...
Home News Kerala “മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

“മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

വി.ഡി. സതീശന് അനുകൂലമായി തൊടുപുഴയിൽ നടന്ന പ്രകടനങ്ങളിൽ പങ്കെടുത്ത ഡിസിസി ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതാണ് ഈ പുതിയ പോരിന് കാരണമായത്.

106

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കം പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനവുമായി ഇടുക്കി ഡിസിസി അധ്യക്ഷൻ സി.പി. മാത്യു രംഗത്തെത്തി. ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവാണെന്നും എംപി എന്ന നിലയിൽ അദ്ദേഹത്തെക്കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് (ഡിസിസി) യാതൊരു ഗുണവും കഴിഞ്ഞ അഞ്ച് വർഷമായി ഉണ്ടായിട്ടില്ലെന്നും മാത്യു ആരോപിച്ചു.

വി.ഡി. സതീശന് അനുകൂലമായി തൊടുപുഴയിൽ നടന്ന പ്രകടനങ്ങളിൽ പങ്കെടുത്ത ഡിസിസി ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതാണ് ഈ പുതിയ പോരിന് കാരണമായത്. ഈ നടപടി ശരിയല്ലെന്ന് ഡീൻ കുര്യാക്കോസ് പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് സംഘടനാപരമായ കാര്യങ്ങളിൽ ഇടപെടാൻ എംപിക്ക് അവകാശമില്ലെന്നും തനിക്ക് തന്റെ പണി ചെയ്യാൻ അറിയാമെന്നും സി.പി. മാത്യു വ്യക്തമാക്കിയത്. എംപി കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനമാനങ്ങൾ ഒന്നും വഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ രാഷ്ട്രീയ പാരമ്പര്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് സി.പി. മാത്യു എംപിയെ വ്യക്തിപരമായി അധിക്ഷേപിച്ചത്. താൻ ഹൈസ്കൂൾ തലം മുതൽ കെഎസ്‌യു പ്രവർത്തനങ്ങളിൽ സജീവമായി സമരം നയിക്കുമ്പോൾ ഡീനിന് വെറും മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായമെന്ന് അദ്ദേഹം പരിഹസിച്ചു. മൂന്ന് വയസ്സുള്ള കുട്ടികൾ മുറ്റത്തൊക്കെ എങ്ങനെയാണ് നടക്കുകയെന്ന് എല്ലാവർക്കും അറിയാമെന്നും ഡീൻ കുര്യാക്കോസിന്റെ അമിത ആവേശം അദ്ദേഹം മൂക്കാതെ പഴുത്തതിന്റെ ലക്ഷണമാണെന്നും മാത്യു വിമർശിച്ചു.

മറ്റ് ജില്ലകളിലെ എംപിമാർ അവിടുത്തെ ഡിസിസികളെ സഹായിക്കാറുണ്ടെങ്കിലും ഡീനിന്റെ ഭാഗത്തുനിന്ന് അത്തരമൊരു സഹകരണം ഉണ്ടായിട്ടില്ലെന്ന് മാത്യു പരാതിപ്പെട്ടു. എംപി എന്നത് മെമ്പർ ഓഫ് പാർലമെന്റ് ആണ് അല്ലാതെ മെമ്പർ ഓഫ് പഞ്ചായത്ത് അല്ല. ഒരു പഞ്ചായത്ത് പ്രസിഡന്റിനെപ്പോലെയാണ് എംപി പെരുമാറുന്നത്. സംഘടനാപരമായ കാര്യങ്ങളിൽ എംപിയുടെ സഹായം ഡിസിസിക്ക് ആവശ്യമില്ല. അന്തരിച്ച മുതിർന്ന നേതാവ് പി.ടി. തോമസിന്റെ വിയർപ്പും അധ്വാനവും കൊണ്ടാണ് ഡീൻ കുര്യാക്കോസിന് ഈ എംപി സ്ഥാനം ലഭിച്ചത്. യാതൊരു അധ്വാനവുമില്ലാതെയാണ് അദ്ദേഹം ഈ സ്ഥാനത്തെത്തിയത്. ഇവിടെ നിന്ന് ജയിച്ചു പോയവർ ആരുടെ പക്ഷത്താണ് നിൽക്കുന്നതെന്ന് ചിന്തിക്കണമെന്നും സിപി മാത്യു പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.