കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പിന് ഇരയായി മകനെ കൊന്ന് ആത്മഹത്യ ചെയ്‌ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരുമകൾ പത്മജയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ‘കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇര കൂടി’ എന്നാണ് കുറിപ്പിൽ പത്മജ എഴുതിയിരിക്കുന്നത്. കൈഞരമ്പ് മുറിച്ച ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്‌തികരം ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിൻ്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് പത്മജ രംഗത്ത് വന്നിരുന്നു. എൻഎം വിജയൻ്റെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നടപടി എടുക്കുമെന്ന് പറയുമ്പോഴും, ആ ഉറപ്പുകളെ ഒരു ശതമാനം പോലും വിശ്വസിക്കുന്നില്ലെന്നും അച്ഛൻ മരിച്ച് ഒരു വർഷത്തോട് അടുത്തിട്ടും കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ ഒരു ശതമാനം പോലും വിശ്വാസമില്ല എന്നും അവർ കൈരളി ന്യൂസിനോട് കഴിഞ്ഞ ദിവസം പറഞ്ഞു.
കോൺഗ്രസ് പാർട്ടിയെ വിശ്വസിക്കുന്നവരെ അവർ ചതിച്ചു കൊണ്ടിരിക്കുക ആണെന്ന് പത്മജ പറയുന്നു. അച്ഛൻ ഇത്രയും വർഷം പാർട്ടിക്ക് വേണ്ടി മാത്രം ജീവിച്ച വ്യക്തിയാണ്. പാർട്ടിയിൽ നിന്ന് ഒരു രൂപ പോലും സമ്പാദിക്കാത്ത, സ്വന്തം സ്വത്ത് മുഴുവൻ പാർട്ടിക്ക് വേണ്ടി നൽകി ഒന്നുമില്ലാതായിപ്പോയ ഒരാളായിരുന്നു അച്ഛൻ. എന്നാൽ, അങ്ങനെയുള്ള തങ്ങളോട് അവർ ഒരു നീതിയും കാണിക്കുന്നില്ല. പറഞ്ഞ വാക്കുകൾ അവർ വീണ്ടും വീണ്ടും തെറ്റിക്കുകയാണ്.
അച്ഛൻ വിശ്വസിച്ച പാർട്ടിയോടൊപ്പം നിന്നവരാണ് തങ്ങളെന്നും, എന്നാൽ കോൺഗ്രസ് നേതാക്കൾ തങ്ങളെ ചതിക്കുക ആണെന്നും പത്മജ പറഞ്ഞിരുന്നു.



