...
Home News Kerala ‘പണമില്ലെങ്കിലും പഠിക്കാൻ കൂടെ മമ്മൂട്ടിയുണ്ട്’; വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസ പദ്ധതി

‘പണമില്ലെങ്കിലും പഠിക്കാൻ കൂടെ മമ്മൂട്ടിയുണ്ട്’; വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസ പദ്ധതി

ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എംജിഎം ഗ്രൂപ്പുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരം

403

പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് ഇനി തുടർപഠനത്തിന് പണം ഒരു പ്രശ്‌നമാകില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുവാന്‍ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇൻ്റെർനാഷണൽ ആവിഷ്‌കരിച്ച വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിദ്യാമൃതം-5 പദ്ധതിയുടെ ഉദ്‌ഘാടന വിവരം ആദ്യം പങ്കുവെച്ചത്.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. എംജിഎം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ ഇൻ്റെർനാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ലോഗോ ഏറ്റുവാങ്ങി.

എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എംജിഎം ഗ്രൂപ്പുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരം ഒരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ & ഷെയര്‍ ഇൻ്റെര്‍നാഷണല്‍ ഫൗണ്ടേഷന്‍.

ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍, മാതാവോ പിതാവോ നഷ്‌ടപ്പെട്ടുപോയവര്‍, ക്യാന്‍സര്‍ മുതലായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങി പരിമിതമായ ജീവിത സാഹചര്യങ്ങള്‍ മൂലം മികച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാൻ സാധിക്കാത്തവർക്ക് ആണ് വിദ്യാമൃതം-5 തുണയാകുന്നത്.

ഒരു കൈത്താങ്ങായി ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കി സാമൂഹിക പ്രതിബദ്ധതയുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

എംജിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിൻ്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എൻജിനീയറിങ്, പോളിടെക്‌നിക്, ഫാര്‍മസി, കോളേജുകളിലെ കോഴ്‌സുകളിലേക്കും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും മറ്റ് വിവിധ കോഴ്‌സുകളിലേക്കും ആണ് പ്രവേശനത്തിന് അവസരം.

കഴിഞ്ഞ മൂന്നു വര്‍ഷമായി 500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയിലൂടെ തുടർപഠനത്തിന് അവസരം ഒരുങ്ങിയാതായി കെയർ ആൻഡ് ഷെയർ ഇൻ്റെർനാഷണൽ ചെയർമാൻ കെ മുരളീധരൻ എസ്.എഫ്.സി പറഞ്ഞു.

എസ്.എസ്.എല്‍.സിയുടെയും പ്ലസ്ടു വിൻ്റെയും മാര്‍ക്കിൻ്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം പദ്ധതിയിലൂടെ പ്രവേശനം ലഭിക്കുക. കൂടാതെ 200 വിദ്യാര്‍ത്ഥികള്‍ക്ക് എംജിഎം ഗ്രൂപ്പിൻ്റെ വിവിധ സി.ബി.എസ്.ഇ. സ്‌കൂളുകളിലും ഈ പദ്ധതിയിലൂടെ പഠനത്തിന് അവസരമൊരുക്കും.

ചടങ്ങില്‍ എംജിഎം ഗ്രൂപ്പ് ഓഫ് കോളേജസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. അഹിനസ്, എംജിഎം. ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഗോപിനാഥ് മഠത്തില്‍, നിധിന്‍ ചിറത്തിലാട്ട് എന്നിവര്‍ പങ്കെടുത്തു. പദ്ധതിയിൽ പങ്കാളികൾ ആവാനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കുക: 9946485111, 9946484111.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.