...
Home Entertainments ‘മലയാള സിനിമയിൽ മാഫിയ സംഘം, ആരെയും വിശ്വസിക്കാൻ കൊള്ളില്ല’; 32 വർഷം മുമ്പ് നടി ഉഷ...

‘മലയാള സിനിമയിൽ മാഫിയ സംഘം, ആരെയും വിശ്വസിക്കാൻ കൊള്ളില്ല’; 32 വർഷം മുമ്പ് നടി ഉഷ പറഞ്ഞത്

ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും എന്താണ് പ്രതികരിക്കാൻ മുന്നോട്ടു വരാത്തതെന്ന് അറിയില്ലെന്നും പ്രതികരിച്ചു

280

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയില്‍ സ്ത്രീകൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് ഒട്ടേറെ പേരാണ് തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. മലയാള സിനിമയിൽ 15 അംഗ പവർ ഗ്രൂപ്പുണ്ടെന്നും മാഫിയ സംഘമായാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ നടി ഉഷ, 32 വർഷം മുമ്പ് 1992ൽ തന്നെ ഇതേ കാര്യം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

മലയാള സിനിമ എന്നാൽ മാഫിയ സംഘമാണെന്നും സിനിമയിലുള്ള ആൾക്കാരെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ആയിരുന്നു ഉഷ അന്ന് അഭിമുഖത്തിൽ പറഞ്ഞത്. ‘‘സിനിമയിൽ നിന്ന് നല്ല അനുഭവല്ല എനിക്കുണ്ടായത്. സിനിമയിലുള്ള ആൾക്കാരെ വിശ്വസിക്കാൻ കൊള്ളില്ല. ഇനി വരാൻ പോകുന്ന കുട്ടികളോടും ഇപ്പോൾ അപകടം പറ്റാതെ തുടരുന്ന കുട്ടികളോടും എനിക്ക് പറയാനുള്ളത്. ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നാണ്. സിനിമ എന്നുപറയുന്നത് മാഫിയ സംഘമാണ്. ബർമുഡ ട്രയാങ്കിളിൽ പെട്ടുപോകാൻ സാധ്യതയുണ്ട്. ഞാൻ പെട്ടുപോയി. എൻ്റെ അനുഭവം വച്ചാണ് പറയുന്നത്. എനിക്ക് അപകടം പറ്റി. അതിൻ്റെ അനുഭവത്തിൽ പറയുകയാണ്. കുട്ടികൾ വളരെ ശ്രദ്ധിച്ച് നിൽക്കണം’’-അഭിമുഖത്തിൽ ഉഷ പറയുന്നു.

ഈ അഭിമുഖത്തിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഇന്നും നടി ഉഷ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സ്ത്രീപക്ഷത്ത് നിൽക്കണമെന്നാണ് തങ്ങളെല്ലാവരും ആവശ്യപ്പെടുന്നതെന്നും കഴിഞ്ഞദിവസം അമ്മ സംഘടന വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സ്ത്രീപ്രതിനിധിയായി ഇരുന്ന ജോമോളുടെ സംസാരം കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയെന്നും നടി ഉഷ രാവിലെ പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും എന്താണ് പ്രതികരിക്കാൻ മുന്നോട്ടു വരാത്തതെന്ന് അറിയില്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

വനിതകളെ പ്രതിനിധീകരിച്ച് വരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയം​ഗങ്ങളെ ചുമതലപ്പെടുത്തുമ്പോൾ വനിതകളുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും കുറച്ചുകൂടി കാര്യ​ഗൗരവത്തോടെയും മുഖം നോക്കാതെയും സംസാരിക്കുന്നവരെ കൊണ്ടുവരണമെന്നാണ് എപ്പോഴും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് ഉഷ പറഞ്ഞു. അറിവില്ലായ്‌മ കൊണ്ടോ എന്തോ ആ കുട്ടി കഴിഞ്ഞദിവസം സംസാരിച്ചത് തീരെ ശരിയായില്ല എന്നാണ് തോന്നിയതെന്നും അവർ പറഞ്ഞു.

‘‘ജ​ഗദീഷേട്ടൻ സംസാരിച്ചത് വളരെ പോസിറ്റീവായിട്ടാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. അധ്യാപകനായതിൻ്റെയും രണ്ട് പെൺമക്കളുള്ളതിൻ്റെയും പക്വത ആ വാക്കുകളിലുണ്ടായിരുന്നു. ഏത് പ്രശ്നം വന്നാലും അദ്ദേഹം അങ്ങനെ തന്നെയാണ് പ്രതികരിക്കാറുള്ളത്. എൻ്റെ മുറിയിൽ ആരെങ്കിലും വന്ന് തട്ടിയിട്ടല്ലല്ലോ ഞാൻ വന്ന് സംസാരിക്കുന്നത്. എനിക്കൊപ്പം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് ഒരു കമ്മീഷൻ തന്നെയാണ് പറഞ്ഞിരിക്കുന്നത്. എനിക്കങ്ങനെ സംഭവിച്ചിട്ടില്ല. അതുകൊണ്ട് എന്ന ആ വാക്കാണ് ഉൾക്കൊള്ളാനേ പറ്റാത്തത്.’’-ഉഷ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.