...
Home News Kerala രേവന്ത്‌ റെഡ്ഢിയെ അറിയാത്ത മലയാളികൾ ശരിക്കുമൊന്ന് അയാളെ പരിചയപ്പെടണം

രേവന്ത്‌ റെഡ്ഢിയെ അറിയാത്ത മലയാളികൾ ശരിക്കുമൊന്ന് അയാളെ പരിചയപ്പെടണം

സിനിമകളിലൊക്കെ കാണുന്ന തരം പൊളിറ്റിക്സ് ബിസിനസും - ബിസിനസ് പൊളിറ്റിക്സുമാക്കി കരിയറിസ്റ്റ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ടിപ്പിക്കൽ തെലുങ്ക് സിനിമകളിൽ വില്ലൻ രാഷ്ട്രീയക്കാരനെ ഓർമിപ്പിക്കുന്ന കരിയർ.

285

| ശ്രീകാന്ത് പികെ

കേരളത്തിലെ മിക്ക പാർടി പരിപാടികൾക്കും ഇപ്പോൾ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢിയെ കോൺഗ്രസ് ആനയിച്ച് കൊണ്ട് വരുന്നുണ്ട്. നല്ല കാര്യമാണ്. കോൺഗ്രസ് ഭരിക്കുന്ന കാലത്ത് രാജസ്ഥാനായിരുന്നു കേരളത്തിലെ കോൺഗ്രസിന്റെ പ്രധാന ഫണ്ടിങ്ങ് നടത്തിയിരുന്നത്. മനോരമക്ക് മാസത്തിൽ രണ്ട് മുഴുപ്പേജ് പരസ്യവും കിട്ടുമായിരുന്നു. അത് മാറിയപ്പോൾ ഇപ്പോൾ തെലങ്കാന – കർണ്ണാടക ഗവണ്മെന്റുകൾ വഴിയായി ഫണ്ടിങ്. കേരളത്തിൽ നാലാൾക്ക് അറിയില്ലെങ്കിലും കിട്ടുന്ന ഫണ്ടിന്റെ നന്ദി എന്തായാലും കോൺഗ്രസുകാർ കാണിക്കുന്നുണ്ടല്ലോ. സന്തോഷം.

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്ന് രേവന്ത് റെഡ്ഢി മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പരിഹസിച്ചു കൊണ്ട് എന്തോ സിനിമാ സ്റ്റൈൽ ഡയലോഗൊക്കെ അടിച്ചിട്ടുണ്ടെന്ന് യുഡിഎഫ് ഗ്രൂപ്പുകളുടെ പ്രചരണം കണ്ടു. രേവന്ത് റെഡ്ഢി അല്ലെങ്കിലും സിനിമാ സ്റ്റൈൽ ഡയലോഗുകൾ മാത്രമല്ല, സിനിമാ സ്റ്റൈൽ രാഷ്ട്രീയ ജീവിതത്തിനും പേര് കേട്ട ആളാണല്ലോ.

കേരളത്തിൽ ഇടയ്ക്കിടെ വരുന്നത് കൊണ്ടും ഇനിയങ്ങോട്ടും വരാൻ സാധ്യതയുള്ളത് കൊണ്ടും രേവന്ത്‌ റെഡ്ഢിയെ അറിയാത്ത മലയാളികൾ ശരിക്കുമൊന്ന് അയാളെ പരിചയപ്പെടണം. 2015 -ൽ ലെജിസ്‌ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയുടെ വോട്ടുറപ്പിക്കാൻ 50 ലക്ഷം രൂപ കോഴ ഓഫർ ചെയ്ത കേസിൽ സ്റ്റിംഗ് ഓപ്പറേഷനിലൂടെ ആന്റി കറപ്ഷൻ ബ്യൂറോ പൊക്കുകയും, അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിച്ച ആളുമാണ് കേരളത്തിൽ വന്ന് ഇവിടെ മൊത്തം അഴിമതിയാണെന്ന് പ്രസംഗിച്ച ഈ മഹാൻ.

സിനിമകളിലൊക്കെ കാണുന്ന തരം പൊളിറ്റിക്സ് ബിസിനസും – ബിസിനസ് പൊളിറ്റിക്സുമാക്കി കരിയറിസ്റ്റ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ടിപ്പിക്കൽ തെലുങ്ക് സിനിമകളിൽ വില്ലൻ രാഷ്ട്രീയക്കാരനെ ഓർമിപ്പിക്കുന്ന കരിയർ. രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബം. ആർ.എസ്‌.എസിൽ ആകൃഷ്ടനായി എ.ബി.വി.പിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. പഠന ശേഷം കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് – പ്ലാന്റേഷൻ ബിസിനസുകളൊക്കെ ഏറ്റെടുത്ത് നടത്തുകയായിരുന്നു. അതിനിടെ കോൺഗ്രസ് നേതാവ് ജയ്പാൽ റെഡ്ഢിയുടെ അനന്തിരവൾ ഗീത റെഡ്ഢിയുമായുള്ള വിവാഹം.

ആർഎസ്‌എസുകാരനായ രേവന്ത്‌ റെഡ്ഢിക്ക് ബിജെപിയിലൂടെ സംസ്ഥാനത്ത് പൊളിറ്റിക്കൽ കരിയറുണ്ടാക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവിൽ 2001- ൽ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) രൂപീകരിക്കുമ്പോൾ ചന്ദ്രശേഖര റാവുവിനൊപ്പം ചേർന്നു. എന്നാൽ 5 വർഷത്തിനിടെ മെച്ചപ്പെട്ട ഒപ്പോർച്ചുനിറ്റി തപ്പി 2006 -ൽ ടി.ആർ.എസ് വിട്ട് തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) യിലേക്ക് പോയി. 2009- ലും 2014- ലും ടി.ഡി.പി മുഖമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2015 – ലെ വോട്ടിന് കോഴ കേസിൽ പിടിക്കപ്പെടുകയും ജയിലാകുകയുമൊക്കെ ചെയ്ത ശേഷം അധികം വൈകാതെ 2017-ൽ ടി.ഡി.പി വിട്ട് കോൺഗ്രസിലേക്ക്. 2019 -ൽ കോൺഗ്രസ് ടിക്കറ്റിൽ എം.പി, 2021-ൽ പിസിസി പ്രസിഡന്റ്, 2023 – ലെ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി.

അവസാന തെരഞ്ഞെടുപ്പ് സമയത്ത് കൊടുത്ത സത്യവാങ്മൂല പ്രകാരം 30 കോടി രൂപയുടെ ഡിക്ലയർ ചെയ്ത സ്വത്തുക്കളുണ്ട്. ആർ.എസ്‌.എസിൽ തുടങ്ങി വിവിധ പാർടികൾ ചാടി ചാടി ഒടുവിൽ കോൺഗ്രസിലെത്തി 5 വർഷം പിന്നിടുമ്പോഴേക്കും സംസ്ഥാന മുഖ്യമന്ത്രി. സാധാരണ നിലയിൽ ബിജെപിക്ക് ബാലികേറാമലയായി നിൽക്കുന്ന നിലയിൽ പ്രാദേശിക പാർടികളോ – കോൺഗ്രസ് ഇതര പാർടികളോ ശക്തമായി നിൽക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിയാൽ അധികം വൈകാതെ തന്നെ ആ സംസ്ഥാനം ബിജെപി പിടിച്ചടക്കുന്നതാണ് കാണാറുള്ളത്. അങ്ങനെ വല്ലതും തെലങ്കാനയിൽ സംഭവിച്ചാൽ ചിലപ്പോൾ ബിജെപി മുഖ്യമന്ത്രിയായും രേവന്ത് റെഡ്ഢിയെ കാണാം.

ഇപ്പോൾ മുസ്ലീങ്ങൾക്കെതിരെ വിഷം തുപ്പിക്കൊണ്ടിരിക്കുന്ന പഴയ കോൺഗ്രസ് പിസിസി പ്രസിഡന്റായിരുന്ന ആസാം മുഖ്യനെ പോലെ അന്ന് ചിലപ്പോൾ ഇദ്ദേഹവും ബിജെപിയുടെ തെക്കേ ഇന്ത്യൻ മുഖമാകാം. ഇത്രയും തങ്കപ്പെട്ട പൊളിറ്റിക്കൽ കരിയറുള്ള ആളെ തന്നെ കോൺഗ്രസ് നേതാക്കൾ കേരളത്തിലേക്ക് ആനയിച്ച് കൊണ്ട് വരുകയും, പിണറായി വിജയനെ പോലെയൊരു പൊളിറ്റിക്കൽ കരിയറുള്ള നേതാവിനെ അധിക്ഷേപിക്കാൻ നിയോഗിക്കുകയുമൊക്കെ ചെയ്യുന്നത് നല്ല കാര്യമാണ്. മലയാളികളും കോൺഗ്രസുകാരുടെ ഈ പുത്തൻ നേതാവിനെ നല്ലത് പോലെയൊന്ന് മനസിലാക്കട്ടെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.