9 September 2026
Home News International ഒമാനിൽ ജ്വല്ലറിയിൽ വൻ കവർച്ച ; രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ

ഒമാനിൽ ജ്വല്ലറിയിൽ വൻ കവർച്ച ; രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ

സ്ഥാപനത്തിന്റെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കവർച്ച നടത്തി പുറത്തേക്ക് വരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.

267

ഒമാനിലെ ഒരു ജ്വല്ലറിയിൽ വൻ കവർച്ച നടത്തി രക്ഷപ്പെടാൻ ശ്രമിച്ച യൂറോപ്യൻ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മസ്‌കത്ത് ഗവർണറേറ്റിലെ ജ്വല്ലറിയിൽ നിന്ന് ഏകദേശം 23 കോടിയിലധികം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് ഇരുവരും കവർന്നത്.

സ്ഥാപനത്തിന്റെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കവർച്ച നടത്തി പുറത്തേക്ക് വരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

അൽ ഖുബ്റ പ്രദേശത്തെ ജ്വല്ലറിയ്ക്ക് സമീപം ഇവർ താമസത്തിനായി മുറിയെടുത്തിരുന്നു. ടൂറിസ്റ്റ് വിസയിൽ ഒമാനിലെത്തിയ പ്രതികൾ മോഷ്ടിച്ച സ്വർണം ഇവിടെ ഒളിപ്പിച്ച് പിന്നീട് രാജ്യം വിടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് പ്രതികളെ പിന്തുടർന്ന് സാഹസികമായ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു.

മോഷ്ടിച്ച മുഴുവൻ ആഭരണങ്ങളും പോലീസ് വീണ്ടെടുത്തു. വാടകയ്ക്ക് എടുത്തിരുന്ന ഒരു ബോട്ടിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. മോഷണത്തിനായി ഉപയോഗിച്ച ആയുധങ്ങളും അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.