...
Home News Kerala എംഎസ്‌സി- അദാനി വിഴിഞ്ഞം ഡീല്‍; സര്‍ക്കാര്‍ അതീവ ശ്രദ്ധയോടെ നീങ്ങേണ്ടതിൻ്റെ കാരണമെന്ത്?

എംഎസ്‌സി- അദാനി വിഴിഞ്ഞം ഡീല്‍; സര്‍ക്കാര്‍ അതീവ ശ്രദ്ധയോടെ നീങ്ങേണ്ടതിൻ്റെ കാരണമെന്ത്?

1977 ആയപ്പോഴേക്കും വടക്കന്‍ യൂറോപ്പ്, ആഫ്രിക്ക എന്നിവ കടന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും എം.എസ്.സി തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിച്ചു

3

അദാനി ഗ്രൂപ്പുമായി എം.എസ്.സി നടത്തുന്ന മൂന്നാമത്തെ വലിയ പങ്കാളിത്തമാണ് വിഴിഞ്ഞം. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടിലെ ‘കണ്ടെയ്‌നര്‍ ടെര്‍മിനല്‍ 3’-ലും തമിഴ്‌നാട്ടിലെ എണ്ണൂര്‍ പോര്‍ട്ടിലും അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് എം.എസ്.സിക്ക് നിലവില്‍ സംയുക്ത സംരംഭങ്ങളുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുമായി പങ്കാളിത്തമുള്ള അദാനിയുടെ ഏക പദ്ധതിയാണ് വിഴിഞ്ഞത്തേത് എന്നതിനാല്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇത്.

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് ശൃംഖലയാണ് എം.എസ്.സി. എണ്ണൂറിലധികം ഭീമന്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ ഇവര്‍ക്കുണ്ട്. കൂടാതെ ക്രൂസ് ലൈനറുകള്‍ കാര്‍ഗോ വിമാന സര്‍വീസുകള്‍ എന്നിവയും എം.എസ്.സി നടത്തുന്നുണ്ട്. 1970ല്‍ ഇറ്റാലിയന്‍ കപ്പല്‍ ക്യാപ്റ്റനായിരുന്ന ജിയാന്‍ലൂജി അപോണ്ടെ പാർട്‌നറായ റഫായേലക്ക്‌ ഒപ്പം ചേര്‍ന്ന് ഒരു ചെറിയ കപ്പലുമായി ആരംഭിച്ച കമ്പനിയാണ് എം.എസ്.സി. ഇറ്റലിയിലെ നേപ്പിള്‍സിലായിരുന്നു തുടക്കം.

‘പട്രീഷ്യ’ എന്ന ഒരു സാധാരണ സെക്കന്‍ഡ് ഹാന്‍ഡ് ചരക്കുകപ്പല്‍ വാങ്ങിക്കൊണ്ടായിരുന്നു തുടക്കം. മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തിനും സൊമാലിയക്കും ഇടയിലായിരുന്നു ആദ്യകാല സര്‍വീസ്. തുടര്‍ന്ന് കൂടുതല്‍ ചരക്കുകപ്പലുകള്‍ വാങ്ങിക്കൂട്ടി കമ്പനി ബിസിനസ് വിപുലീകരിച്ചു. 1977 ആയപ്പോഴേക്കും വടക്കന്‍ യൂറോപ്പ്, ആഫ്രിക്ക എന്നിവ കടന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും എം.എസ്.സി തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിച്ചു.

1978ല്‍ കമ്പനിയുടെ ആസ്ഥാനം സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലേക്ക് മാറ്റി. ജിയാന്‍ലൂജി അപോണ്ടെയുടെ മക്കളുടെ ഉടമസ്ഥതയിലാണ് കമ്പനിയെങ്കിലും ക്യാപ്റ്റന്‍ ജിയാന്‍ലൂജി അപോണ്ടെ തന്നെയാണ് ഇപ്പോഴും കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍. ഇപ്പോൾ 155-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള എം.എസ്.സി ഗ്രൂപ്പ് കേവലം ചരക്കുകപ്പലുകളില്‍ മാത്രം ഒതുങ്ങുന്നില്ല. പ്രധാനപ്പെട്ട നാല് മേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിംഗ് ലൈനാണിത്. 800-ലധികം ഭീമന്‍ മദര്‍ഷിപ്പുകള്‍ ഇവര്‍ക്കുണ്ട്.

വിനോദസഞ്ചാര മേഖലയിലെ ലോകത്തിലെ മൂന്നാമത്തെ വലിയ ആഡംബര ക്രൂസ് ലൈനറായ എം.എസ്.സി ക്രൂസസ്, ട്രെയിന്‍ മാര്‍ഗ്ഗമുള്ള ചരക്കുനീക്കത്തിനായി ‘മെഡ്വേ’ എന്ന റെയില്‍വേ വിഭാഗവും, സ്വന്തമായി ബോയിംഗ് 777 ചരക്കുവിമാനങ്ങളും ‘എം.എസ്.സി എയര്‍ കാര്‍ഗോ’ വിഭാഗവും ഇവര്‍ക്കുണ്ട്. വിഴിഞ്ഞത്ത് നിക്ഷേപം നടത്തുന്ന ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് ലോകമെമ്പാടുമുള്ള തുറമുഖങ്ങളിലെ കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍ നിയന്ത്രിക്കുന്ന എം.എസ്.സിയുടെ ഉപകമ്പനിയാണ്.

ലോകമെമ്പാടും വന്‍തോതില്‍ ടെര്‍മിനലുകള്‍ സ്വന്തമാക്കുന്ന ചരിത്രമാണ് ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിനുള്ളത്. നിലവില്‍ അഞ്ചു ഭൂഖണ്ഡങ്ങളിലായി നൂറിലധികം കണ്ടെയ്‌നര്‍ ടെര്‍മിനലുകളുടെ പങ്കാളിത്തമോ പൂര്‍ണ ഉടമസ്ഥതയോ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിനുണ്ട്. പ്രതിവര്‍ഷം 7 കോടി ടി.ഇ.യു കണ്ടെയ്‌നറുകളാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്.

2024 ഡിസംബറില്‍ കമ്മീഷന്‍ ചെയ്‌ത വിഴിഞ്ഞം തുറമുഖം വെറും 18 മാസം കൊണ്ട് 20 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്‌ത്‌ റെക്കോര്‍ഡിട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനി തന്നെ വിഴിഞ്ഞത്തിൻ്റെ പങ്കാളിയാകുന്നതോടെ ബംഗ്ലാദേശ്, കിഴക്കന്‍ ആഫ്രിക്ക തുടങ്ങിയ വിദേശ വിപണികളില്‍ നിന്നുള്ള ഭീമന്‍ കാര്‍ഗോ കപ്പലുകള്‍ നേരിട്ട് വിഴിഞ്ഞത്തേക്ക് എത്തും. ഇത് തുറമുഖത്തിൻ്റെ ശേഷി 2028-ഓടെ 57 ലക്ഷം ടി.യു.ഇ ആയി ഉയര്‍ത്താന്‍ സഹായിക്കും.

2060 വരെ തുറമുഖം കൈവശം വെയ്‌ക്കാനാണ് അദാനി കമ്പനിക്ക് അനുമതിയുള്ളത്. 2028ല്‍ പൂര്‍ത്തിയാകേണ്ട അവസാന ഘട്ടത്തില്‍ അദാനി പോര്‍ട്ട് 16,000 കോടി രൂപയാണ് മുടക്കുന്നത്. ഈ ഘട്ടത്തിന് സംസ്ഥാന സര്‍ക്കാരിന് പണച്ചെലവില്ലെങ്കിലും ഇതുവരെ പല ഇനങ്ങളിലുമായി 6000 കോടിയോളം രൂപ ചെലവിട്ടു കഴിഞ്ഞു. 2028 ഡിസംബറില്‍ പൂര്‍ത്തിയായാല്‍ 2,15,000 കോടി രൂപയും സര്‍ക്കാരിന് 35,000 കോടി രൂപയും ജി.എസ്.ടി ഇനത്തില്‍ 48,000 കോടി രൂപയും വരുമാനം ലഭിക്കുമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിൻ്റെ സാധ്യതാ റിപ്പോര്‍ട്ട്.

എന്നാല്‍ അദാനി പോര്‍ട്ടിൻ്റെ 49 ശതമാനം ഓഹരികള്‍ എം.എസ്.സി വാങ്ങുന്നതോടെ, സംസ്ഥാന സര്‍ക്കാരിന് 2035 മുതല്‍ ലഭിക്കാനിരിക്കുന്ന വരുമാനത്തില്‍ മാറ്റം വരുത്താന്‍ എം.എസ്.സി ശ്രമിക്കുമോയെന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നു. ഇതിന് പുറമേ, വിഴിഞ്ഞത്ത് മറ്റ് കപ്പല്‍ ഓപ്പറേറ്റര്‍മാര്‍ തഴയപ്പെടാതിരിക്കാനും ശ്രദ്ധ വയ്ക്കേണ്ടതുണ്ട്. എന്തായാലും പൊതുതാല്‍പര്യം മുന്‍നിര്‍ത്തി അദാനി പോര്‍ട്ടുമായി സപ്ലിമെൻ്റെറി കരാറുകള്‍ വയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്ന കാര്യത്തില്‍ സംശയമില്ല. വരാനിരിക്കുന്ന ദിവസങ്ങളില്‍, എം.എസ്.സിയുടെ വിഴിഞ്ഞത്തെ നിക്ഷേപം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചേക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.