...
Home News Kerala ഷര്‍ട്ടും മുണ്ടും മാറുന്നതുപോലെയല്ല മുന്നണി മാറ്റം; നയം വ്യക്തമാക്കി കേരള കോണ്‍ഗ്രസ്

ഷര്‍ട്ടും മുണ്ടും മാറുന്നതുപോലെയല്ല മുന്നണി മാറ്റം; നയം വ്യക്തമാക്കി കേരള കോണ്‍ഗ്രസ്

ഇപ്പോൾ പ്രചരിക്കുന്ന മുന്നണി മാറ്റ വാര്‍ത്തകള്‍ പാര്‍ട്ടിയെ മോശമാക്കുന്നതുമായി ബന്ധപ്പെട്ട ഗൂഡാലോചനയുടെ ഭാഗമാണ്. ഈ രീതിയില്‍ ആലോചന നടന്നിട്ടില്ല.

239

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫില്‍ നിന്നും ഇടതുമുന്നണിയിലേക്ക് പോയതുമുതല്‍ അവർ തിരികെ എത്തുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്ന സമയത്തെല്ലാം ഈ വാര്‍ത്ത ശക്തമാകാറുമുണ്ട്. പക്ഷെ ഇതെല്ലാം പാടെ തള്ളിക്കളയുകയാണ് കേരള കോണ്‍ഗ്രസ് (എം) നേതാവ് സ്റ്റീഫന്‍ ജോര്‍ജ്.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരികെ പോകില്ലെന്നാണ് സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കുന്നത്. “ഷര്‍ട്ടും മുണ്ടും മാറുന്ന പോലെയല്ല മുന്നണി മാറ്റം. കേരള കോണ്‍ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കിയതാണ്.

ഇപ്പോൾ പ്രചരിക്കുന്ന മുന്നണി മാറ്റ വാര്‍ത്തകള്‍ പാര്‍ട്ടിയെ മോശമാക്കുന്നതുമായി ബന്ധപ്പെട്ട ഗൂഡാലോചനയുടെ ഭാഗമാണ്. ഈ രീതിയില്‍ ആലോചന നടന്നിട്ടില്ല. യുഡിഎഫ് ജയിക്കണമെങ്കില്‍ കേരള കോണ്‍ഗ്രസ് (എം) വേണമെന്ന ചിന്തയിലാണ് ക്ഷണം.” – സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

അതേസമയം, പാല, കടുത്തുരുത്തി നിയമസഭാ മണ്ഡലന സീറ്റുകളില്‍ ധാരണയായാല്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ചുവരുമെന്നാണ് പുറത്തുവന്ന വാര്‍ത്ത. പാല സീറ്റില്‍ മാണി.സി.കാപ്പനെ പിണക്കാന്‍ യുഡിഎഫ് തയ്യാറേക്കില്ല. ജോസ്.കെ.മാണി മത്സരിക്കാന്‍ സാധ്യതയില്ലെങ്കിലും പാല സീറ്റ് തിരികെ വേണം എന്നതാണ് കേരള കോണ്‍ഗ്രസിലെ ആവശ്യം.

റബര്‍ വില സ്ഥിരതാ ഫണ്ട്, കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതി പ്രശ്നങ്ങളിലും കേരള കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ട്. റബറിന് വിലസ്ഥിരതാ ഫണ്ട് നടപ്പിലാക്കിയാല്‍ റബര്‍ പ്രതിസന്ധി ഒരളവ് വരെ പരിഹരിക്കാം. ഈ കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണ് എന്നാണ് ഉള്‍പ്പാര്‍ട്ടി ചര്‍ച്ച. ഈ പ്രശ്നങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് മുന്നണി മാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.