ലുസെയ്‌ൽ സ്റ്റേഡിയത്തിലെ ആൽബിസെലസ്റ്റൻ തിരമാലകൾക്കിടയിൽ ‘ഡിബു! ഡിബു! ഡിബു!’ എന്ന ഗർജ്ജനം മുഴങ്ങുമ്പോൾ അർജന്റീനയുടെ 23-ാം നമ്പറുകാരൻ എമിലിയാനോ മാർട്ടിനസ് വെറുമൊരു ഗോൾകീപ്പർ മാത്രമായിരുന്നില്ല. ലയണൽ മെസ്സിയുടെ കിരീടധാരണത്തോളം തന്നെ ലോകം ആഘോഷിച്ച ഒന്നാണ് മാർട്ടിനസിന്റെ ഐതിഹാസികമായ പ്രകടനം. ഖത്തർ ലോകകപ്പിന്റെ കലാശപ്പോരിൽ അദ്ദേഹം നടത്തിയ ആ നിശ്ചിത സേവ് അർജന്റീനക്കാരുടെ ‘ജീവൻ’ തിരിച്ചുപിടിക്കുന്നതിന് തുല്യമായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സേവുകളിലൊന്നായി ഇതിനെ വിലയിരുത്തുന്നു.
ലോകകപ്പ് ഫൈനലിന്റെ 122 മിനിറ്റും കഴിഞ്ഞ് 43-ാം സെക്കൻഡിൽ നടന്ന ആ സേവ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ അത്ഭുതമായാണ് കണക്കാക്കപ്പെടുന്നത്. ഫ്രഞ്ച് താരം കോലോ മുവാനി തൊടുത്ത തകർപ്പൻ ഷോട്ട് മാർട്ടിനസ് തന്റെ കൈകളും കാലുകളും വിടർത്തി തടഞ്ഞ ആ നിമിഷം സെക്കൻഡുകൾക്കുള്ളിലാണ് സംഭവിച്ചത്. അത് ഗോളായിരുന്നെങ്കിൽ മെസ്സിപ്പടയുടെ സ്വപ്നങ്ങൾ അവിടെ ചിന്നിച്ചിതറുമായിരുന്നുവെന്നതിൽ തർക്കമില്ല. പലരും ഈ രക്ഷപ്പെടുത്തലിനെ ഗോർഡൻ ബാങ്ക്സിന്റെ നൂറ്റാണ്ടിന്റെ സേവിനോളം മികച്ചതായാണ് കാണുന്നത്.
മൂന്നര വർഷങ്ങൾക്കിപ്പുറവും മുവാനിയുടെ ആ ഷോട്ട് കാണുമ്പോൾ ആരാധകരുടെ ചങ്കിടിക്കുന്നത് നിർത്താൻ കഴിഞ്ഞിട്ടില്ല. ഗോളാവില്ലെന്ന് എത്ര പറഞ്ഞു പഠിച്ചാലും ആ നിമിഷം കാണുമ്പോൾ ഉള്ള് പിടയുമെന്നാണ് ആരാധകർ പറയുന്നത്. ആ ഷോട്ടുതിർക്കുന്നതിന് പകരം എംബാപ്പെയ്ക്ക് പാസ് നൽകുകയായിരുന്നു വേണ്ടതെന്ന് ഇന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ആ അവസരം നഷ്ടപ്പെടുത്തിയതിന്റെ നിരാശ തന്റെ മനസ്സിൽ ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്ന് മുവാനി തന്നെ സമ്മതിക്കുന്നു.
കേവലം ഒരു സേവിൽ ഒതുങ്ങുന്നതല്ല മാർട്ടിനസിന്റെ കരിയർ. താൻ കാവൽ നിന്ന ഒരു പെനാൽറ്റി ഷൂട്ടൗട്ടിലും അർജന്റീനയെ തോൽക്കാൻ അദ്ദേഹം അനുവദിച്ചിട്ടില്ല. ലോകകപ്പ് കലാശപ്പോരിലേതടക്കം നാല് പ്രധാന ഷൂട്ടൗട്ടുകളിലാണ് അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചത്. തോൽക്കാൻ മനസ്സില്ലാത്ത ഒരു പോരാളിയെപ്പോലെ എതിരാളികൾക്ക് മുന്നിൽ ഇരുകൈകളും ഉയർത്തി നിൽക്കുന്ന മാർട്ടിനസ് ഇന്ന് ആരാധകരുടെ ഏറ്റവും വലിയ വിശ്വാസവും പ്രതീക്ഷയുമായി മാറിയിരിക്കുന്നു.
2024 കോപ്പ അമേരിക്കയിലും മാർട്ടിനസ് തന്റെ മാജിക് ആവർത്തിച്ചു. എക്വഡോറിനെതിരായ ക്വാർട്ടറിൽ ലയണൽ മെസ്സിയുടെ പനേങ്ക കിക്ക് പാളിയപ്പോൾ ആരാധകർ 2016-ലെ നിരാശജനകമായ ഓർമ്മകളിലേക്ക് പോയി. എന്നാൽ എയ്ഞ്ചൽ മെനയുടെയും അലൻ മിൻഡയുടെയും കിക്കുകൾ തകർപ്പൻ ഡൈവുകളിലൂടെ തടഞ്ഞിട്ട് മാർട്ടിനസ് മെസ്സിയെയും ടീമിനെയും സെമിയിലേക്ക് നയിച്ചു. താൻ ആ സേവ് നടത്തിയത് മെസ്സിക്കുവേണ്ടിയാണെന്ന് അദ്ദേഹം ആംഗ്യത്തിലൂടെ വ്യക്തമാക്കുകയും മൈതാനത്ത് നൃത്തം വെക്കുകയും ചെയ്തു.
ഇതിനു മുൻപ് 2021 കോപ്പ അമേരിക്ക സെമിയിലും കൊളംബിയയുടെ മൂന്ന് കിക്കുകൾ തടഞ്ഞിട്ട് അദ്ദേഹം ടീമിന്റെ രക്ഷകനായിട്ടുണ്ട്. അന്ന് ഡേവിൻസൺ സാഞ്ചസ്, യെറി മിന തുടങ്ങിയവരുടെ കിക്കുകൾ തടഞ്ഞത് അർജന്റീനയ്ക്ക് കിരീടത്തിലേക്കുള്ള വഴി തുറന്നുകൊടുത്തു. 2022 ലോകകപ്പ് ക്വാർട്ടറിൽ നെതർലൻഡ്‌സിനെതിരായ ഷൂട്ടൗട്ടിലും വാൻ ഡൈക്കിന്റെയും സ്റ്റീവൻ ബെർഗ്വിസിന്റെയും കിക്കുകൾ തടഞ്ഞിട്ട് മാർട്ടിനസ് അർജന്റീനയുടെ വിജയമുറപ്പിച്ചു. ഷൂട്ടൗട്ടുകളിൽ അർജന്റീനയ്ക്കായി നൂറു ശതമാനം വിജയമെന്ന അപൂർവ്വ റെക്കോർഡും അദ്ദേഹത്തിനുണ്ട്.
“മെസ്സിക്കുവേണ്ടി മരിക്കാനും തയ്യാറാണ്” എന്ന് പ്രഖ്യാപിച്ചാണ് മാർട്ടിനസ് ഖത്തറിലേക്ക് എത്തിയത്. ഓരോ മത്സരത്തിലും തന്റെ വാക്കുകൾ സത്യമാണെന്ന് അദ്ദേഹം തന്റെ പ്രകടനത്തിലൂടെ തെളിയിച്ചു. ഷൂട്ടൗട്ടുകൾക്ക് പുറമെ നിരവധി നിർണ്ണായക സേവുകൾ നടത്തുന്ന ഈ അതികായന്റെ കരുത്തിലാണ് അർജന്റീന വീണ്ടുമൊരു വിശ്വവേദിയിൽ പന്തുതട്ടാനെത്തുന്നത്. എതിരാളികൾ എത്ര കരുത്തരായാലും ഗോൾ ബാറിന് മുന്നിൽ മാർട്ടിനസ് ഉണ്ടെന്നത് അർജന്റൈൻ ആരാധകർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.



