...
Home News National കോൺഗ്രസിൽ വൻ അഴിച്ചുപണി; 81 ദേശീയ സെക്രട്ടറിമാരെ നിയമിച്ചു, 43 പേർ പുതുമുഖങ്ങൾ

കോൺഗ്രസിൽ വൻ അഴിച്ചുപണി; 81 ദേശീയ സെക്രട്ടറിമാരെ നിയമിച്ചു, 43 പേർ പുതുമുഖങ്ങൾ

പുതിയ നേതൃത്വനിരയെ വളർത്തിയെടുക്കാനുമുള്ള കോൺഗ്രസിന്റെ നിർണായക നീക്കമായാണ് പുതിയ നിയമനങ്ങൾ വിലയിരുത്തപ്പെടുന്നത്

309

ന്യൂഡൽഹി: 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘടനാ സംവിധാനത്തിൽ വൻ അഴിച്ചുപണിയുമായി കോൺഗ്രസ്. വിവിധ സംസ്ഥാനങ്ങളുടെയും സംഘടനാ വിഭാഗങ്ങളുടെയും ചുമതലകൾക്കായി 81 ദേശീയ സെക്രട്ടറിമാരെ നിയമിച്ചു. പുതിയ പട്ടികയിൽ 43 പേർ പുതുമുഖങ്ങളാണ്. നേരത്തെ ചുമതല വഹിച്ചിരുന്ന 25 നേതാക്കളെ ഒഴിവാക്കിയിട്ടുണ്ട്. സാമൂഹിക പ്രാതിനിധ്യത്തിനും യുവ നേതൃത്വത്തിനും വനിതകൾക്കും പരിഗണന നൽകിയാണ് പുതിയ നിയമനങ്ങളെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പുതിയ ദേശീയ സെക്രട്ടറിമാരുടെ പട്ടിക പ്രഖ്യാപിച്ചത്. നിയമിതരായവരിൽ പകുതിയോളം പേർ മറ്റ് പിന്നാക്ക വിഭാഗം (ഒബിസി), പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്ടി) വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇതിന് പുറമെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും പ്രതിനിധീകരിക്കുന്നവർക്കും ഇടം നൽകിയിട്ടുണ്ട്.

പുതിയ പട്ടികയിലെ 81 പേരിൽ 29 പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഒബിസി വിഭാഗത്തിൽ നിന്ന് 20 പേരും ഇബിസി വിഭാഗത്തിൽ നിന്ന് അഞ്ച് പേരും പട്ടികജാതി വിഭാഗത്തിൽ നിന്ന് 11 പേരും പട്ടികവർഗ വിഭാഗത്തിൽ നിന്ന് അഞ്ച് പേരുമാണ് നിയമിതരായത്. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് 11 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പുതിയ സെക്രട്ടറിമാരിൽ മൂന്നിൽ രണ്ടോളം പേർ പിന്നാക്ക, ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരായി.

12 വനിതകൾക്കും അവസരം

വനിതാ പ്രാതിനിധ്യത്തിനും പുതിയ നിയമനങ്ങളിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. 81 ദേശീയ സെക്രട്ടറിമാരിൽ 12 പേർ വനിതകളാണ്. ഏകദേശം 15 ശതമാനമാണ് വനിതാ പ്രാതിനിധ്യം. പുതിയ സെക്രട്ടറിമാരുടെ ശരാശരി പ്രായം 49 വയസാണ്. മൂന്നിൽ രണ്ടോളം പേരും 50 വയസിൽ താഴെയുള്ളവരാണെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ ദേശീയ സെക്രട്ടറിമാരെ കണ്ടെത്തുന്നതിനായി രാഹുൽ ഗാന്ധി ഏകദേശം 200 പാർട്ടി നേതാക്കളുമായി അഭിമുഖം നടത്തിയിരുന്നു. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവരും തിരഞ്ഞെടുപ്പ് നടപടികളിൽ പങ്കാളികളായി. ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന സാമൂഹിക നീതി എന്ന രാഷ്ട്രീയ നിലപാടിന്റെ പ്രതിഫലനം പുതിയ പട്ടികയിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷണം. സംസ്ഥാനങ്ങളിലെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാനും നേതൃത്വം ലക്ഷ്യമിടുന്നു.

പ്രധാന ചുമതലകളിൽ മാറ്റമില്ല

ആശയവിനിമയം, പ്രചാരണം, മാധ്യമം, സമൂഹമാധ്യമം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളുടെ ചുമതലയിൽ ഡോ. വിനീത് പുനിയയെയും രുചിര ചതുർവേദിയെയും കോൺഗ്രസ് നിലനിർത്തിയിട്ടുണ്ട്. പ്രണവ് ഝാ, ഗൗരവ് പാണ്ഡെ എന്നിവർക്ക് കോൺഗ്രസ് അധ്യക്ഷന്റെ ഓഫീസിലെ ചുമതലകളും വീണ്ടും നൽകി.

ഉത്തർപ്രദേശിൽ അഭിഷേക് ദത്ത്, വരുൺ ചൗധരി, കുനാൽ ചൗധരി, ജഗദീഷ് ചന്ദർ ജംഗിദ്, അബ്ദുൽ ഹന്നാൻ, സഞ്ജീവ് ആര്യ എന്നിവരുടെ ചുമതലകളിലും മാറ്റമില്ല.

25 നേതാക്കളെ ഒഴിവാക്കി

പുതിയ പട്ടികയിൽ ഇടം ലഭിക്കാത്ത 25 നേതാക്കളിൽ അംബ പ്രാസാദ്, ബി.എം. സന്ദീപ്, ചേതൻ ചൗഹാൻ, ചിരഞ്ജീവ് റാവു, ക്രിസ്റ്റഫർ തിലക്, ദേവേന്ദർ യാദവ്, ദിവ്യ മദേർണ, മൻസൂർ അലി ഖാൻ തുടങ്ങിയവർ ഉൾപ്പെടുന്നു.

നവീൻ ശർമ, പി. ഗോപി, പി. വിശ്വനാഥൻ, പൃഥ്വിരാജ് സാഥെ, പൂനം പാസ്വാൻ, റോജി എം. ജോൺ, ഋത്വിക് മക്വാന, എസ്.എ. സമ്പത്ത് കുമാർ, സഞ്ജന ജാതവ്, ഷാനവാസ് ആലം, ടി.എൻ. പ്രതാപൻ, ഉഷ നായിഡു, വിജയ് ജംഗിദ് എന്നിവരെയും ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താൻ നീക്കം

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ദേശീയ സെക്രട്ടറിമാർക്ക് നിർണായക പങ്കാണുള്ളത്. താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുക, സംഘടനാ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുക, വിവിധ വിഭാഗങ്ങളുമായി ബന്ധം ഉറപ്പാക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളും ഇവർക്കുണ്ട്.

അടുത്തിടെ മികച്ച പ്രകടനം കാഴ്ചവെച്ച ചില സെക്രട്ടറിമാർക്ക് തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളുടെ കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകിയിരുന്നു. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനും പുതിയ നേതൃത്വനിരയെ വളർത്തിയെടുക്കാനുമുള്ള കോൺഗ്രസിന്റെ നിർണായക നീക്കമായാണ് പുതിയ നിയമനങ്ങൾ വിലയിരുത്തപ്പെടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.