...
Home News Kerala 11 വർഷങ്ങൾക്ക് ശേഷമുള്ള മാവോയിസ്‌റ്റ് നേതാവ് രൂപേഷിന്റെ ജയിൽ മോചനം

11 വർഷങ്ങൾക്ക് ശേഷമുള്ള മാവോയിസ്‌റ്റ് നേതാവ് രൂപേഷിന്റെ ജയിൽ മോചനം

സിപിഐ എംഎല്ലിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ രൂപേഷ് പിന്നീട് മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി മാറുകയായിരുന്നു . ഒളിവിൽ പ്രവർത്തിച്ചിരുന്ന രൂപേഷിനെ 2015 മെയ് 4-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

168

കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന തൃശൂർ സ്വദേശിയായ രൂപേഷ് ജയിൽമോചിതനായി. പത്ത് വർഷത്തിലേറെയായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന അദ്ദേഹം വിവിധ കേസുകളിൽ ജാമ്യം നേടിയതോടെയാണ് പുറത്തിറങ്ങിയത്.

കേരളത്തിലും തമിഴ്നാട്ടിലുമായി നാൽപ്പതിലധികം കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം കേസുകളും പിന്നീട് തള്ളിക്കളഞ്ഞിരുന്നു. ജയിൽമോചനത്തിന് മുമ്പ് പുതിയ കേസുകൾ ചുമത്തി തടവിൽ തുടരാൻ ശ്രമമുണ്ടായിരുന്നുവെന്ന് പങ്കാളിയായ ഷൈന ആരോപിച്ചിരുന്നു.

സിപിഐ എംഎല്ലിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ രൂപേഷ് പിന്നീട് മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി മാറുകയായിരുന്നു . ഒളിവിൽ പ്രവർത്തിച്ചിരുന്ന രൂപേഷിനെ 2015 മെയ് 4-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും പുറത്തിറക്കരുതെന്ന നിലപാട് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും ഇടതുപക്ഷ എഴുത്തുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എല്ലാ കേസുകളിലും ജാമ്യം ലഭിക്കുകയും ശിക്ഷാകാലാവധി പൂർത്തിയാവുകയും പിഴ അടയ്ക്കുകയും ചെയ്തതോടെ മോചനം ഉറപ്പായിരുന്നെങ്കിലും, കർശന ജാമ്യ വ്യവസ്ഥകളും മറ്റ് നടപടികളും കാരണം പുറത്തിറങ്ങുന്നത് വൈകിയതായും ആരോപണം ഉണ്ടായിരുന്നു.

ജയിലിൽ കഴിയുന്നതിനിടെ ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന നോവലിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതിനെ തുടർന്ന് രൂപേഷ് നിരാഹാര സമരം നടത്തിയിരുന്നു. മുൻപ് ‘വസന്തത്തിലെ പൂമരങ്ങൾ’, ‘മാവോയിസ്റ്റ്’ എന്നീ നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കേരളത്തിലും കർണാടകയിലുമായി രജിസ്റ്റർ ചെയ്ത ചില കേസുകളിൽ യുഎപിഎ ചുമത്തിയത് നിയമാനുസൃത നടപടികൾ പാലിച്ചല്ലെന്ന കാരണത്താൽ ഒഴിവാക്കുകയും കർണാടകയിലെ ഏക കേസിൽ വെറുതെ വിടുകയും ചെയ്തിരുന്നു. പത്ത് വർഷത്തിലേറെയായ തടവിൽ ഭൂരിഭാഗവും വിചാരണാ തടവുകാരനായിരുന്നു. അടിയന്തര കുടുംബ സാഹചര്യങ്ങളിൽ മാത്രമാണ് പൊലീസ് കാവലോടെയുള്ള സന്ദർശനങ്ങൾക്ക് അനുവാദം ലഭിച്ചിരുന്നത്; ഇതുവരെ സ്ഥിരമായ പരോളോ ജാമ്യമോ ലഭിച്ചിരുന്നില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.