കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയിൽ പാറ്റയുടെ ചിത്രമുള്ള ഫ്ലക്സിനെ ചൊല്ലി വിവാദം. എംജി സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ലക്സ് നീക്കണമെന്ന് വൈസ് ചാൻസലർ നിർദേശിച്ചു.
സർവകലാശാലയുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളിൽ രാഷ്ട്രീയ സന്ദേശങ്ങളോ പ്രതീകങ്ങളോ അനുവദിക്കാനാകില്ലെന്നാണ് വൈസ് ചാൻസലറുടെ നിലപാട്. ഫ്ലക്സ് എത്രയും വേഗം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ഫ്ലക്സിൽ രാഷ്ട്രീയ സന്ദേശമൊന്നുമില്ലെന്നും ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് അത് സ്ഥാപിച്ചതെന്നുമാണ് സർവകലാശാല യൂണിയന്റെ വിശദീകരണം. യാതൊരു സാഹചര്യത്തിലും ഫ്ലക്സ് നീക്കില്ലെന്നും യൂണിയൻ നേതൃത്വം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന് പിന്നാലെ എംജി സർവകലാശാല വൈസ് ചാൻസലർക്കും പാറ്റയെ ഭയമാണെന്ന് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ അഭിനവ് പ്രതികരിച്ചു. വൈസ് ചാൻസലറുടെ നിർദേശം അംഗീകരിക്കില്ലെന്നും ക്യാമ്പസിൽ കൂടുതൽ ഫ്ലക്സുകൾ സ്ഥാപിക്കുമെന്നും യൂണിയൻ അറിയിച്ചു.
അതേസമയം, പാറ്റയുടെ ചിത്രമുള്ള ഫ്ലക്സുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ എസ്.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തി. ക്യാമ്പസിൽ കൂടുതൽ പാറ്റയുടെ ചിത്രമുള്ള ബോർഡുകൾ സ്ഥാപിച്ചുകൊണ്ടായിരിക്കും പ്രതിഷേധമെന്ന് എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു.
ഫ്ലക്സ് വിവാദത്തെ തുടർന്ന് സർവകലാശാലയിൽ ഭരണസമിതിയും വിദ്യാർഥി സംഘടനകളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ.


