നെറ്റ്ഫ്ളിക്സിൽ പുറത്തിറങ്ങിയ ‘മേരി’ എന്ന പുതിയ സിനിമ, ഇസ്രയേൽ- പാലസ്തീൻ പ്രശ്നത്തിൻ്റെ പശ്ചാത്തലത്തിൽ വ്യാപക വിമർശനത്തിന് കാരണമായിരിക്കുകയാണ്. ഓസ്കാർ ജേതാവ് ആൻ്റെണി ഹോപ്കിൻസും ഇസ്രയേൽ നടി നോയ കോഹെനും അടക്കം അണിനിരക്കുന്ന ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ, പ്രത്യേകിച്ച് മേരിയും ജോസഫും, ഇസ്രയേൽ നടന്മാർ അവതരിപ്പിച്ചതിനെതിരെയാണ് വിമർശനം.
മേരിയും ജോസഫും മകനായ യേശുവും (ജീസസ്) ബത്ലഹേമിൽ ജനിച്ച പാലസ്തീനിയൻ നിവാസികൾ ആണെന്ന ചരിത്ര-ആധാരമായ വാദമാണ് സിനിമയ്ക്ക് എതിരായ ചർച്ചകൾക്ക് പിന്നിൽ. എന്നാൽ, ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇസ്രയേൽ നടിയെ തിരഞ്ഞെടുത്തതിനെ പലസ്തീൻ അനുകൂല പ്രവർത്തകരും ക്രിസ്ത്യൻ സംഘടനകളും ചോദ്യം ചെയ്യുന്നു.
സിനിമയിൽ മേരിയായി അഭിനയിച്ച ഇസ്രയേൽ നടി നോയ കോഹെനെതിരെയാണ് പ്രതിഷേധങ്ങൾ കനത്തത്. കൂടാതെ, സിനിമയിൽ അറബ് പ്രാതിനിധ്യമില്ലാത്തതും വിമർശനവിധേയമാണ്. മേരി- ജോസഫ് ബന്ധത്തെ സിനിമയിലെ അവതരിപ്പിച്ചതിൽ അപാകതയുണ്ടെന്ന് ക്രിസ്ത്യൻ ഗ്രൂപ്പുകളും ആരോപിക്കുന്നു. ബൈബിൾ അടിസ്ഥാനമാക്കി ഈ ചിത്രീകരണം നടത്താതിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയർന്നു.
മേരിയെയും മറ്റ് പ്രധാന കഥാപാത്രങ്ങളെയും ഇസ്രയേൽ താരങ്ങൾ അവതരിപ്പിച്ചത് ബോധപൂർവ്വമായ തീരുമാനമായിരുന്നുവെന്ന് വിമർശനങ്ങൾക്ക് മറുപടിയായി സംവിധായകൻ ഡി.ജെ കറൂസോ പറഞ്ഞു. ആധികാരികത ഉറപ്പാക്കാനാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ യേശു ഒരു പാലസ്തീനിയൻ ആണോ എന്ന ചർച്ചയും വീണ്ടും ചൂടുപിടിച്ചു. യേശു ബത്ലഹേമിൽ ജനിച്ചതായാണ് ബൈബിൾ വ്യക്തമാക്കുന്നത്. ഇന്ന് ബത്ലഹേം പാലസ്തീനിലെ വെസ്റ്റ് ബാങ്ക് പ്രദേശത്താണ് ഉള്ളത്. അതേസമയം, പുരാതന റോമൻ സാമ്രാജ്യത്തിൽ ബത്ലഹേമും യഹൂദിയയും ജൂതന്മാർ ഭരിച്ചിരുന്ന പ്രദേശങ്ങളായിരുന്നു എന്ന വാദവും ഉയരുന്നു.
പാലസ്തീൻ ചലച്ചിത്രങ്ങളോടുള്ള നെറ്റ്ഫ്ളിക്സിൻ്റെ സമീപനവും വീണ്ടും ചർച്ചയായിട്ടുണ്ട്. നേരത്തെ, നെറ്റ്ഫ്ളിക്സ് പലസ്തീൻ കഥകളുമായി ബന്ധപ്പെട്ട 32 സിനിമകളും 19 ഡോക്യുമെൻ്റെറികളും പിന്വലിച്ചിരുന്നു. ‘പാലസ്തീനിയൻ സ്റ്റോറീസ്’ എന്ന വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന ഈ സിനിമകൾ നീക്കിയതിൽ പ്രതിഷേധം ശക്തമായിരുന്നു.



