാരേയും മണ്ടന്മാരാക്കുകയാണ്. ഇത് അനുവദിച്ചു കൊടുക്കരുത് എന്നാണ് ബാനറില്‍ പറയുന്നത്.

അതേസമയം, വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തി വിഡി സതീശന്‍. വെള്ളിയാഴ്‌ച രാവിലെ മംഗളൂരു എയര്‍പോര്‍ട്ടിലെത്തിയ വിഡി സതീശന്‍ പിന്നീട് കാര്‍ മാര്‍ഗമാണ് കൊല്ലൂരിലേക്ക് പോയത്.

കര്‍ണാടക മുന്‍ എംഎല്‍എമാരായ ഡിഎം ഫറൂഖ് കമുഹിയുദ്ദീന്‍ ബാവ എന്നിവര്‍ ചേര്‍ന്ന് മംഗലാപുരം എയര്‍പോര്‍ട്ടില്‍ വിഡി സതീശനെ സ്വീകരിച്ചു. ശനിയാഴ്‌ച രാവിലെ വന്ദേ ഭാരതില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.