ജൂലൈ 17ന് ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് റെയിൽവേ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
“ജൂലൈ 17ന് പ്രധാനമന്ത്രി മോദി ജിന്ദിൽ നിന്ന് ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് പിഎംഒയിൽ നിന്ന് ഇപ്പോൾ ഞങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചു,” ഒ-രു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
രണ്ട് ഡ്രൈവിംഗ് പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളുമുള്ള ഈ ട്രെയിൻ, കഴിഞ്ഞ രണ്ടര മാസത്തിനിടെ സോണിപത്, ജിന്ദ്, ന്യൂഡൽഹി എന്നിവയ്ക്കിടയിൽ 75 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ വേഗതയിൽ വിപുലമായ പരീക്ഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്.
“ഫ്ലാഗ്- ഓഫിന് തൊട്ടുപിന്നാലെ, അതിൻ്റെ വാണിജ്യ ഓട്ടം ആരംഭിക്കും. ജിന്ദിനും സോണിപതിനുമിടയിൽ 89 കിലോമീറ്റർ വീതമുള്ള രണ്ട് റൗണ്ട് ട്രിപ്പുകൾ നടത്തി ട്രെയിൻ പ്രതിദിനം 356 കിലോമീറ്റർ സഞ്ചരിക്കും. ഇതിന് 682 സീറ്റുകളും മൊത്തം 2,600 യാത്രക്കാരുടെ ശേഷിയുമുണ്ട്,” -ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓരോ ഡ്രൈവിംഗ് പവർ കാറിനും (DPC) 1,200 കിലോവാട്ട് (kW) വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് മെക്കാനിക്കൽ വിഭാഗത്തിലെ വിദഗ്‌ദർ പറഞ്ഞു, ഇത് ഏകദേശം 1,600 കുതിരശക്തി (hp)ന് തുല്യമാണ്.
“രണ്ട് ഡിപിസികൾ ഉള്ളതിനാൽ, ഇൻസ്റ്റാൾ ചെയ്‌ത മൊത്തം ട്രാക്ഷൻ പവർ 2,400 kW (ഏകദേശം 3,200 hp) ആണ്. ഇത് ട്രെയിൻ വേഗത്തിലാക്കാനും, പാസഞ്ചർ കോച്ചുകൾ വലിക്കാനും, വേഗത നിലനിർത്താനും പര്യാപ്‌തമാണ്,” -ഒരു വിദഗ്ധൻ പറഞ്ഞു.


