കേരള രാഷ്ട്രീയത്തിൽ എപ്പോഴും സജീവമായ പേരാണ് എം.സ്വരാജ്. നിലമ്പൂർ സ്വദേശിയായ സ്വരാജ് വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ ആണ് പൊതുപ്രവർത്തന രംഗത്ത് ഉയർന്നു വന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി എം.സ്വരാജ് എത്തുന്നതോടെ നിലവിലെ രാഷ്ട്രീയ കേരളത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന ഈ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന് കൂടുതൽ ശക്തിയേറും.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമാണ് എം.സ്വരാജ്. 2016 മുതൽ 2021 വരെ തൃപ്പൂണിത്തുറ എംഎൽഎ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സ്വരാജ് വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് ഉയർന്നു വന്നത്.
ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയും വഹിച്ചു. മികച്ച വാഗ്‌മിയും നിരവധി പുസ്‌തങ്ങളുടെ രചയിതാവുമാണ്. ആനുകാലികങ്ങളിലും പത്രങ്ങളിലും ഉൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതി.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് കെ.ബാബുവിനെ അട്ടിമറിച്ചാണ് 2016ൽ തൃപ്പുണിത്തുറയിൽ നിന്ന് എംഎൽഎ ആയത്. നിയമസഭക്ക് അകത്തും പുറത്തും മികച്ച സാമാജികനെന്ന പേര് നേടി. ദേശാഭിമാനി റസിഡന്റ് എഡിറ്ററായി പത്രപ്രവർത്തന മേഖലയിലും അടയാളപ്പെടുത്തി.
ആനുകാലിക വിഷയങ്ങളിൽ രാഷ്‌ട്രീയ നിലപാടുകളും പാർട്ടിനയവും അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമായി. വിഷയങ്ങൾ സമഗ്രമായും ആഴത്തിലും പഠിച്ച് വിശകലനം ചെയ്യുന്ന ശൈലി എതിരാളികളുടെ അടക്കം ആദരവ് ആർജിക്കാൻ ഇടയാക്കി. പൂക്കളുടെ പുസ്‌തകം, മരണം കാത്ത് ദൈവങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കവിതകൾ, യാത്രാ വിവരണങ്ങൾ എന്നിവയും രചിച്ചിട്ടുണ്ട്.
പാലേമാട് ശ്രീവിവേകാന്ദ ഹയർസെക്കൻഡറി സ്‌കൂളിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായാണ് വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമാകുന്നത്. എസ്‌എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയുമായി. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കും എതിരായ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയതിന് പൊലീസ് ഭീകരതക്കും ഇരയായി. യുവധാര, സ്‌റ്റുഡന്റ് മാസികകളുടെ പത്രാധിപരായിരുന്നു.
കലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ചുങ്കത്തറ മാർതോമ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തിലും കേരള ലോ-അക്കാദമി ലോ- കോളേജിൽ നിന്ന് നിയമത്തിലും ബിരുദം നേടി. മലയാളത്തിൽ ബിരുദാനന്തര ബിരുദവുമുണ്ട്. നിലമ്പൂർ പോത്തുക്കല്ല് പതാർ സുമാ നിവാസിൽ പി.എൻ മുരളീധരൻ്റെയും പിആർ സുമാംഗിയമ്മയുടേയും മകനാണ്. സരിതയാണ് ഭാര്യ.



