9 September 2026
Home News ഇടതുപക്ഷ വാര്‍ത്തകളും ആശയങ്ങളും പ്രചരിപ്പിക്കാന്‍ ലെഫ്റ്റ് വ്യൂസ് ന്യൂസ് പോര്‍ട്ടല്‍

ഇടതുപക്ഷ വാര്‍ത്തകളും ആശയങ്ങളും പ്രചരിപ്പിക്കാന്‍ ലെഫ്റ്റ് വ്യൂസ് ന്യൂസ് പോര്‍ട്ടല്‍

ഇന്ത്യയില്‍ നടക്കുന്ന എല്ലാ പണിമുടക്ക് സമരങ്ങളുടെയും തത്സമയ വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ ലഭ്യമായിരിക്കും

158

സമൂഹ മാധ്യമങ്ങളിലെ പ്രചാരണവും സമാന്തര പോര്‍ട്ടലുകളും വരുംകാലത്ത് അങ്ങേയറ്റം പ്രധാനപ്പെട്ടത് ആയിരിക്കുമെന്ന് സിപി.ഐഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടിഎം. തോമസ് ഐസക്. ഈ തിരിച്ചറിവാണ് ‘www.leftviews.in‘ എന്ന ന്യൂസ് ആന്‍ഡ് വ്യൂസ് പോര്‍ട്ടലിന് രൂപം നല്‍കുന്നതിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഇടതുപക്ഷ കാഴ്‌ചപ്പാടിൻ്റെയും വിശാല പ്ലാറ്റ്‌ ഫോമായിരിക്കും ഈ പോര്‍ട്ടലെന്നും പോര്‍ട്ടല്‍ പരിചയപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക് പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന എല്ലാ പണിമുടക്ക് സമരങ്ങളുടെയും തത്സമയ വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ ലഭ്യമായിരിക്കും. ജനുവരി ഒന്നിലെ ഗിഗ് തൊഴിലാളികളുടെ സമരം, 27-ലെ ബാങ്ക് പണിമുടക്ക്, ഫെബ്രുവരി 12-ലെ അഖിലേന്ത്യ പണിമുടക്ക് തുടങ്ങിയ എല്ലാ സമരങ്ങളുടെയും 500-1500 വാക്കുകൾ വരുന്ന ലഘുവിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും പോര്‍ട്ടലില്‍ ലഭ്യമാക്കും.

സിറ്റിസണ്‍ ജേര്‍ണലിസത്തിന് ഏറ്റവും വലിയൊരു അവസരമാണിത്. നിലവില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പോര്‍ട്ടല്‍ തുറന്നു നല്‍കിയിട്ടുണ്ട്. അടുത്ത ആഗസ്റ്റില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.

പാനിപ്പട്ടിലെയും നോയിഡയിലെയും സമരങ്ങള്‍ വലിയതോതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇത് മറ്റു കേന്ദ്രങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രചോദനമായി. തൊഴിലാളികളുടെ കഷ്‌ടപ്പാടുകള്‍ ചിത്രീകരിക്കുന്ന നിരവധി റീലുകളും വ്യാപകമായി. ഔപചാരിക യോഗങ്ങളോ സമ്മേളനങ്ങളോ ഇല്ലാതെയും വാട്ട്‌സ്ആപ്പ്, സന്ദേശങ്ങളിലൂടെ കരാര്‍ തൊഴിലാളികളും മറ്റുള്ളവരും സമരത്തിലേക്ക് നീങ്ങി. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്രചാരണത്തിനായി ഉപയോഗിച്ചപ്പോള്‍ വാട്ട്‌സ്ആപ്പ് ആയിരുന്നു പ്രധാന സംഘാടന ഉപകരണം.
അധികൃതരും വെറുതേയിരുന്നില്ല. ഫെയ്‌സ്ബുക്കിൻ്റെ ആല്‍ഗോരിതങ്ങള്‍ സമരവുമായി ബന്ധപ്പെട്ട വീഡിയോകളെയും പോസ്റ്റുകളെയും ”അക്രമപരമായി” ഫ്ളാഗ് ചെയ്‌തു പ്രചാരണ പരിധി കുറച്ചു. യൂണിയന്‍ പേജുകള്‍ക്ക് ”ഷാഡോ ബാനിംഗ്” അനുഭവപ്പെട്ടു.
പ്രോ-മാനേജ്‌മെന്റ് അക്കൗണ്ടുകള്‍ തൊഴിലാളി അക്രമത്തിനെതിരെ കൗണ്ടര്‍ നരേറ്റീവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെട്ടു. ചില പേജുകള്‍ക്ക് വിദേശബന്ധമുണ്ടെന്ന ആക്ഷേപവും ഉന്നയിച്ചു. നോയിഡയില്‍ ഇൻ്റെര്‍നെറ്റ് തന്നെ വിച്ഛേദിക്കപ്പെട്ടു. തൊഴിലാളികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് എതിരെ മുഖ്യധാരാ മാധ്യമങ്ങള്‍ സംഭ്രമജനകമായ വാര്‍ത്തകള്‍ വരെ സൃഷ്ടിച്ചു. വരുംകാലത്ത് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണവും സമാന്തര ന്യൂസ് പോര്‍ട്ടലുകളും എത്രമാത്രം പ്രധാനപ്പെട്ടത് ആയിരിക്കുമെന്നതിൻ്റെ സൂചനയാണിതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.