തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൽ ഉദ്യോഗസ്ഥർ നടത്തിയ ഗുരുതര ക്രമക്കേടുകളും കൈക്കൂലി ഇടപാടുകളും പുറത്തുകൊണ്ടുവന്ന് മുൻ എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. എക്‌സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പാണ് കൈക്കൂലി ആരോപണങ്ങൾ അടങ്ങിയ നിർണായക റിപ്പോർട്ട് അദ്ദേഹം സർക്കാരിന് സമർപ്പിച്ചത്. ഉന്നത ഉദ്യോഗസ്ഥർ ബാർ ഉടമകളിൽ നിന്നും മറ്റും വൻതോതിൽ പണം കൈപ്പറ്റിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
1. ജെഇസി വിനോദിനെതിരെയുള്ള ആരോപണങ്ങൾ
- എക്‌സൈസ് കമ്മീഷണറേറ്റിൽ ജോയിന്റ് എക്‌സൈസ് കമ്മീഷണറായി (JEC) സേവനമനുഷ്ഠിക്കുന്ന വിനോദ്, ഗംഗ ബാർ നടത്തിപ്പുകാരന് ലൈസൻസ് സംബന്ധമായ കാര്യങ്ങളിൽ എല്ലാ സഹായങ്ങളും ചെയ്തു നൽകി.
- ആലപ്പുഴ ഡിസിയായിരിക്കെ ബാർ ഉടമകളുമായി അടുത്ത ബന്ധം പുലർത്തി. ആലപ്പുഴ ജില്ലയിൽ ഇൻസ്പെക്ഷന് പോകുമ്പോൾ ബാർ ഉടമ 30,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായി വിവരമുണ്ട്.
- ബാറുകളുടെ സമയക്രമം, ലൈസൻസ് ദീർഘിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി മൂവാറ്റുപുഴ ഗംഗ ബാറിൽ നിന്ന് മാത്രം വിനോദ് 50,000 രൂപ വാങ്ങിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻപും പല കേസുകളിലും പെട്ടിട്ടുള്ള ഇയാൾ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.
2. ഡിസി അജയിനെതിരെയുള്ള ഗുരുതര കണ്ടെത്തലുകൾ
- ആലപ്പുഴ ഡിസിയായ അജയ്, കായംകുളം കുറ്റിച്ചിറയിലുള്ള റോമ സെന്റർ ബാറിൽ ഇൻസ്പെക്ഷന് പോകുമ്പോൾ 30,000 രൂപ ആവശ്യപ്പെട്ടു. എക്‌സൈസ് മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ് ഈ ബാർ ഉടമ.
- ഓണത്തിന് ശേഷം ഇതേ ബാറിൽ നിന്ന് ലൈസൻസ് പുതുക്കുന്നതിനായി 20,000 രൂപ കൂടി വാങ്ങി.
- ക്രമവിരുദ്ധമായി ഒരു കള്ള് ഷാപ്പിന്റെ ലൈസൻസ് രണ്ട് കെട്ടിടങ്ങൾക്ക് നൽകിയതിലൂടെ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി. കോട്ടയം ഡിസിയായിരിക്കെ പോർട്ടലിൽ വന്ന പരാതിയിൽ അന്വേഷണം അട്ടിമറിച്ചു.
- തന്റെ കോ-ബ്രദറെക്കൊണ്ട് രണ്ടോ മൂന്നോ ബാറുകൾ ലീസിനും വിലയ്ക്കും വാങ്ങി പ്രവർത്തിപ്പിക്കുന്നുണ്ട്. പെർമിറ്റ് കള്ളിന്റെ വിൽപ്പനയും നിരവധി ബിനാമി വസ്തുവകകളും ഇയാൾ സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
‘സന്തോഷം’ എന്ന പേരിൽ കൈക്കൂലി; ഏജന്റുമാർ വഴി പണപ്പിരിവ്
ബാറുടമകൾ തങ്ങൾക്ക് ലഭിക്കുന്ന ലാഭത്തിന്റെ 10% വരെ കൈക്കൂലിയായി ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാറുകളിലെ കണക്കുകളിൽ ‘സന്തോഷം’ എന്ന പേരിലാണ് ഈ തുക രേഖപ്പെടുത്തിയിരുന്നത്. വിജിലൻസ് ഇത് കണ്ടെത്തിയതിനെ തുടർന്നാണ് ഈ രീതി നിർത്തിയത്. ജെഇസി വിനോദും ഡിസി അജയിയും ചില പ്രത്യേക ചാനലുകൾ വഴി ഏജന്റുമാരെ ഉപയോഗിച്ചാണ് പണം വാങ്ങിയിരുന്നത്.
സർക്കാരിന് നൽകിയ ശുപാർശകൾ
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളുടെ പശ്ചാത്തലത്തിൽ ഇരുവരെയും അടിയന്തരമായി ഫീൽഡ് പോസ്റ്റുകളിൽ നിന്ന് മാറ്റി എപിസി, ഇസിആർബി, ടോഡ് ബോർഡ് തുടങ്ങിയ ഓഫീസുകളിലേക്ക് മാറ്റണമെന്നാണ് സീറാം സാംബശിവ റാവുവിന്റെ പ്രധാന നിർദ്ദേശം. കൂടാതെ ഇവർക്കെതിരെ ശക്തമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.


