...
Home News Kerala പോലീസുകാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട മാതൃഭൂമി വാർത്ത വസ്തുതാവിരുദ്ധം: സംസ്ഥാന പൊലീസ് മേധാവി

പോലീസുകാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട മാതൃഭൂമി വാർത്ത വസ്തുതാവിരുദ്ധം: സംസ്ഥാന പൊലീസ് മേധാവി

നിലവിലെ സർക്കാരിന്റെ കാലയളവായ 20.05.2021 മുതൽ 18.09.2025 വരെ മാത്രം ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിന് 46 പേരെയും ഗുരുതര സ്വഭാവദൂഷ്യത്തിന് 38 പേരെയും ഉൾപ്പെടെ 84 പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.

318

സംസ്ഥാനത്തെ പോലീസുകാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് മാതൃഭൂമി ദിനപത്രത്തിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാവിരുദ്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. “144 പോലീസുകാരെ പിരിച്ചുവിട്ടെന്ന വാദത്തിന് കണക്കില്ല; ഈ സർക്കാരിന്റെ കാലത്ത് 47 മാത്രം” എന്ന തലക്കെട്ടിൽ വന്ന വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം പ്രകാരം, 25.05.2016 മുതൽ 18.09.2025 വരെയുള്ള കാലയളവിൽ ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 82 പോലീസുകാരെയും ഗുരുതര പെരുമാറ്റദൂഷ്യത്തിന് 62 പേരെയും ഉൾപ്പെടെ ആകെ 144 പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇതുകൂടാതെ, സാധാരണ വകുപ്പുതല നടപടികളുടെ ഭാഗമായി അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്നത് അടക്കമുള്ള കാരണങ്ങളാൽ 241 പോലീസുദ്യോഗസ്ഥരെ കൂടി സർവീസിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സർക്കാരിന്റെ കാലയളവായ 20.05.2021 മുതൽ 18.09.2025 വരെ മാത്രം ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിന് 46 പേരെയും ഗുരുതര സ്വഭാവദൂഷ്യത്തിന് 38 പേരെയും ഉൾപ്പെടെ 84 പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇതിന് പുറമെ, അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്നതിന് 169 പോലീസുദ്യോഗസ്ഥരെ ഈ കാലയളവിൽ സർവീസിൽ നിന്ന് നീക്കം ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു.

പൊലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതെന്ന തരത്തിൽ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത യഥാർത്ഥ വസ്തുതകൾക്ക് വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കണക്കുകൾ സഹിതം വിശദീകരണം പുറത്തുവിട്ടത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.