...
Home Entertainments നാം മുമ്പൊന്നും കാണാത്ത ഒരു മമ്മൂട്ടി ‘കളങ്കാവ’ലിൻ്റെ സുപ്രധാന ആകർഷണമാകുന്നു

നാം മുമ്പൊന്നും കാണാത്ത ഒരു മമ്മൂട്ടി ‘കളങ്കാവ’ലിൻ്റെ സുപ്രധാന ആകർഷണമാകുന്നു

സുരേഷ് ഗോപിയുടെ അലറുന്ന പോലീസ് വേഷങ്ങളടക്കം കൃത്രിമത്വവും അതിഭാവുകത്വവും കലർന്ന, മലയാളത്തിലെ നിരവധി പോലീസ് വേഷങ്ങൾക്കിടയിൽ വിനായകൻ്റെ പോലീസുദ്യോഗസ്ഥൻ അതിൻ്റെ യാഥാർത്ഥ്യബോധം കൊണ്ടു തന്നെ വേറിട്ടു നില്ക്കുന്നു.

300

| പിജി പ്രേംലാൽ

കുറ്റവാളിയാരെന്ന് സിനിമ തുടങ്ങുമ്പോഴേ പറഞ്ഞുകൊണ്ട് ‘ക്യാറ്റ് ആൻഡ് മൗസ്’ കളി അവതരിപ്പിക്കുന്ന ഒരു അന്വേഷണാത്മക ചിത്രം എന്ന ഐഡിയ യഥാർത്ഥത്തിൽ കൈവിട്ടുപോകാൻ ഏറെ സാദ്ധ്യതയുള്ള ഒരു ഉദ്യമമാണ്. എന്നാൽ ‘കളങ്കാവൽ ‘ അത് വൃത്തിയായി അവതരിപ്പിക്കുന്നുണ്ട്. ചില സീക്വൻസുകൾ കുറച്ചു കൂടി മികച്ച രീതിയിൽ എഴുതപ്പെടാനുള്ള സാദ്ധ്യതകൾ അവശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇൻ്റർവെൽ പഞ്ചോടു കൂടി സിനിമ അതിൻ്റെ ട്രാക്കിലേക്ക് കൃത്യമായി എത്തുന്നുണ്ട്.

ക്യാമറ കൊണ്ടുള്ള ഒരഭ്യാസങ്ങൾക്കും നില്ക്കാതെ ചിത്രം അതിൻ്റെ കഥാപാത്രങ്ങളെ സുന്ദരമായി പിന്തുടരുന്നത് നല്ലൊരനുഭവമാണ്. ‘കിഷ്ക്കിന്ദാകാണ്ഡ’ത്തിനും ‘എക്കോ’ യ്ക്കും പുറകേ ദൃശ്യങ്ങളുടെ വൈകാരികാനുഭവങ്ങളെ സംഗീതം കൊണ്ട് ഉയർത്തിനിർത്തുന്ന മികവിലൂടെ മലയാളത്തിലെ പുതുതലമുറയിലെ ഏറ്റവും മികച്ച സംഗീതസംവിധായകൻ എന്ന നിലയിലേയ്ക്ക് സഞ്ചാരം തുടരുന്നു, മുജീബ് മജീദ് .

400 സിനിമകൾക്കു ശേഷവും മമ്മൂട്ടി എന്ന നടൻ എന്തുകൊണ്ട് പ്രേക്ഷകനിൽ പ്രതീക്ഷകൾ നിറയ്ക്കുന്നു എന്നതിൻ്റെ ദൃഷ്ടാന്തമായി, നാം മുമ്പൊന്നും കാണാത്ത ഒരു മമ്മൂട്ടി ‘കളങ്കാവ’ലിൻ്റെ സുപ്രധാന ആകർഷണമാകുന്നു. പ്രേക്ഷകനെ ഞെട്ടിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന വിധത്തിൽ ശൃംഗാരിയായും വിടനായും കൊലവെറിയനായും മമ്മൂട്ടി നിറഞ്ഞാടുന്ന 4-5 രംഗങ്ങൾ എടുത്തു പറയാതെ വയ്യ.

ഒരു പോലീസുദ്യോഗസ്ഥനെ, അയാളുടെ മാനുഷികമായ മുറിവുകളെയും മനുഷ്യത്വമുള്ള സമീപനങ്ങളെയും പലപ്പോഴും പരാജയഭീതിയെയും ഉൾക്കൊള്ളുന്ന ഒരു മീറ്ററിലും ശരീരഭാഷയിലുമാണ് വിനായകൻ അവതരിപ്പിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയുടെ അലറുന്ന പോലീസ് വേഷങ്ങളടക്കം കൃത്രിമത്വവും അതിഭാവുകത്വവും കലർന്ന, മലയാളത്തിലെ നിരവധി പോലീസ് വേഷങ്ങൾക്കിടയിൽ വിനായകൻ്റെ പോലീസുദ്യോഗസ്ഥൻ അതിൻ്റെ യാഥാർത്ഥ്യബോധം കൊണ്ടു തന്നെ വേറിട്ടു നില്ക്കുന്നു. കാസ്റ്റിങ്ങിൽ, പ്രത്യേകിച്ച് ആദ്യ പകുതിയിലെ ഇരകളുടെ കാര്യത്തിൽ കുറച്ചുകൂടി മികച്ച തിരഞ്ഞെടുപ്പ് വേണമായിരുന്നു എന്ന തോന്നൽ വളരെ ശക്തമായി അനുഭവപ്പെട്ടു.

മമ്മൂട്ടി എന്ന മലയാളത്തിൻ്റെ പ്രിയനടനെ അദ്ദേഹത്തിൻ്റെ മുൻ കഥാപാത്രങ്ങളുടെയല്ലാത്ത മറ്റൊരു സാമൂഹ്യാവസ്ഥയിലും ജീവിതപരിസരങ്ങളിലും ഒപ്പം മട്ടിലും ഭാവത്തിലും കാണാൻ അവസരമൊരുക്കുന്നു, ‘കളങ്കാവൽ’ ! കാണേണ്ട സിനിമ .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.