...
Home News National മോദി തലവനായ ഇന്ത്യൻ അദാനി സർവ്വീസ് നേപ്പാളിൽ ചെയ്യുന്നത്

മോദി തലവനായ ഇന്ത്യൻ അദാനി സർവ്വീസ് നേപ്പാളിൽ ചെയ്യുന്നത്

ശ്രീലങ്കയിൽ 500 മെഗാവാട്ടിൻ്റെ വിൻഡ് എനർജി പദ്ധതി തൻ്റെ സ്പോൺസറായ ഗൗതം അദാനിയുടെ ഗ്രീൻ എനർജി ലിമിറ്റഡിന് ടെൻഡർ ഇല്ലാതെ നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മർദ്ദം ചെലുത്തിയതായി വാർത്ത വന്നിരുന്നു .

253

| കെ സഹദേവൻ

രാജ്യത്തിൻ്റെ വിദേശ നയങ്ങളും വിദേശ ബന്ധങ്ങളും എങ്ങിനെയാണ് ഒരു സവിശേഷ ബിസിനസ് ഗ്രൂപ്പിൻ്റെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് നേപ്പാളിൽ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അദാനി ഗ്രൂപ്പിനു വേണ്ടി മോദി സർക്കാർ ലോബിയിംഗ് നടത്തുന്നത് സംബന്ധിച്ച് നേപ്പാളിലെ പ്രമുഖ വാർത്താ മാഗസിനായ ‘ഹിമൽ ഖബർ’ റിപ്പോർട്ട് ചെയ്യുന്നു.

” നേപ്പാളിലെ മൂന്ന് വിമാനത്താവളങ്ങളും (പൊഖാറ, ലുംബിനി, ത്രിഭുവൻ) നിജ്ഗഢിൽ നിർദ്ദേശിച്ചിട്ടുള്ള ഒന്ന് കൂടി പ്രവർത്തിപ്പിക്കുന്നതുവരെ വിവിധ ഒഴികഴിവുകളോടെ പൊഖാറ, ഭൈരഹവ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് ന്യൂഡൽഹി അനുമതി നൽകില്ല” എന്നാണ് ഭദ്ര രുക്കും റിപ്പോർട്ട് ചെയ്യുന്നത്.

റിപ്പോർട്ട് തുടരുന്നു: ”വിദഗ്ധരുടെ അഭിപ്രായത്തിൽ, അദാനിയുടെ പിന്തുണയിലൂടെ ഇന്ത്യ ഇപ്പോൾ ( നേപ്പാളിൻ്റെ ) ഐഎൽഎസിൻ്റെ (Instrument Landing System) പ്രവർത്തനത്തെ സഹായിക്കും. എന്നാൽ പ്രത്യുപകാരമായി, നേപ്പാളിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും പ്രവർത്തനവും നിർദ്ദിഷ്ട നിജ്ഗഡ് ഇൻ്റർനാഷണലിൻ്റെ നിർമ്മാണ ചുമതലയും അദാനി ഗ്രൂപ്പിന് ലഭിക്കേണ്ടതുണ്ട്….. ”

ഈ രീതിയിലുള്ള സമ്മർദ്ദ നയതന്ത്രം ”2010 ഫെബ്രുവരി 20 ന് നേപ്പാളും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച ഉഭയകക്ഷി വ്യോമ കരാറിന് വിരുദ്ധമാണ്. അന്നത്തെ സിവിൽ ഏവിയേഷൻ മന്ത്രി ശരത്സിംഗ് ഭണ്ഡാരിയും ഇന്ത്യൻ സഹമന്ത്രി എസ്എം കൃഷ്ണയും ഒപ്പുവച്ച കരാറിൽ, ഇരുരാജ്യങ്ങളുടെയും വിമാനങ്ങൾ നേപ്പാൾ-ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും തടസ്സമില്ലാതെ പറക്കാൻ അനുവദിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.” എന്നും ഹിമൽ ഖബർ റിപ്പോർട്ട് ചെയ്യുന്നു.

അയൽ രാജ്യങ്ങളായ ബംഗ്ലാദേശ് (വൈദ്യുതി വിതരണം), ശ്രീലങ്ക (തുറമുഖം, വിൻഡ് എനർജി), മ്യാൻമർ (തുറമുഖം) എന്നിവിടങ്ങളിലെല്ലാം അദാനി ഗ്രൂപ്പിൻ്റെ ബിസിനസ് താൽപ്പര്യങ്ങൾ ഉറപ്പുവരുത്തുന്ന കേവല ഏജൻറുമാരായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീലങ്കയിൽ 500 മെഗാവാട്ടിൻ്റെ വിൻഡ് എനർജി പദ്ധതി തൻ്റെ സ്പോൺസറായ ഗൗതം അദാനിയുടെ ഗ്രീൻ എനർജി ലിമിറ്റഡിന് ടെൻഡർ ഇല്ലാതെ നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മർദ്ദം ചെലുത്തിയതായി വാർത്ത വന്നിരുന്നു . ശ്രീലങ്കൻ പദ്ധതി ഒരു ഗവൺമെൻറ് -ടു-ഗവൺമെൻ്റ് പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ടു. മ്യാൻമറിലെ മിലിട്ടറി ജൂൻണ്ടാ ഭരണകൂടവുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തുന്നു. മ്യാൻമറിലെ തുറമുഖ പദ്ധതി അദാനിക്ക് ലഭിക്കുന്നു.

ബംഗ്ലാദേശിലെ വൈദ്യുതി വിതരണ കരാർ അദാനിക്ക് ലഭിക്കുന്നതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് മേൽ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തുന്നു. രാജ്യത്തെ ഡിപ്ലോമാറ്റുകൾ അദാനിക്കായി പണിയെടുക്കുന്നു. ഈ രീതിയിൽ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ ഇടപെടലുകൾ അദാനിക്ക് കച്ചവടമുറപ്പിക്കാനുള്ളതായി മാറുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.