...
Home News International മ്യൂണിക്കിലെ യഹൂദവിരുദ്ധ ആക്രമണ തീപിടിത്തം; 55 വർഷത്തിന് ശേഷം പ്രതിയെ തിരിച്ചറിഞ്ഞു

മ്യൂണിക്കിലെ യഹൂദവിരുദ്ധ ആക്രമണ തീപിടിത്തം; 55 വർഷത്തിന് ശേഷം പ്രതിയെ തിരിച്ചറിഞ്ഞു

നിയമപരമായ നടപടികൾക്ക് സാധ്യതയില്ലെങ്കിലും, ചരിത്രത്തിലെ നിർണായകമായ ഈ കേസിൽ യഥാർഥ പ്രതിയെ തിരിച്ചറിഞ്ഞത് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിൽ പ്രധാന നേട്ടമായാണ് ജർമ്മൻ അധികൃതർ വിലയിരുത്തുന്നത്.

3

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജർമ്മനിയിലെ ഏറ്റവും വലിയ യഹൂദവിരുദ്ധ ആക്രമണങ്ങളിലൊന്നിന്റെ പ്രതിയെ 55 വർഷത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. 1970 ഫെബ്രുവരി 13ന് മ്യൂണിക്കിലെ യഹൂദ കമ്മ്യൂണിറ്റി കെട്ടിടത്തിന് തീയിട്ട് ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നിൽ 2020ൽ മരിച്ച 25കാരനായ നവനാസി ആശയക്കാരനാണെന്ന് ജർമ്മൻ പൊലീസും പ്രോസിക്യൂട്ടർമാരും വ്യക്തമാക്കി.

സംഭവദിവസം റീചെൻബാക്ക്സ്ട്രാസിലെ യഹൂദ കമ്മ്യൂണിറ്റി കെട്ടിടത്തിലെ വൃദ്ധസദനത്തിന്റെ മരപ്പടികളിൽ പെട്രോൾ ഒഴിച്ചാണ് ഇയാൾ തീ കൊളുത്തിയത്. തീ അതിവേഗം കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് പടർന്നതോടെ 59നും 71നും ഇടയിൽ പ്രായമുള്ള ഏഴ് ഹോളോകോസ്റ്റ് അതിജീവിതർ വെന്തുമരിച്ചു. ആക്രമണത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

ആക്രമണത്തിന് തൊട്ടുമുമ്പ് യഹൂദർക്കെതിരെ ഇയാൾ നടത്തിയ വിദ്വേഷപരമായ പരാമർശങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യഹൂദരെ തീയിട്ട് കൊല്ലണമെന്ന തരത്തിലുള്ള പ്രസ്താവനകൾ ഇയാൾ നടത്തിയിരുന്നതായി പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. ഇതോടെ ആക്രമണം യഹൂദവിരുദ്ധ ആശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുകയായിരുന്നു.

പ്രതി 2020ൽ മരിച്ചതിനാൽ ഇയാൾക്കെതിരെ ഇനി നിയമനടപടി സ്വീകരിക്കാൻ സാധിക്കില്ല. എന്നാൽ മരണശേഷം ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2025 ഏപ്രിലിൽ അന്വേഷണം പുനരാരംഭിച്ചിരുന്നു. തുടർന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ഔദ്യോഗികമായി തിരിച്ചറിഞ്ഞത്.

നിയമപരമായ നടപടികൾക്ക് സാധ്യതയില്ലെങ്കിലും, ചരിത്രത്തിലെ നിർണായകമായ ഈ കേസിൽ യഥാർഥ പ്രതിയെ തിരിച്ചറിഞ്ഞത് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിൽ പ്രധാന നേട്ടമായാണ് ജർമ്മൻ അധികൃതർ വിലയിരുത്തുന്നത്. അന്വേഷണത്തോടെ കേസിന്റെ ഔദ്യോഗിക നടപടികൾ അവസാനിപ്പിച്ചതായും പ്രോസിക്യൂട്ടർമാർ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.