...
Home News International കുവൈത്തിൽ ആർട്ടിക്കിൾ 38 പ്രകാരമുള്ള നാടുകടത്തൽ വ്യവസ്ഥകൾ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു

കുവൈത്തിൽ ആർട്ടിക്കിൾ 38 പ്രകാരമുള്ള നാടുകടത്തൽ വ്യവസ്ഥകൾ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു

ഒരിക്കൽ നാടുകടത്തിയാൽ പിന്നീട് കുവൈത്തിലേക്ക് തിരിച്ചു കയറാനുള്ള അവകാശം പൂർണമായും നഷ്‌ടമാകുമെന്ന് ചട്ടങ്ങൾ വ്യക്തമാക്കുന്നു

124

കുവൈത്തിലെ പുതുക്കിയ താമസ നിയമത്തിലെ ആർട്ടിക്കിൾ 38 പ്രകാരമുള്ള നാടുകടത്തൽ വ്യവസ്ഥകൾ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. നിലവിലെ നിയമപ്രകാരം റെസിഡൻസി പെർമിറ്റ് ഉണ്ടായാലും, നിർദ്ദിഷ്ട സാഹചര്യങ്ങളിൽ പ്രവാസികൾക്ക് നാടുകടത്തൽ അനിവാര്യം ആയേക്കാമെന്ന് അധികൃതർ വിശദീകരിച്ചു.

കുവൈറ്റിൽ നിയമാനുസൃതമായ വരുമാനസ്രോതസ് ഇല്ലാത്തവർ, പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അംഗീകരിച്ച സ്പോൺസറല്ലാത്ത മറ്റൊരു തൊഴിലുടമക്ക് വേണ്ടി ജോലി ചെയ്യുന്നവർ എന്നിവരെ നേരിട്ട് താമസ നിയമലംഘകരായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അനുമതിയില്ലാതെ ഏതുതരം തൊഴിലും ചെയ്യുന്നത് ഉൾപ്പെടെ ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും ഗുരുതര നിയമ ലംഘനങ്ങളാണ്.

പൊതുതാൽപര്യത്തിനോ പൊതുസുരക്ഷക്കോ പൊതുധാർമികതക്കോ ഭീഷണി ഉണ്ടാകുന്നതായി വിലയിരുത്തുന്ന സാഹചര്യങ്ങളിൽ ആഭ്യന്തരമന്ത്രിക്ക് നേരിട്ട് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരം നൽകുന്നുണ്ട്. കൂടാതെ, അഞ്ച് വർഷത്തിനുള്ളിൽ ഒന്നിലധികം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രവാസികൾക്കും നിർബന്ധമായും നാടുകടത്തൽ നടപടികൾ ബാധകമാകും.

നാടുകടത്തൽ നടപടികൾ ബയോമെട്രിക് രേഖപ്പെടുത്തൽ പൂർത്തിയായതിന് ശേഷമാണ് നടപ്പാക്കുക. ഒരിക്കൽ നാടുകടത്തിയാൽ പിന്നീട് കുവൈത്തിലേക്ക് തിരിച്ചു കയറാനുള്ള അവകാശം പൂർണമായും നഷ്‌ടമാകുമെന്ന് ചട്ടങ്ങൾ വ്യക്തമാക്കുന്നു. പുതിയ നിയമാവലികൾ കർശനമായി പ്രാബല്യത്തിൽ വരുന്നതിനാൽ താമസ തൊഴിൽ ചട്ടങ്ങൾ കൃത്യമായും ഉത്തരവാദിത്തത്തോടെ പാലിക്കണമെന്ന് പ്രവാസികൾക്ക് അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.