...
Home News National ഇന്ത്യയിൽ ഇനി സഞ്ചരിക്കുന്ന ശുചിമുറികള്‍; പുതിയ പരീക്ഷണം വിജയം

ഇന്ത്യയിൽ ഇനി സഞ്ചരിക്കുന്ന ശുചിമുറികള്‍; പുതിയ പരീക്ഷണം വിജയം

ഓരോ മൊബൈൽ ടോയ്‌ലറ്റ് യൂണിറ്റും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സൗകര്യങ്ങളോടെയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

246

ഇന്ത്യയിലെ നഗരങ്ങളിൽ ശുചിമുറികളുടെ അഭാവം മൂലം ബുദ്ധിമുട്ടുന്നവര്‍ ഏറെയാണ്, പ്രത്യേകിച്ച് സ്‌ത്രീകള്‍. ശാരീരിക പ്രത്യേകതകളും സുരക്ഷാ ആവശ്യങ്ങളും കണക്കിലെടുക്കുമ്പോൾ, മതിയായതും ശുചിത്വമുള്ളതുമായ സൗകര്യങ്ങൾ സ്‌ത്രീകളുടെ ആരോഗ്യത്തിനും പൊതുജീവിതത്തിലെ പങ്കാളിത്തത്തിനും നിർണായകമാണ്.

എന്നാല്‍ രാജ്യത്ത് തന്നെ പല നഗരങ്ങളിലും ഇത്തരം സൗകര്യങ്ങളില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തരം പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തിനാകെ ഇപ്പോള്‍ മാതൃക തീര്‍ത്തിരിക്കുകയാണ് കര്‍ണാടക. ഇതിനായി ആദ്യ ഘട്ടത്തില്‍ വനിതാ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സഞ്ചരിക്കുന്ന (മൊബൈല്‍) ശുചിമുറികള്‍ ഒരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

കര്‍ണാടക സര്‍ക്കാരിൻ്റെ കീഴില്‍ ഗതാഗത വകുപ്പ് ആരംഭിച്ച ഈ പദ്ധതി ‘ഹൈജീന്‍ ഗോ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. വൃത്തിയുള്ളതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ വിശ്രമമുറികളാണിവ. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാനപരമായ ആവശ്യം പരിഹരിക്കുന്നതിനായി കര്‍ണാടകയിലെ ഐടി ഹബ്ബായ സിലിക്കൺ വാലിയാണ് ‘ഹൈജീൻ ഓൺ ഗോ’ എന്ന മൊബൈൽ ശുചിത്വ സംരംഭം അവതരിപ്പിച്ചത്. നഗരങ്ങളില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്ന ട്രാഫിക് പൊലീസുകാര്‍ക്ക് വേണ്ടി ആരംഭിച്ച ഈ പദ്ധതി ആഭ്യന്തരമന്ത്രി ജി പരമേശ്വര ഫ്ലാഗ് ഓഫ്‌ ചെയ്‌തു.

വൃത്തിയുള്ളതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ വിശ്രമമുറികളുടെ ലഭ്യത ആശ്വാസമായെന്ന് ബെംഗളൂരു നഗരത്തില്‍ ഡ്യൂട്ടിയിലുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷിതവും ശുചിത്വവുമുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിശ്രമമുറികളുടെ അഭാവം മൂലം കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ട വനിതാ ഉദ്യോഗസ്ഥരിലേക്കാണ് സംരഭം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

തിരക്കേറിയ നഗരങ്ങളിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് അടിസ്ഥാന ശുചിത്വ സൗകര്യങ്ങൾ പാലിക്കുന്നതിൽ പരിമിതമായ സൗകര്യങ്ങളാണ് ലഭിച്ചിരുന്നത്. പ്രധാനമായും വനിതാ ഉദ്യോഗസ്ഥർ അടിസ്ഥാന ശുചിത്വ സൗകര്യങ്ങൾ പാലിക്കാന്‍ പലപ്പോഴും കഴിയാതെ വന്നു. ഡ്യൂട്ടി സമയത്ത് വിശ്രമമുറി കണ്ടെത്താൻ പല ഉദ്യോഗസ്ഥരും ദീർഘദൂരം നടക്കേണ്ടി വരുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാനും പല ഉദ്യോഗസ്ഥരും വിട്ടുപോകുന്നു. ഇത് പലപ്പോഴും നിർജ്ജലീകരണം, മൂത്രാശയ അണുബാധ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായി.

ഹൈജീൻ ഓൺ ഗോ അവതരിപ്പിച്ചതിനുശേഷം തങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായെന്ന് വനിതാ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാന സ്ഥലങ്ങളിൽ മൊബൈൽ യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ഡ്യൂട്ടി സമയങ്ങളിൽ പെട്ടന്ന് എത്തിച്ചേരാനകും.

താനിസാന്ദ്ര, അഡുഗോഡി, മൈസൂരു റോഡ് വഴി ഇപ്പോൾ എല്ലാ ദിവസവും രാവിലെ 8:30 മുതൽ വൈകുന്നേരം 7:00 വരെ ശുചിമുറികളുമായി വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. ഗതാഗത തിരക്ക് കണക്കിലെടുത്ത് വാഹനങ്ങള്‍ 91 പ്രത്യേക പോയിൻ്റുകളിൽ നിര്‍ത്തുന്നു. അതേസമയം, പുരുഷ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കും ശുചിമുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.

മൊബൈല്‍ ടോയ്‌ലറ്റുകളുടെ സവിശേഷതകൾ

ഓരോ മൊബൈൽ ടോയ്‌ലറ്റ് യൂണിറ്റും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സൗകര്യങ്ങളോടെയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സുരക്ഷയും പ്രവർത്തന നിരീക്ഷണവും മെച്ചപ്പെടുത്തുന്നതിനായി ഈ വാഹനങ്ങളിൽ സിസിടിവി ക്യാമറകൾ, ജിപിഎസ് ട്രാക്കിങ്, എൽഇഡി ഡിസ്‌പ്ലേ സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

റെനോ നിസാന്‍ ടെക്‌നോളജി ആൻഡ് ബിസിനസ് സെൻ്റര്‍ ഇന്ത്യയും എൻജിഒ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയും സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. തൊഴിലാളികൾ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ശുചിമുറികള്ർ തടസങ്ങളില്ലാതെ പ്രവർത്തിക്കുന്നുവെന്നും ഇത് പദ്ധതിയുടെ ഗുണനിലവാരത്തെ ചൂണ്ടിക്കാണിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.