...
Home News Kerala കേരള സ്‌റ്റോറിക്കെതിരെ ബീഫ് ഫെസ്റ്റ് തുടരും’: പിഎസ് സഞ്ജീവ്

കേരള സ്‌റ്റോറിക്കെതിരെ ബീഫ് ഫെസ്റ്റ് തുടരും’: പിഎസ് സഞ്ജീവ്

കേരള സ്റ്റോറിയുടെ എല്ലാ തരത്തിലുള്ള അപകടങ്ങളെയും തുറന്നുകാട്ടും

233

കേരള സ്‌റ്റോറി സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ ബീഫ് ഫെസ്റ്റ് ക്യാമ്പെയ്ൻ തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്. ബീഫ് ഫെസ്റ്റ് മാത്രമായിരിക്കില്ല, അതിനൊപ്പം ഡോക്യുമെൻ്റെറി അടക്കം സമഗ്രമായ ക്യാമ്പെയ്ന്‍ പരിപാടികള്‍ സംഘടിപ്പിക്കും. വരാനിരിക്കുന്ന തലമുറക്കും ഇവിടെയുള്ളവര്‍ക്കും അടക്കം പ്രചോദനമാകുന്ന വിധത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സഞ്ജീവ് പറഞ്ഞു.

‘കേരളത്തിനെതിരെ വര്‍ഗീയ വിദ്വേഷ പ്രചാരണമാണ് കേരള സ്റ്റോറി എന്ന സിനിമയിലൂടെ നടത്തുന്നത്. അതിനെ ബഹുമുഖമായി നേരിടുക എന്നതാണ് ലക്ഷ്യം. ബീഫ് ഫെസ്റ്റ് നടത്തി നേരിടുക എന്നത് മാത്രമല്ല, കേരള സ്റ്റോറിയുടെ എല്ലാ തരത്തിലുള്ള അപകടങ്ങളെയും തുറന്നുകാട്ടും. ആ സിനിമ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും.

ആദ്യഘട്ടമെന്നോണമാണ് ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. അത് ബീഫ് ഫെസ്റ്റില്‍ മാത്രം ഒതുങ്ങില്ല. ബീഫ് ഫെസ്റ്റിനൊപ്പം ഡോക്യുമെൻ്റെറികള്‍ അടക്കം സംഘടിപ്പിക്കും. എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ചായിരിക്കും ക്യാമ്പെയ്ന്‍’, പിഎസ് സഞ്ജീവ് പറഞ്ഞു.

ബീഫ് ഫെസ്റ്റിനെ എതിര്‍ത്തുകൊണ്ടുള്ള എംഎസ്എഫ് അടക്കമുള്ള സംഘടനകളുടെ വിമര്‍ശനത്തോടും സഞ്ജീവ് പ്രതികരിച്ചു. വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സഞ്ജീവ് പറഞ്ഞു. മതനിരപേക്ഷ വാദികളെന്ന് സ്വയം വാദിക്കുന്നവരാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍. അവരാണ് ഭക്ഷണത്തിനൊപ്പം മതം ചാര്‍ത്തി നല്‍കുന്നത്.

ഭക്ഷണത്തിനൊപ്പം മതം ചാര്‍ത്തി നല്‍കേണ്ട കാര്യമില്ല. ഭക്ഷണത്തിന് എന്ത് മതം? ഇഷ്ടമുള്ള ഭക്ഷണം ആവശ്യാനുസരണം കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. ബീഫ് ആണെങ്കിലും എന്താണെങ്കിലും താത്പര്യമുള്ളവര്‍ മാത്രം കഴിച്ചാല്‍ മതി. പൊതുജനങ്ങള്‍ക്ക് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുമെന്നും സഞ്ജീവ് പറഞ്ഞു.

കേരള സ്റ്റോറി 2-നെതിരെ ബീഫ് ഫെസ്റ്റ് നടത്തുമെന്ന എസ്എഫ്‌ഐയുടെ പ്രഖ്യാപനത്തിന് പിന്നാലെ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സികെ നജാഫായിരുന്നു രംഗത്തെത്തിയത്. ബീഫ് ഫെസ്റ്റ് നടത്തിയാല്‍ കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷം ഇക്കിളിപ്പെടുമെന്നോ ഒപ്പം നില്‍ക്കുമെന്നോ ഉള്ള തെറ്റിദ്ധാരണ സിപിഐഎമ്മിന് ഇപ്പോഴുമുണ്ടോ എന്ന് ചോദിച്ച് ഫേസ്ബുക്കിലൂടെ ആയിരുന്നു സികെ നജാഫ് രംഗത്തെത്തിയത്. വിശ്വാസവും വര്‍ഗീയതയും കമ്മ്യൂണിസ്റ്റുകാരന് ഒരു പോലെയാണെന്നും വിശ്വാസികളെല്ലാം വര്‍ഗീയ വാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും സികെ നജാഫ് പറഞ്ഞിരുന്നു.

ആര്‍എസ്എസിനെ നേരിടാന്‍ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനുമാകില്ല. കേരളത്തിലെ ഹൈന്ദവരില്‍ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. കഴിക്കുന്നവര്‍ കഴിക്കട്ടെ, പക്ഷെ അത് നിഷിദ്ധമാണെന്ന് വിശ്വാസപൂര്‍വം കരുതുന്ന ഒരു ചെറിയ വിഭാഗം വിശ്വാസികളുണ്ടെങ്കില്‍ അവരെയും നാം ബഹുമാനിക്കണം. ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന വിശ്വാസികള്‍ക്ക് മുന്നില്‍ ബീഫ് ഫെസ്റ്റ് നടത്തി അവരുടെ വികാരം വ്രണപ്പെടുത്തരുത്. വിശ്വാസികളെല്ലാം ആര്‍എസ്എസുകാർ അല്ലെന്നും സികെ നജാഫ് പറഞ്ഞിരുന്നു.

ഇതിനെതിരെ എസ്എഫ്‌ഐ സംസ്ഥാന ജോയിന്റെ സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ് രംഗത്തെത്തി. ‘കേരള സ്റ്റോറി’ വിഷയത്തില്‍ എംഎസ്എഫ് സ്വീകരിക്കുന്ന വിചിത്ര നിലപാട് കേരളത്തിൻ്റെ മതേതരപാരമ്പര്യത്തെ ഒറ്റുകൊടുക്കുന്നതും സംഘപരിവാറിൻ്റെ വര്‍ഗീയ രാഷ്ട്രീയത്തിന് വളം പകരുന്നതും ആണെന്നുമായിരുന്നു സയ്യിദ് മുഹമ്മദ് സാദിഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്.

സംഭവം വിവാദമായതോടെ ബീഫ് ഫെസ്റ്റിനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ് നജാഫ് വീണ്ടും രംഗത്തെത്തി. ബിജെപിയും സിപിഐഎമ്മും വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് നജാഫ് പറഞ്ഞു. വിശ്വാസികളെ ആര്‍എസ്എസിൻ്റെ ആലയില്‍ കെട്ടരുതെന്നും നജാഫ് റിപ്പോർട്ടറിനോട് പറഞ്ഞു.

ബീഫ് ഫെസ്റ്റിനെതിരെ മുസ്‌ലിം ലീഗും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ബീഫ് ഫെസ്റ്റ് പ്രകോപന സമര മുറയാണെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. ആര്‍എസ്എസിനെ പോലെ ധ്രുവീകരണമുണ്ടാക്കാനാണ് സിപിഐഎം ശ്രമമെന്നും മുസ്‌ലിം വോട്ട് ലക്ഷ്യമിട്ടാണ് നീക്കമെന്നും പിഎംഎ സലാം പറഞ്ഞു. ബീഫ് ഫെസ്റ്റ് ഒരു പ്രചാരണ വേലയാണെന്നും രാഷ്ട്രീയ താല്‍പര്യത്തിൻ്റെ അടിസ്ഥാനത്തില്‍ നടക്കുന്നത് ആണെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

പിഎം ശ്രീയില്‍ സംസ്ഥാനം ഒപ്പുവെച്ചപ്പോള്‍ അടക്കം മൗനം പാലിച്ച എസ്എഫ്‌ഐ നിലവില്‍ സംഘപരിവാറിനെതിരെ ബീഫ് ഫെസ്റ്റ് നടത്തുന്നത് രാഷ്ട്രീയ കാപട്യമാണെന്ന് ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫില്‍ പറഞ്ഞത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.