...
Home News Kerala മലപ്പുറം ജില്ല വിഭജിക്കണം; പുതിയ ജില്ലാരൂപീകരണം അനിവാര്യമെന്ന് സമസ്ത

മലപ്പുറം ജില്ല വിഭജിക്കണം; പുതിയ ജില്ലാരൂപീകരണം അനിവാര്യമെന്ന് സമസ്ത

249

മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രമേയം പാസാക്കി. കാസര്‍ഗോഡ് കുണിയയില്‍ നടക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. നാല്‍പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറത്ത് പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണെന്ന് സമസ്ത പ്രമേയത്തില്‍ വ്യക്തമാക്കി.

ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാനമായ ഭരണപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജില്ലകളുടെ പുനര്‍നിര്‍ണയം നടത്തണമെന്നും സമസ്ത ആവശ്യപ്പെട്ടു. ഉമര്‍ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്.

കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഭരണനിര്‍വഹണത്തില്‍ നേരിടുന്ന വെല്ലുവിളികളും പരിഗണിക്കുമ്പോള്‍ ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമാണെന്ന് പ്രമേയത്തില്‍ പറയുന്നു. മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും വിഭവങ്ങളുടെ സമചിതമായ വിതരണം ഉറപ്പാക്കാനും പുതിയ ജില്ലാരൂപീകരണം അത്യാവശ്യമാണെന്നും വ്യക്തമാക്കുന്നു.

പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതോടെ സിവില്‍ സ്റ്റേഷനുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളോട് കൂടുതല്‍ അടുത്തെത്തുമെന്നും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് വേഗം നല്‍കുമെന്നും സമസ്ത വിലയിരുത്തി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് രംഗത്തിറങ്ങണമെന്നും സമസ്ത ആവശ്യപ്പെട്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.