...
Home News International ലോസ് ആഞ്ചലസ് പ്രക്ഷോഭം; ഇടപെടാതെ ഫെഡറല്‍ കോടതി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മേയര്‍

ലോസ് ആഞ്ചലസ് പ്രക്ഷോഭം; ഇടപെടാതെ ഫെഡറല്‍ കോടതി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മേയര്‍

നേതാക്കന്മാരോടും നിയമ വിദഗ്‌ദർ സംസാരിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും

238

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റത്തിന് എതിരായ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ ലോസ് ആഞ്ചലസില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ഇടപെടാതെ ഫെഡറല്‍ കോടതി. നാഷണല്‍ ഗാര്‍ഡുകളേയും മറീനുകളെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം നല്‍കിയ അപേക്ഷ ഫെഡറല്‍ കോടതി തള്ളി.

ഗവര്‍ണറുടെ അപേക്ഷയില്‍ വ്യാഴാഴ്‌ച വാദം കേള്‍ക്കും. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ലോസ് ആഞ്ചലസില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോസ് ആഞ്ചലസ് മേയര്‍ കാരന്‍ ബാസിൻ്റെതാണ് പ്രഖ്യാപനം.

പ്രതിഷേധങ്ങള്‍ അവസാനിക്കണമെങ്കില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന റെയ്‌ഡുകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് മേയര്‍ കാരന്‍ ബാസ് പറഞ്ഞു. പ്രക്ഷോഭത്തില്‍ നഗരത്തില്‍ വലിയ രീതിയില്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ചു. നേതാക്കന്മാരോടും നിയമ വിദഗ്‌ദർ സംസാരിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് കരുതുന്നതെന്നും കാരന്‍ ബാസ് പറഞ്ഞു.

ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് ലോസ് ആഞ്ചലസ് പൊലീസ് ചീഫ് ജീം മക്‌ഡോണല്‍ പറഞ്ഞു. അടിയന്തരാവസ്ഥ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും. ശനിയാഴ്‌ച മുതല്‍ നഗരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു. ശനിയാഴ്‌ച മാത്രം 27 പേരെ അറസ്റ്റ് ചെയ്‌തത്. ഞായറാഴ്‌ച അത് 40 ആയി. തിങ്കളാഴ്‌ച 114 പേരെയും ചൊവ്വാഴ്‌ച 197 പേരെയും അറസ്റ്റ് ചെയ്‌തു.

പ്രക്ഷോഭം സമാധാനത്തിനും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും മേലുള്ള കടന്നുകയറ്റം ആണെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പ്രക്ഷോഭം തുടര്‍ന്നാല്‍ നഗരത്തിലേക്ക് കൂടുതല്‍ നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറല്‍ ഏജന്‍സികളുടെ നീക്കത്തിന് എതിരെയാണ് ലോസ് ആഞ്ചലസില്‍ പ്രതിഷേധം പുകയുന്നത്. ശനിയാഴ്‌ച ലോസ് ആഞ്ചലസിലെ പാരമൗണ്ടില്‍ സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധമായിരുന്നു സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ട്രംപ് നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയതോടെ പ്രതിഷേധം കനക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ലോസ് ആഞ്ചലസില്‍ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും കുടിയേറ്റക്കാർ ആണെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെയാണ് ട്രംപ് ലോസ് അഞ്ചലസിനെ തന്നെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.

കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്‌തിരുന്നു. അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിൻ്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നടപടികള്‍ കര്‍ശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് മൂവായിരം പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഐസിഇക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് വ്യാപക പ്രതിഷേധത്തില്‍ കലാശിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.