...
Home News Kerala പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മാളവിക ശ്രീനാഥ്; പത്ത് വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്, ഇപ്പോഴത്തെ പ്രശ്‌നങ്ങളിൽ എനിക്ക്...

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മാളവിക ശ്രീനാഥ്; പത്ത് വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്, ഇപ്പോഴത്തെ പ്രശ്‌നങ്ങളിൽ എനിക്ക് ഒരു പങ്കുമില്ല

മാളവിക മനസുവച്ചാൽ മഞ്ജുവാര്യരുടെ മകളുടെ വേഷം ലഭിക്കുമെന്നാണ് ഓഡീഷൻ നടത്തിയ ആൾ പറഞ്ഞത്

251

ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾക്ക്, തൻ്റെ പേരിൽ പ്രചരിക്കുന്ന വീഡിയോയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് നടി മാളവിക ശ്രീനാഥ്. താൻ സിനിമയിൽ എത്തുന്നതിന് മുമ്പ് നടന്ന സംഭവത്തെ കുറിച്ച് പറഞ്ഞതാണ് ആ വീഡിയോയിൽ ഉള്ളതെന്നും മാളവിക പറഞ്ഞു. മുമ്പത്തെ വീഡിയോയിലെ ചില ഭാ​ഗങ്ങൾ കട്ട് ചെയ്‌ത്‌ ചിലർ പ്രചരിപ്പിക്കുന്നതാണെന്നും നടി വ്യക്തമാക്കി. ഇൻസ്റ്റ​ഗ്രാമിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.

‘ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എൻ്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവൻ അഭിമുഖവും കണ്ടിട്ടില്ല, യഥാർത്ഥ സംഭവത്തെക്കുറിച്ച് അറിയുകയും ഇല്ല. പത്ത് വർഷങ്ങൾക്ക് മുമ്പ് നടന്ന അനുഭവമാണ് പങ്കുവെച്ചത്. ഞാൻ സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ്. അതിൽ പങ്കെടുത്തവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. അവർ പണം നേടാൻ വേണ്ടി നടത്തിയ fake audition ആയിരുന്നു.

ഇപ്പോഴത്തെ പ്രശ്‌നങ്ങളുമായി എൻ്റെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ്പ് ശ്രദ്ധ നേടാൻ വേണ്ടി ഷെയർ ചെയ്യുന്നത് നിർത്തുക. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ല.’- മാളവിക കുറിച്ചു.

കാസർ​ഗോൾഡ്, സാറ്റർഡേ നൈറ്റ്, മധുരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയായിരുന്നു മാളവിക. ഹേമകമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, മാളവിക മുമ്പ് കൊടുത്ത അഭിമുഖത്തിൽ പറയുന്ന സിനിമ ലൂസിഫറിൻ്റെത് ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയിലെ സത്യാവസ്ഥയെ കുറിച്ചാണ് മാളവിക കുറിപ്പിലൂടെ വ്യക്തമാക്കിയത്.

മാളവിക മനസുവച്ചാൽ മഞ്ജുവാര്യരുടെ മകളുടെ വേഷം ലഭിക്കുമെന്നാണ് ഓഡീഷൻ നടത്തിയ ആൾ പറഞ്ഞത്. എന്നാൽ, താൻ അവിടെ നിന്നും ഭാ​ഗ്യം കൊണ്ട് രക്ഷപ്പെട്ടെന്നുമാണ് പ്രചരിക്കുന്ന വീഡിയോയിൽ നടി പറയുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.