തദ്ദേശ സ്വയംഭരണ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റാൻ നിർദേശിച്ച് മന്ത്രി കെ.എം. ഷാജി പ്രിൻസിപ്പൽ ഡയറക്ടർക്ക് നൽകിയ കുറിപ്പ് ചോർന്നു. നാനൂറോളം സെക്രട്ടറിമാരെ ഉൾപ്പെടെ വ്യാപക സ്ഥലംമാറ്റത്തിന് നിർദേശം നൽകിയ രേഖയാണ് പുറത്തുവന്നിരിക്കുന്നത്.
തദ്ദേശ വകുപ്പിന്റെ ഔദ്യോഗിക ലെറ്റർപാഡിൽ തയ്യാറാക്കിയ കുറിപ്പ് ഇക്കഴിഞ്ഞ എട്ടിനാണ് പ്രിൻസിപ്പൽ ഡയറക്ടർക്ക് കൈമാറിയത്. ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്.
ജില്ലാതല ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഈ കുറിപ്പ് പുറത്തായത്. ഓൺലൈൻ സംവിധാനത്തിലൂടെ നടത്തേണ്ട പൊതുസ്ഥലംമാറ്റം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2026-ലെ പൊതുസ്ഥലംമാറ്റത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിരുന്നെങ്കിലും നടപടികൾ പൂർത്തിയായിരുന്നില്ല. സീനിയോറിറ്റി, പരാതികൾ, ആക്ഷേപങ്ങൾ എന്നിവ പരിഗണിച്ച ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കി സ്ഥലംമാറ്റം നടപ്പാക്കേണ്ടത്.
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളും സെൻസസ് നടപടികളും കാരണം പൊതുസ്ഥലംമാറ്റം നടത്താൻ കഴിഞ്ഞില്ലെന്നാണ് മന്ത്രിയുടെ കുറിപ്പിൽ വിശദീകരിക്കുന്നത്. തദ്ദേശസ്ഥാപന അധ്യക്ഷന്മാർ നേരിട്ടും രേഖാമൂലവും ഭരണസമിതി തീരുമാനങ്ങളുടെ അടിസ്ഥാനത്തിലും സ്ഥലംമാറ്റം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, നിലവിലുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും മറികടന്ന് മന്ത്രി നേരിട്ട് ഇടപെട്ടെന്നാരോപിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


