...
Home News Kerala സമരം കടുപ്പിച്ച് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ; തലമുണ്ഡനം ചെയ്ത് ജയകൃഷ്ണന്റെ പ്രതിഷേധം

സമരം കടുപ്പിച്ച് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ; തലമുണ്ഡനം ചെയ്ത് ജയകൃഷ്ണന്റെ പ്രതിഷേധം

ജീവന് വിലകൽപ്പിക്കാത്ത സർക്കാരിന് മുന്നിൽ എന്തിനാണ് നിരാഹാരം കിടക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ടെന്നും ജയകൃഷ്ണൻ

221

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കി എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ. നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്ന എം. ജയകൃഷ്ണൻ തലമുണ്ഡനം ചെയ്താണ് പ്രതിഷേധം ആരംഭിച്ചത്. എസ്. വളർമതിയും സമരപ്പന്തലിൽ തുടരുന്നുണ്ട്. ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം 138 ദിവസം പിന്നിട്ടു.

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായാണ് ജയകൃഷ്ണൻ രംഗത്തെത്തിയത്. ‘മുഖ്യമന്ത്രി ഇന്നും കരയുമോ എന്നറിയില്ല. അദ്ദേഹത്തിന് കരച്ചിൽ വരാതിരിക്കട്ടെ. മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല’ എന്നായിരുന്നു ജയകൃഷ്ണന്റെ പ്രതികരണം.

സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചർച്ചയ്ക്ക് വഴിയൊരുക്കിയത് മുഖ്യമന്ത്രിയാണെന്ന് പറയുമ്പോഴും ചർച്ചയ്ക്ക് തടസ്സം നിന്നത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനവകുപ്പാണെന്നാണ് ജയകൃഷ്ണന്റെ ആരോപണം. സർക്കാർ മുഖം രക്ഷിക്കാനുള്ള നാടകം മാത്രമാണ് ചർച്ചയെന്നും നിരാഹാരം തുടരുന്ന ഉദ്യോഗാർത്ഥികളോട് ഒരാഴ്ചത്തെ സമയം ആവശ്യപ്പെടുന്നത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നിരാഹാര സമരം അവസാനിപ്പിക്കുന്നതായി എം. ജയകൃഷ്ണൻ അറിയിച്ചു. ജീവൻ രക്ഷിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ലെന്നും നിരാഹാരം അവസാനിപ്പിക്കുന്നത് സമരത്തിൽനിന്നുള്ള പിന്മാറ്റമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവന് വിലകൽപ്പിക്കാത്ത സർക്കാരിന് മുന്നിൽ എന്തിനാണ് നിരാഹാരം കിടക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ടെന്നും ജയകൃഷ്ണൻ കൂട്ടിച്ചേർത്തു. നിലവിൽ ജയകൃഷ്ണൻ മാത്രമാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. എസ്. വളർമതി നിരാഹാര സമരം തുടരുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.