...
Home News National തീവണ്ടിയിൽ ഫോൺ നഷ്ടപ്പെട്ടോ? പോലീസ് സ്റ്റേഷൻ കയറാതെ പരാതി നൽകാം; പുതിയ ഡിജിറ്റൽ സംവിധാനവുമായി ദക്ഷിണ...

തീവണ്ടിയിൽ ഫോൺ നഷ്ടപ്പെട്ടോ? പോലീസ് സ്റ്റേഷൻ കയറാതെ പരാതി നൽകാം; പുതിയ ഡിജിറ്റൽ സംവിധാനവുമായി ദക്ഷിണ റെയിൽവേ

യാത്രയ്ക്കിടെ ഫോൺ നഷ്ടപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാൽ ഉടൻതന്നെ റെയിൽ മദദ് (Rail Madad) ആപ്പ് വഴിയോ അല്ലെങ്കിൽ 139 എന്ന നമ്പറിൽ വിളിച്ചോ വിവരം റിപ്പോർട്ട് ചെയ്യുകയാണ് ആദ്യം വേണ്ടത്.

165

തീവണ്ടി യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി പരാതി നൽകാൻ റെയിൽവേ പോലീസ് സ്റ്റേഷനുകൾ തേടി അലയേണ്ടതില്ല. യാത്രക്കാർക്ക് ട്രെയിനിൽ ഇരുന്നുതന്നെ ഡിജിറ്റൽ പരാതി നൽകാനും നഷ്ടപ്പെട്ട ഫോൺ നമ്പർ ബ്ലോക്ക് ചെയ്യാനും ദക്ഷിണ റെയിൽവേ പുതിയ സംവിധാനം ഏർപ്പെടുത്തി. റെയിൽവേ സംരക്ഷണ സേനയും (RPF) ടെലികോം വകുപ്പും സംയുക്തമായാണ് ഈ സൗകര്യം ഒരുക്കുന്നത്. ഫോൺ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഉടനടി ആരംഭിക്കാനും ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സാധിക്കും.

യാത്രയ്ക്കിടെ ഫോൺ നഷ്ടപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാൽ ഉടൻതന്നെ റെയിൽ മദദ് (Rail Madad) ആപ്പ് വഴിയോ അല്ലെങ്കിൽ 139 എന്ന നമ്പറിൽ വിളിച്ചോ വിവരം റിപ്പോർട്ട് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതിനുശേഷം സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (CEIR) പോർട്ടലിൽ ഡിജിറ്റൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ഇതോടെ ആർ.പി.എഫും മേഖലാ സൈബർ സെല്ലും ചേർന്ന് ഫോൺ ഉടനടി ബ്ലോക്ക് ചെയ്യുകയും അത് കണ്ടെത്താനുള്ള നടപടികൾ തുടങ്ങുകയും ചെയ്യും.

ഈ പുതിയ സംവിധാനം വഴി പരാതി നൽകുന്നതിന് പോലീസ് സ്റ്റേഷനിൽ പോകാനോ എഫ്.ഐ.ആർ. (FIR) രജിസ്റ്റർ ചെയ്യാനോ ആവശ്യമില്ല എന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. ഫോൺ ദുരുപയോഗം ചെയ്യുന്നത് തടയാൻ രാജ്യത്തെ എല്ലാ നെറ്റ്‌വർക്കുകളിലും ആ ഫോൺ ബ്ലാക്ക്‌ലിസ്റ്റിൽ പെടുത്തും. സ്വന്തം ഫോൺ നഷ്ടപ്പെട്ട സാഹചര്യത്തിൽ സഹയാത്രികരുടെ ഫോൺ ഉപയോഗിച്ചോ, തനിച്ച് യാത്ര ചെയ്യുന്നവർക്ക് ടി.ടി.ഇ. (TTE) അല്ലെങ്കിൽ ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ സഹായം തേടിയോ ഡിജിറ്റൽ പരാതി സമർപ്പിക്കാവുന്നതാണ്.

ഈ സേവനം കൃത്യമായി പ്രയോജനപ്പെടുത്തുന്നതിന് ചില മുൻകരുതലുകൾ എടുക്കണമെന്ന് റെയിൽവേ നിർദ്ദേശിക്കുന്നു. ഓരോരുത്തരും സ്വന്തം മൊബൈൽ ഫോണിന്റെ 15 അക്ക ഐ.എം.ഇ.ഐ. (IMEI) നമ്പർ ഒരു ഡയറിയിൽ എഴുതിവെക്കുകയോ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഡിജിറ്റൽ പരാതി രജിസ്റ്റർ ചെയ്യുന്നതിനും ഫോൺ വേഗത്തിൽ ബ്ലോക്ക് ചെയ്യുന്നതിനും ഈ നമ്പർ ഏറെ സഹായകരമാകും. പുതിയ മാറ്റം റെയിൽവേയിലെ മൊബൈൽ മോഷണങ്ങൾ കുറയ്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.